---
title: "വളയത്ത് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിഫോമിന് രക്ഷിതാക്കളിൽ നിന്ന് വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്ന് പരാതി"
english_title: "Complaint that the money purchased from parents for the Student Police Cadet Uniform in Valayam was not returned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320403/complaint-that-the-money-purchased-from-parents-for-the-student-police-cadet-uniform-in-valayam-was-not-returned"
published_at: "2025-10-13T19:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed00ba9f2c3_studentpolice.jpg"
keywords: []
---

# വളയത്ത് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിഫോമിന് രക്ഷിതാക്കളിൽ നിന്ന് വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്ന് പരാതി

> **Lead Summary:** **കോഴിക്കോട്: **നാദാപുരം വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിലവിലെ പത്താം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് സ്റ്റുഡൻ്റ് പോലീസ് യൂണിഫോമിനായി വാങ്ങിച്ച തുക ഇതുവരെ തിരിച്ചു നൽകിയില്ലെന്ന് രക്ഷിതാക്കളുടെ പരാതി.

## Article Content

**കോഴിക്കോട്: **നാദാപുരം വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിലവിലെ പത്താം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് സ്റ്റുഡൻ്റ് പോലീസ് യൂണിഫോമിനായി വാങ്ങിച്ച തുക ഇതുവരെ തിരിച്ചു നൽകിയില്ലെന്ന് രക്ഷിതാക്കളുടെ പരാതി.

സർക്കാരിൽ നിന്നും യൂണിഫോം അലവൻസ് ലഭിക്കാൻ രണ്ടോ മൂന്നോ മാസം വൈകും എന്നും പെട്ടെന്ന് തന്നെ യൂണിഫോം ലഭിക്കാൻ അഡ്വാൻസ് പണം തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് 2000 രൂപ വരെ പിരിച്ചെടുത്തുവെന്നും എന്നാൽ കുട്ടികൾ എസ്പിസി പാസിംഗ് ഔട്ട് കഴിഞ്ഞിട്ടും പൈസ തിരിച്ചു നൽകിയില്ല എന്നതാണ് രക്ഷിതാക്കളുടെ പരാതി.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് യു ജില്ലാ പ്രസിഡണ്ട് വി.ടി. സൂരജ് പോലീസിലും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. എസ്പിസിയുടെ വിവിധ ക്യാമ്പുകളുടെ ഭക്ഷണ ചെലവിലേക്ക് എന്നും പറഞ്ഞ് കുട്ടികളിൽ നിന്നും പണം പിരിച്ചെടുത്തതായും രക്ഷിതാക്കൾ പരാതിപ്പെടുന്നു.

സമീപത്തെ വിദ്യാലയങ്ങളിൽ സൗജന്യമായാണ് എസ്പിസി പ്രവർത്തനം. യൂണിഫോമിനായി മുൻകൂട്ടി വാങ്ങിയ തുക ഫണ്ട് ലഭ്യമായ ഉടനെ വിതരണം നടത്തിയിട്ടുമുണ്ട്. എസ്പിസിയുടെ നടത്തിപ്പിനായി സർക്കാർ കൃത്യമായ ഫണ്ട് അനുവദിക്കുമ്പോൾ ഈ നിർബന്ധിത പിരിവ് നടത്തുന്നത് അഴിമതിയാണെന്ന് കെഎസ്‌യു പ്രസിഡൻറ് അഭിപ്രായപ്പെട്ടു.

എന്നാൽ യൂണിഫോം ഇനത്തിൽ 38,000 രൂപയോളം നിലവിലെ പത്താം ക്ലാസ് കുട്ടികൾക്ക് നൽകാൻ ഉണ്ടെന്നും അത് ഉടൻ നൽകുമെന്നും. ക്യാമ്പ് നടത്തിയ വകയിൽ ഭക്ഷണത്തിനായി വക മാറ്റിയതാണ് പ്രസ്തുത തുക എന്നും പ്രിൻസിപ്പൽ മനോജ് കുമാർ അറിയിച്ചു.

എസ്പിസി കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ഭക്ഷണത്തിനായും ക്യാമ്പുകളുടെ പേരിലും യൂണിഫോമിന്റെ പേരിലും പിരിച്ചെടുത്ത പണത്തിന്റെ കൃത്യമായ കണക്ക് അവതരിപ്പിക്കണമെന്നും. മറ്റു സ്കൂളുകളിലെ പോലെ എസ്പിസിയുടെ രക്ഷിതാക്കളുടെ മീറ്റിങ്ങും സ്കൂതല എസ് പി സി ഉപദേശക സമിതിയും രൂപീകരിച്ചു കൃത്യമായ പ്രവർത്തനം നടത്തണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെടുന്നു.എസ്പിസി രക്ഷിതാക്കളുടെ കമ്മിറ്റി യോ ഉപദേശക സമിതിയോ വളയം ഹൈസ്കൂളിൽ നിലവിലില്ല എന്നതും രക്ഷിതാക്കൾ ഒരു പരാതിയായി ഉന്നയിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320403/complaint-that-the-money-purchased-from-parents-for-the-student-police-cadet-uniform-in-valayam-was-not-returned)