---
title: "'ശബരിമല വിവാദം മായ്ക്കാൻ പ്രതിപക്ഷത്തെ ഒരു നേതാവിനെ കൊല്ലാൻ പോലും സർക്കാർ മടിക്കില്ല' -പി കെ ഫിറോസ്"
english_title: "The government will not hesitate to kill even an opposition leader to clear up the Sabarimala controversy PK Firoz"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320040/the-government-will-not-hesitate-to-kill-even-an-opposition-leader-to-clear-up-the-sabarimala-controversy-pk-firoz"
published_at: "2025-10-11T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea28bc25a4f_gggd.jpg"
keywords: []
---

# 'ശബരിമല വിവാദം മായ്ക്കാൻ പ്രതിപക്ഷത്തെ ഒരു നേതാവിനെ കൊല്ലാൻ പോലും സർക്കാർ മടിക്കില്ല' -പി കെ ഫിറോസ്

> **Lead Summary:** കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫിയെ അടിച്ചിട്ടില്ലെന്ന വാദം തെറ്റാണെന്നും ദൃശ്യങ്ങളിൽ നിന്ന് അടിക്കുന്നത് വ്യക്തമാണെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഏത് നേതാവ് പറഞ്ഞിട്ടാണ് ഷാഫിയെ മർദ്ദിച്ചത് എന്ന് പൊലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫിയെ അടിച്ചിട്ടില്ലെന്ന വാദം തെറ്റാണെന്നും ദൃശ്യങ്ങളിൽ നിന്ന് അടിക്കുന്നത് വ്യക്തമാണെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഏത് നേതാവ് പറഞ്ഞിട്ടാണ് ഷാഫിയെ മർദ്ദിച്ചത് എന്ന് പൊലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ പുറത്ത് വന്നിട്ടുണ്ടെന്നും എന്നിട്ടും സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നുവെന്നും ഫിറോസ് പ്രതികരിച്ചു. ആശുപത്രിയിലെത്തി ഷാഫിയെ കണ്ടുവെന്നും അദ്ദേഹത്തിൻ്റെ മൂക്കിന് മൂന്ന് പൊട്ടലുണ്ടെന്നും ഫിറോസ് പറഞ്ഞു.

കേരളത്തിലെ ആഭ്യന്തര മന്ത്രിക്ക് മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് ഷാഫിയെ മർദ്ദിക്കാൻ സിപിഐഎം നേതാക്കളിൽ നിന്ന് കൃത്യമായി നിർദ്ദേശം ഉണ്ടായിയെന്നും ഫിറോസ് പറഞ്ഞു. ശബരിമല വിവാദം മായ്ക്കാൻ പ്രതിപക്ഷത്തെ ഒരു നേതാവിനെ കൊല്ലാൻ പോലും സർക്കാർ മടിക്കില്ല. പൊലീസുകാരെ ഉപയോഗിച്ച് ആസൂത്രിതമായി അക്രമം നടക്കുന്നുവെന്നും ആരുടെ നിർദ്ദേശം എന്ന് വ്യക്തമാവാൻ റൂറൽ എസ്പി ബൈജുവിനെ ചോദ്യം ചെയ്യണമെന്നും ഫിറോസ് പറഞ്ഞു.

അതേസമയം ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദ്ദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പൊലീസുകാർക്കെതിരെ ന‌‌‌ടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ എം പിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

മകന് ഇഡി സമൻസ് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരു സമൻസിനു ശേഷം തുടർനടപടി ഒന്നും ഇ ഡി സ്വീകരിച്ചില്ല. ഇത് സിപിഎം ബിജെപി ബാന്ധവത്തിന് തെളിവെന്നും സതീശൻ ആരോപിച്ചു. എല്ലാം സെറ്റിൽമെന്‍റാണെന്ന് പറഞ്ഞ സതീശൻ യഥാർഥ വസ്തുത പുറത്തു വരണമെന്നും ആവശ്യപ്പെട്ടു. വിവേക് സമൻസ് ലംഘിച്ചോ എന്ന് വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320040/the-government-will-not-hesitate-to-kill-even-an-opposition-leader-to-clear-up-the-sabarimala-controversy-pk-firoz)