---
title: "'അമ്മയെയും സഹോദരിയെയും  ഓർത്താണ് ഒന്നും ചെയ്യാതിരുന്നത്’; ആർഎസ്എസിനെതിരെ കുറിപ്പ്, യുവാവിന്റെ ആത്മഹത്യയിൽ പൊലീസ് കേസ് എടുത്തു"
english_title: "Police register case in suicide of youth after note against RSS"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320122/police-register-case-in-suicide-of-youth-after-note-against-rss"
published_at: "2025-10-12T08:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb14817ca4d_kottayam.jpg"
keywords: []
---

# 'അമ്മയെയും സഹോദരിയെയും  ഓർത്താണ് ഒന്നും ചെയ്യാതിരുന്നത്’; ആർഎസ്എസിനെതിരെ കുറിപ്പ്, യുവാവിന്റെ ആത്മഹത്യയിൽ പൊലീസ് കേസ് എടുത്തു

> **Lead Summary:** **കോട്ടയം: ** ആർഎസ്‌എസ്‌ ക്യാമ്പിൽ ലൈംഗികാതിക്രമം നേരിട്ട യുവാവ്‌ ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത്‌ പൊലീസ്‌. സിപിഐ എം എലിക്കുളം ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്‌ഐ വാഴൂർ ബ്ലോക്ക്‌ കമ്മിറ്റിയും നൽകിയ പരാതിയിലാണ്‌ പൊൻകുന്നം പൊലീസ്‌ കേസെടുത്തത്‌. ആർഎസ്‌എസ്‌ ക്യാമ്പിൽ ക്രൂരമായ ലൈംഗിക പീഡനം നേരിട്ടുവെന്ന്‌ ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ട ശേഷം കോട്ടയം വഞ്ചിമല ചാമക്കാലയിൽ അനന്ദു അജി കഴിഞ്ഞ ദിവസമാണ്‌ ജീവനൊടുക്കിയത്‌. മരണശേഷം പുറത്തു വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു പോസ്റ്റിട്ടത്.

## Article Content

**കോട്ടയം: ** ആർഎസ്‌എസ്‌ ക്യാമ്പിൽ ലൈംഗികാതിക്രമം നേരിട്ട യുവാവ്‌ ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത്‌ പൊലീസ്‌. സിപിഐ എം എലിക്കുളം ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്‌ഐ വാഴൂർ ബ്ലോക്ക്‌ കമ്മിറ്റിയും നൽകിയ പരാതിയിലാണ്‌ പൊൻകുന്നം പൊലീസ്‌ കേസെടുത്തത്‌. ആർഎസ്‌എസ്‌ ക്യാമ്പിൽ ക്രൂരമായ ലൈംഗിക പീഡനം നേരിട്ടുവെന്ന്‌ ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ട ശേഷം കോട്ടയം വഞ്ചിമല ചാമക്കാലയിൽ അനന്ദു അജി കഴിഞ്ഞ ദിവസമാണ്‌ ജീവനൊടുക്കിയത്‌. മരണശേഷം പുറത്തു വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു പോസ്റ്റിട്ടത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന്‌ കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി സാജു വർഗീസ്‌ പറഞ്ഞു. അനന്ദുവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് വിവരങ്ങൾ ശേഖരിക്കും. പൊൻകുന്നം എസ്എച്ച്ഒയ്ക്കാകും അന്വേഷണ ചുമതല.


തന്നെപോലെ നിരവധി കുട്ടികൾ ഇത്തരത്തിൽ ക്രൂര പീഡനങ്ങൾക്ക്‌ ഇരയാകുന്നുണ്ടെന്നും ഇവരെ രക്ഷപ്പെടുത്തി ക‍ൗൺസലിങ് ഉൾപ്പെടെ നൽകണമെന്നും മരണമൊഴിയായി ഇൻസ്റ്റഗ്രാമിലിട്ട കുറിപ്പിൽ പറഞ്ഞിരുന്നു.

ആർഎസ്എസ് പ്രവർത്തകർക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങൾ. നാലു വയസ്സ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും ആർഎസ്എസ് ക്യാംപിൽനിന്നാണ് ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തിൽ ആയി. അമ്മയെയും സഹോദരിയെയും ഓർത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നു. അനന്തുവിന്റെ അച്ഛൻ അജി ജീവിച്ചിരിപ്പില്ല.

ആർഎസ്എസിൽ ഇരകൾ വേറെയുമുണ്ട്. സംഘടനയിൽനിന്നു പുറത്തുവന്നതു കൊണ്ടാണ് ഇത് പുറത്തു പറയാൻ കഴിയുന്നതെന്നും യുവാവിന്റെ കുറിപ്പിൽ പറയുന്നു. പിതാവാണ് ആർഎസ്എസിലേക്കു തന്നെ കൊണ്ടുവന്നതെന്നും മാതാപിതാക്കൾ കുട്ടികളെ സ്നേഹം നൽകി വളർത്തണമെന്നും അവരെ കേൾക്കാൻ തയാറാകണമെന്നും കുറിപ്പിലുണ്ട്.

മറ്റൊരു പോസ്റ്റ് കൂടി വൈകാതെ പ്രത്യക്ഷപ്പെടുമെന്നും അനന്തുവിന്റെ കുറിപ്പിൽ പറയുന്നുണ്ട്. അനന്തു സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു. കഴി‍ഞ്ഞ ദിവസമാണ് തിരുവനന്തപുരത്തേക്കു പോയത്. അനന്തുവിന്റെ മൃതദേഹം സംസ്കരിച്ചു. അനന്തുവിന്റെ കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന ‘എൻ.എം’ എന്ന ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്യണം എന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയിലെ ആവശ്യം. ഡിവൈഎഫ്ഐ പ്രവർത്തകർ പൊൻകുന്നത്ത് പ്രതിഷേധ പ്രകടനവും നടത്തി.

ചെറുപ്പം മുതൽ താമസിച്ച എലിക്കുളം തമ്പലക്കാടിലും പരിസര പ്രദേശങ്ങളിലുമുള്ള ആർഎസ്‌എസുകാർ അനന്ദുവിനെ ലൈംഗികമായി ഉപദ്രവിച്ച കാര്യം കുറിപ്പിലൂടെ വ്യക്തമാണെന്നും പ്രതികളെ മുഴുവൻ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ പറഞ്ഞു. വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മീഷന് ഡിവൈഎഫ്ഐ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320122/police-register-case-in-suicide-of-youth-after-note-against-rss)