---
title: "ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂൾ മുറ്റത്ത് പ്രതിഷേധവുമായി വിദ്യാർഥികൾ; അധ്യാപിക രാജി വയ്ക്കണമെന്ന് ആവശ്യം"
english_title: "Suicide of class 9 student Students protest in school yard; demand teacher's resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320833/suicide-of-class-9-student-students-protest-in-school-yard-demand-teachers-resignation"
published_at: "2025-10-16T10:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0808d28345_fgfdg.jpg"
keywords: []
---

# ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂൾ മുറ്റത്ത് പ്രതിഷേധവുമായി വിദ്യാർഥികൾ; അധ്യാപിക രാജി വയ്ക്കണമെന്ന് ആവശ്യം

> **Lead Summary:** **പാലക്കാട്: [ പ**ല്ലൻചാത്തന്നൂരിൽ 14കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി കണ്ണാടി സ്കൂൾ വിദ്യാർഥികൾ. സ്കൂൾ മുറ്റത്ത് ഇറങ്ങി നിന്ന് അധ്യാപികയ്ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുനാണ് മരിച്ചത്. അർജുൻ്റെ മരണത്തിന് പിന്നിൽ ക്ലാസ് ടീച്ചറാണെന്ന് ആരോപിച്ച വിദ്യാർഥികൾ, ഇവർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

## Article Content

**പാലക്കാട്: [ പ**ല്ലൻചാത്തന്നൂരിൽ 14കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി കണ്ണാടി സ്കൂൾ വിദ്യാർഥികൾ. സ്കൂൾ മുറ്റത്ത് ഇറങ്ങി നിന്ന് അധ്യാപികയ്ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുനാണ് മരിച്ചത്. അർജുൻ്റെ മരണത്തിന് പിന്നിൽ ക്ലാസ് ടീച്ചറാണെന്ന് ആരോപിച്ച വിദ്യാർഥികൾ, ഇവർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ബുധനാഴ്ചയോടെയാണ് അർജുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് ക്ലാസ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

മെസേജ് അയച്ചതിന് പിന്നാലെ അർജുനോട് അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുമെന്ന് പറഞ്ഞു. ഇവർ കുട്ടിയെ ജയിലിലടക്കുമെന്ന് പറഞ്ഞതായും പരാതിയിൽ കുടുംബം ആരോപിക്കുന്നു.

അധ്യാപിക ക്ലാസിൽ വച്ച് അർജുനെ മാനസികമായി തളർത്തുന്ന രീതിയിൽ സംസാരിച്ചെന്നാണ് വിദ്യാർഥികളും പറയുന്നത്. സാധാരണഗതിയിൽ പരിഹരിക്കാവുന്ന വിഷയം വലിയ പ്രശ്നമാക്കി. ഒന്നര വർഷത്തോളം ജയിലിൽ കിടക്കുമെന്ന് ടീച്ചർ അർജുനോട് പറഞ്ഞിരുന്നു.ടീച്ചർ അടിച്ചിട്ടുണ്ടെന്നും ഒരു വിദ്യാർഥിക്കും താങ്ങാൻ കഴിയാത്ത സംസാരമാണ് ടീച്ചറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും വിദ്യാർഥികൾ പറയുന്നു.

അതേസമയം, ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് സ്കൂൾ അധികൃതർ. അധ്യാപിക സാധാരണ രീതിയിൽ മാത്രമാണ് സംസാരിച്ചത്. ഇൻസ്റ്റഗ്രാമിൽ ചാറ്റിങ് കണ്ടതിന് പിന്നാലെ എല്ലാ കുട്ടികൾക്കും ബോധവത്കരണം നടത്താനാണ് ടീച്ചർ ശ്രമിച്ചത്. സൈബർ സെൽ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും പ്രധാനധ്യാപിക പറയുന്നു. ഇതിന് പുറമെ കുട്ടിക്ക് വീട്ടിലും ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്നും അധ്യാപിക പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320833/suicide-of-class-9-student-students-protest-in-school-yard-demand-teachers-resignation)