---
title: "'തീ ശരിക്കും പിടിക്കേണ്ടത് ആ മാർക്കറ്റിനുള്ളിലായിരുന്നു': ഫേസ്ബുക്ക് കമന്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി"
english_title: "Complaint filed against former government official for making communal comments on the fire that broke out in Taliparamba, Kannur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319867/complaint-filed-against-former-government-official-for-making-communal-comments-on-the-fire-that-broke-out-in-taliparamba-kannur"
published_at: "2025-10-10T20:17:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68e91d2978d3a_case.jpg"
keywords: []
---

# 'തീ ശരിക്കും പിടിക്കേണ്ടത് ആ മാർക്കറ്റിനുള്ളിലായിരുന്നു': ഫേസ്ബുക്ക് കമന്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി

> **Lead Summary:** > കണ്ണൂർ : കണ്ണൂർ തളിപ്പറമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ വർഗീയപരമായി കമന്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി."തീ ശരിക്കും പിടിക്കേണ്ടത് ആ മാർക്കറ്റിനുള്ളിലായിരുന്നു'' എന്നാണ് മുൻ പഞ്ചായത്ത് സെക്രട്ടറിയും ഗവൺമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പ്രവർത്തകനുമായ കെ എൻ അനിൽ സാമൂഹ്യമാധ്യമത്തിൽ കമന്റിട്ടത്.

## Article Content

> കണ്ണൂർ : കണ്ണൂർ തളിപ്പറമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ വർഗീയപരമായി കമന്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി."തീ ശരിക്കും പിടിക്കേണ്ടത് ആ മാർക്കറ്റിനുള്ളിലായിരുന്നു'' എന്നാണ് മുൻ പഞ്ചായത്ത് സെക്രട്ടറിയും ഗവൺമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പ്രവർത്തകനുമായ കെ എൻ അനിൽ സാമൂഹ്യമാധ്യമത്തിൽ കമന്റിട്ടത്.

''ഇന്ത്യയിൽ ഇത്രയും വൃത്തികെട്ട രീതിയിൽ വർഗീയതയും മതപരമായ ഭിന്നതയും കാണിക്കുന്നവരെ തളിപ്പറമ്പിൽ അല്ലാതെ കാണാൻ കഴിയില്ലെന്നും തളിപ്പറമ്പ് മാർക്കറ്റ് കൂടി കത്തി നശിക്കണമെന്ന്'' ഇയാൾ പോസ്റ്റ് ഇട്ടത്. ഇതിനെതിരെയാണ് മുനിസിപ്പൽ മുസ്ലിംലീഗ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

അതേസമയം തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തൽ. 40 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന 101 കടമുറികൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടങ്ങൾ കണക്കിലെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും മറ്റിടങ്ങളിലേതിന് സമാനമായ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് സ്ഥലം എം എൽ എ എം വി ഗോവിന്ദനും പറഞ്ഞു.

തളിപ്പറമ്പ് നഗരം ഇന്നോളം കാണാത്ത അഗ്നി ബാധ വിഴുങ്ങിയത് 40 ഓളം വ്യാപാരികളുടെ സ്വപ്നങ്ങളാണ്. 50 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വ്യാപാരികളുടെ നിഗമനം. പൊലീസ്, ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് സംയുക്ത പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319867/complaint-filed-against-former-government-official-for-making-communal-comments-on-the-fire-that-broke-out-in-taliparamba-kannur)