---
title: "'മര്യാദകേട് കാണിച്ചാൽ പൊലീസ് സ്റ്റേഷനിൽ കയറി തല്ലും, മുട്ടുകാല് തല്ലിയൊടിക്കും; പൊലീസിനെതിരെ ബിജെപി നേതാവിന്‍റെ ഭീഷണി"
english_title: "BJP leader made a threatening speech against the police in Vannapuram, Idukki."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320652/bjp-leader-made-a-threatening-speech-against-the-police-in-vannapuram-idukki"
published_at: "2025-10-15T10:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef2a302f64c_bjp.jpg"
keywords: []
---

# 'മര്യാദകേട് കാണിച്ചാൽ പൊലീസ് സ്റ്റേഷനിൽ കയറി തല്ലും, മുട്ടുകാല് തല്ലിയൊടിക്കും; പൊലീസിനെതിരെ ബിജെപി നേതാവിന്‍റെ ഭീഷണി

> **Lead Summary:** ഇടുക്കിയിലെ വണ്ണപ്പുറത്ത് പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. 'പൊലീസ് സ്റ്റേഷനിൽ കയറി തല്ലിയിട്ടുണ്ട്, ഇനിയും തല്ലും, മുട്ടുകാല് തല്ലിയൊടിക്കും' എന്നാണ് വണ്ണപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി സുരേഷിന്റെ ഭീഷണി.

## Article Content

ഇടുക്കിയിലെ വണ്ണപ്പുറത്ത് പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. 'പൊലീസ് സ്റ്റേഷനിൽ കയറി തല്ലിയിട്ടുണ്ട്, ഇനിയും തല്ലും, മുട്ടുകാല് തല്ലിയൊടിക്കും' എന്നാണ് വണ്ണപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി സുരേഷിന്റെ ഭീഷണി.

'അനാവശ്യമായി ഞങ്ങളുടെ പ്രവർത്തകരുടെ നേരെ വന്നാൽ മുട്ടുകാൽ തല്ലിയൊടിക്കും. തല്ലിയൊടിക്കുമെന്ന് പറഞ്ഞാൽ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് തന്നെയാണ് അതിന്റെ പച്ചമലയാളം. തല്ലിയിട്ടുമുണ്ട്. സി ഐയുടെ ഓഫീസിൽ കയറി തല്ലിയിട്ടുണ്ട്. കസേര കൊണ്ട് തല്ലിയിട്ടുണ്ട്.

അത് പഴയ എസ്‌ഐയോട് ചോദിച്ചാൽ മതി. മര്യാദകേട് കാണിച്ചാൽ പൊലീസ് സ്റ്റേഷനിൽ കയറി തല്ലും' എന്നാണ് കാളിയാർ പൊലീസ് സ്റ്റേഷനു മുമ്പിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ നേതാവ് പറഞ്ഞത്.

സിപിഐഎം പ്രവർത്തകരുടെ പരാതിയിൽ സുരേഷിനെതിരെ പൊലീസ് കലാപശ്രമത്തിന് കേസെടുത്തു. എന്നാൽ സിപിഐഎമ്മിന്റെ വ്യാജ പരാതിയിൽ തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നുമാണ് സുരേഷിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം വണ്ണപ്പുറം പഞ്ചായത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയില്‍ അനധികൃതമായി മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചതിനും കലാപശ്രമത്തിനും സുരേഷ് ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320652/bjp-leader-made-a-threatening-speech-against-the-police-in-vannapuram-idukki)