---
title: " മൈസൂരു ദസറയ്ക്ക്  ബലൂൺ വിൽക്കാനെത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്"
english_title: "The police said that the murder of a ten-year-old girl in Indiranagar, near the Mysuru Dussehra Exhibition Grounds, was a result of brutal torture."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319939/the-police-said-that-the-murder-of-a-ten-year-old-girl-in-indiranagar-near-the-mysuru-dussehra-exhibition-grounds-was-a-result-of-brutal-torture"
published_at: "2025-10-11T10:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9e3b4d62fa_crime.jpg"
keywords: []
---

#  മൈസൂരു ദസറയ്ക്ക്  ബലൂൺ വിൽക്കാനെത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്

> **Lead Summary:** മൈസൂരു ദസറ എക്‌സിബിഷന്‍ ഗ്രൗണ്ടിനു സമീപമുള്ള ഇന്ദിരാനഗറില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തിനിരയായെന്ന് പോലീസ്. പ്രതിയായ മൈസൂരു താലൂക്കിലെ സിദ്ധലിംഗപുരയില്‍ താമസിക്കുന്ന കാര്‍ത്തികിനെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തി.

## Article Content

മൈസൂരു ദസറ എക്‌സിബിഷന്‍ ഗ്രൗണ്ടിനു സമീപമുള്ള ഇന്ദിരാനഗറില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തിനിരയായെന്ന് പോലീസ്. പ്രതിയായ മൈസൂരു താലൂക്കിലെ സിദ്ധലിംഗപുരയില്‍ താമസിക്കുന്ന കാര്‍ത്തികിനെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കലബുര്‍ഗിയില്‍ നിന്നുള്ള ദമ്പതിമാരുടെ നാല് മക്കളില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ദസറ സമയത്ത് ബലൂണും പാവയും വില്‍ക്കാന്‍ മൈസൂരുവിലെത്തിയതായിരുന്നു കുടുംബം. ബുധനാഴ്ചത്തെ വ്യാപാരത്തിനുശേഷം കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലര്‍ച്ചെ നാല് മണിയോടെ മാതാപിതാക്കള്‍ ഉണര്‍ന്നപ്പോള്‍ കാണാനില്ലായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ റോഡരികില്‍ കുടുംബം താമസിച്ചിരുന്ന താത്കാലിക ഷെഡില്‍നിന്ന് ഏകദേശം 50 മീറ്റര്‍ അകലെ കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തക്കറ കണ്ടെത്തിയിരുന്നു.

അക്രമത്തില്‍ കുട്ടിയുടെ തലയ്ക്കും കവിളിലും കഴുത്തിനും കൈമുട്ടിനും പരിക്കേറ്റതായും കേസ് അന്വേഷിക്കുന്ന നസര്‍ബാദ് പോലീസ് അറിയിച്ചു. രാത്രി 11.30-നും പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു.

പിടിയിലായ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മാണ്ഡ്യയില്‍ നടന്ന ഒരു ബലാത്സംഗശ്രമക്കേസില്‍ മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അടുത്തിടെയാണ് ജയില്‍ മോചിതനായത്. ദസറ സമയത്ത് ഈ പ്രദേശത്ത് പതിവായി ഇയാള്‍ മദ്യപിച്ച് എത്തിയിരുന്നതായി പോലീസ് പറഞ്ഞു.

അടുത്തുള്ള സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പിടിയിലായത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കാല്‍മുട്ടിന് വെടിവെച്ചാണ് കീഴ്പ്പെടുത്തിയത്.

പൊട്ടിയ കുപ്പി ഉപയോഗിച്ച് പോലീസുദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചു. സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതി ഓടാന്‍ തുടങ്ങിയപ്പോള്‍, പോലീസ് അയാളുടെ കാല്‍മുട്ടില്‍ വെടിവെക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319939/the-police-said-that-the-murder-of-a-ten-year-old-girl-in-indiranagar-near-the-mysuru-dussehra-exhibition-grounds-was-a-result-of-brutal-torture)