---
title: "ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം; യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി"
english_title: "clashes at youth congress secretariat march"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319896/clashes-at-youth-congress-secretariat-march"
published_at: "2025-10-10T23:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e944e5c3f65_1.jpg"
keywords: []
---

# ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം; യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി

> **Lead Summary:** **തിരുവനന്തപുരം: **കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായിരിക്കുന്നത്. പൊലീസ് ലാത്തിവീശി.

## Article Content

**തിരുവനന്തപുരം: **കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായിരിക്കുന്നത്. പൊലീസ് ലാത്തിവീശി.

കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. നാദാപുരത്ത് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നാദാപുരം - ടൗണിൽ സംസ്ഥാന പാത ഉപരോധിച്ചു.നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം ആളികത്തി. റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖിലമര്യാട്ട്, അനസ് നങ്ങാണ്ടി ഉൾപ്പെടെയുള്ള പത്തോളം യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. 

പേരാമ്പ്രയില്‍ പോലീസ് ആക്രമണത്തിൽ ഷാഫി പറമ്പിൽ എം പി ക്ക് പുറമേ ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ, കെ എം അഭിജിത്ത്, പി. കെ രാഗേഷ് തുടങ്ങി ഒട്ടനവധി കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ഇന്ന് രാത്രി 9.30 നാണ് നാദാപുരം ബസ് സ്റ്റാൻ്റിന് മുൻവശത്തെ സംസ്ഥാന പാതയാണ് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉപരോധിച്ചത്.

പാലക്കാട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊച്ചിയിൽ രണ്ടിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം ഡിസിസിക്ക് സമീപത്ത് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

തൃശ്ശൂരിൽ സ്വരാജ് റൗണ്ടിലേക്ക് പ്രതിഷേധവുമായി കടന്ന പ്രവർത്തകർ സിപിഎം പോസ്റ്ററുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷമായി. പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം നടക്കുന്നത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ചവറ പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319896/clashes-at-youth-congress-secretariat-march)