---
title: "  പേരാമ്പ്രയിൽ  ഷാഫിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതം, ആക്രമണങ്ങൾക്ക് പിന്നിൽ സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമം - മുല്ലപ്പള്ളി രാമചന്ദ്രൻ "
english_title: "Such attacks are an attempt to cover up the gold plating controversy - MullappallyRamachandran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319944/such-attacks-are-an-attempt-to-cover-up-the-gold-plating-controversy-mullappallyramachandran"
published_at: "2025-10-11T10:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9e72da9982_mullaplly.jpg"
keywords: []
---

#   പേരാമ്പ്രയിൽ  ഷാഫിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതം, ആക്രമണങ്ങൾക്ക് പിന്നിൽ സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമം - മുല്ലപ്പള്ളി രാമചന്ദ്രൻ 

> **Lead Summary:** പേരാമ്പ്രയിൽ യു.ഡി.എഫ് പ്രകടനത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും സി.പി.എം. ഗൂഢാലോചന നടത്തിയതാണെന്നും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

## Article Content

പേരാമ്പ്രയിൽ യു.ഡി.എഫ് പ്രകടനത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും സി.പി.എം. ഗൂഢാലോചന നടത്തിയതാണെന്നും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

ഷാഫി പറമ്പിൽ എംപിക്ക് ജനങ്ങൾക്കിടയിലുള്ള ജനസമ്മതി സിപിഎമ്മിനെ ഭയപ്പെടുത്തുന്നു എന്നതിൻ്റെ തെളിവാണ് ഈ ആക്രമണമെന്നും കൂടാതെ, സംസ്ഥാനത്തെ പ്രബലമായ സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ മകന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചിട്ടും ഹാജരാകാത്തത് അതീവ ഗൗരവതരമായ വിഷയമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു. എസ്.പി.യുടെ വാദങ്ങൾ പൊളിച്ച്, പേരാമ്പ്രയിലെ യു.ഡി.എഫ്.-സി.പി.എം. സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പിയെ പൊലീസ് ലാത്തിക്ക് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശിയിട്ടില്ലെന്നും, പ്രകോപിതരായ യു.ഡി.എഫ്. പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകം മാത്രമാണ് പ്രയോഗിച്ചതെന്നും ആയിരുന്നു പൊലീസിൻ്റെ വിശദീകരണം. അതിനിടയിൽ ആകാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പോലീസ് നിലപാട്.

എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായി നിഷേധിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷാഫിക്ക് മുന്നിൽ നിൽക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിനു നേരെ ലാത്തി വീശുന്നത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനുമാണ് പരിക്കേറ്റിരുന്നത്. നിലവിൽ അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319944/such-attacks-are-an-attempt-to-cover-up-the-gold-plating-controversy-mullappallyramachandran)