---
title: "'പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഷാഫി പറമ്പില്‍ എം പിയുടെ നേതൃത്വത്തില്‍ നടത്തിയത്' -   എം മെഹബൂബ്"
english_title: "CPI(M) Kozhikode District Secretary M Mehboob said that the move was made under the leadership of MP Shafi Parambil to disrupt the peaceful atmosphere in Perambra."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319913/cpim-kozhikode-district-secretary-m-mehboob-said-that-the-move-was-made-under-the-leadership-of-mp-shafi-parambil-to-disrupt-the-peaceful-atmosphere-in-perambra"
published_at: "2025-10-11T07:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9b7a3b88af_cpm.jpg"
keywords: []
---

# 'പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഷാഫി പറമ്പില്‍ എം പിയുടെ നേതൃത്വത്തില്‍ നടത്തിയത്' -   എം മെഹബൂബ്

> **Lead Summary:** പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഷാഫി പറമ്പില്‍ എം പിയുടെ നേതൃത്വത്തില്‍ നടത്തിയതെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പൊലീസിനെ കയ്യേറ്റം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു. കോണ്‍ഗ്രസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും എം മെഹബൂബ് പറഞ്ഞു.

## Article Content

പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഷാഫി പറമ്പില്‍ എം പിയുടെ നേതൃത്വത്തില്‍ നടത്തിയതെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പൊലീസിനെ കയ്യേറ്റം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു. കോണ്‍ഗ്രസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും എം മെഹബൂബ് പറഞ്ഞു.

പേരാമ്പയില്‍ ഇന്നലെ വൈകീട്ടോടെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ വടകര ഡിവൈഎസ്പി ഹരിപ്രസാദിന് കൈക്ക് പരിക്കേറ്റിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേരാമ്പ്രയിലെ സംഭവത്തിനു പിന്നാലെ സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു.

സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ആസൂത്രിതമായി സംഘര്‍ഷം അഴിച്ചിവിട്ടു. വനിതാ ഉദ്യോഗസ്ഥരെ വരെ കയ്യേറ്റം ചെയ്യുന്ന ശ്രമം ഉണ്ടായി. സെക്രട്ടറിയേറ്റിനു മുന്നിലെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്കുണ്ടായ ഉജ്ജ്വല വിജയത്തില്‍ വിറളി പൂണ്ടാണ് യൂത്ത് കോണ്‍ഗ്രസ് അക്രമം അഴിച്ചുവിട്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു.

അതേസമയം പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഷാഫി പറമ്പിൽ എം പി സുഖം പ്രാപിച്ചു വരുന്നതായി കോൺഗ്രസ്. മൂക്കിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞതായും നേതൃത്വം അറിയിച്ചു.സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ നിര്‍ദേശം നല്‍കി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആണ് ആഹ്വാനം ചെയ്തത്. ഇന്ന് മുതൽ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319913/cpim-kozhikode-district-secretary-m-mehboob-said-that-the-move-was-made-under-the-leadership-of-mp-shafi-parambil-to-disrupt-the-peaceful-atmosphere-in-perambra)