---
title: "'സിപിഎമ്മിന് വേണ്ടി എസ്പി പണിയെടുക്കണ്ട, ഷാഫിയെയും കോൺഗ്രസ് പ്രവർത്തകരെയും തല്ലിച്ചതച്ചാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല' ; രാഹുൽ മാങ്കൂട്ടത്തിൽ "
english_title: "rahul visits shafi parambil at hospital perambra conflict"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319941/rahul-visits-shafi-parambil-at-hospital-perambra-conflict"
published_at: "2025-10-11T10:33:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9e5342aba8_rahul.jpg"
keywords: []
---

# 'സിപിഎമ്മിന് വേണ്ടി എസ്പി പണിയെടുക്കണ്ട, ഷാഫിയെയും കോൺഗ്രസ് പ്രവർത്തകരെയും തല്ലിച്ചതച്ചാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല' ; രാഹുൽ മാങ്കൂട്ടത്തിൽ 

> **Lead Summary:** **കോഴിക്കോട്: ** പേരാമ്പ്രയിലെ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സന്ദർശന ശേഷം റൂറൽ എസ്പിക്കെതിരെ രൂക്ഷഭാഷയിലാണ് രാഹുൽ പ്രതികരിച്ചത്.

## Article Content

**കോഴിക്കോട്: ** പേരാമ്പ്രയിലെ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സന്ദർശന ശേഷം റൂറൽ എസ്പിക്കെതിരെ രൂക്ഷഭാഷയിലാണ് രാഹുൽ പ്രതികരിച്ചത്.

സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതിയെന്നും കൂട്ടിച്ചേർത്തു. റൂറൽ എസ്പി ബൈജു ക്രിമിനലാണെന്നും സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ചുവെന്നും രാഹുൽ ആരോപിച്ചു.

ബൈജു സി പി എം ജില്ല സെക്രട്ടറിയുടെ പൊളിറ്റിക്കൽ പ്രസ്താവന നടത്തണ്ട. ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല. സർക്കാർ എത്ര ശ്രമിച്ചാലും ശബരിമല തട്ടിപ്പിൽ സത്യം പുറത്ത് വരും വരെ പ്രക്ഷോഭം നടത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതേസമയം, സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഇന്നലെയുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്.

എന്നാൽ അതിന് കടകവിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിന്നിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. പേരാമ്പ്രയിൽ നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ പ്രതികരിച്ചു. കേരളത്തിൽ പൊലീസ് രാജ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പേരാമ്പ്ര ഗവൺമെന്റ് സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്ന തരത്തിലുള്ള സംഘർഷത്തിലേക്ക് എത്തിയത്.

ചെയർമാൻ സീറ്റിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്ര നഗരത്തിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു. ഹർത്താലിന് ശേഷം യുഡിഎഫ് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. അതേസമയം, മൂക്കിന് പരിക്കേറ്റ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319941/rahul-visits-shafi-parambil-at-hospital-perambra-conflict)