---
title: " ഒൻപത് വയസുകാരി അനയയുടെ മരണത്തിന് കാരണം അമീബിക് മസ്തിഷ്ക ജ്വരം തന്നെ; റിപ്പോർട്ട് നൽകി ഡിഎംഒ"
english_title: "The District Medical Officer's report states that the death of a nine-year-old girl in Thamarassery was due to amoebic encephalitis."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319866/the-district-medical-officers-report-states-that-the-death-of-a-nine-year-old-girl-in-thamarassery-was-due-to-amoebic-encephalitis-new"
published_at: "2025-10-10T19:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e919942ecac_amebic.jpg"
keywords: []
---

#  ഒൻപത് വയസുകാരി അനയയുടെ മരണത്തിന് കാരണം അമീബിക് മസ്തിഷ്ക ജ്വരം തന്നെ; റിപ്പോർട്ട് നൽകി ഡിഎംഒ

> **Lead Summary:** കോഴിക്കോട് താമരശ്ശേരിയിലെ ഒൻപത് വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന് രേഖപ്പെടുത്തിയത്.

## Article Content

കോഴിക്കോട് താമരശ്ശേരിയിലെ ഒൻപത് വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന് രേഖപ്പെടുത്തിയത്.

പോസ്റ്റ്മോർട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കുഞ്ഞിന് നൽകിയില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടർ വിപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

അതേസമയം താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു . മക്കളെ പുറത്ത് നിർത്തിയ ശേഷമാണ് സനൂപ് ‍ഡോക്ടറുടെ മുറിയിലേക്ക് കയറുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം.

മക്കളെയും കൂട്ടിയാണ് സനൂപ് ആശുപത്രിയിലേക്കെത്തുന്നത്. കുട്ടികളുടെ സ്കൂൾ ബാ​ഗ് വാങ്ങി കയ്യിൽ വെച്ചതിന് ശേഷം അതിനുള്ളിലാണ് ആയുധം വെച്ചത്. കൊടുവാളിന്റെ പിടിഭാ​ഗം ബാ​ഗിന് പുറത്തേക്ക് തള്ളിനിൽക്കുന്നത് ദൃശ്യത്തിലുണ്ട്.

ഡോക്ടറെ വിപിനെ വെട്ടിയതിന് പിന്നാലെ തന്നെ അവിടെയുള്ളവർ ഓടിക്കൂടി സനൂപിനെ ബലമായി പിടികൂടുകയായിരുന്നു. തലക്ക് ​ഗുരുതരമായി പരിക്കേറ്റ ഡോക്‌ടർ വിപിൻ തലയിൽ കൈ പൊത്തിപ്പിടിച്ച് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.

അതേസമയം സനൂപ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയത് മുതൽ അസ്വസ്ഥനായിരുന്നുവെന്നും ഭാര്യ രംബീസ പറഞ്ഞു. കുട്ടി പനി ബാധിച്ച് മരിച്ചു എന്നാണ് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം പറഞ്ഞത്. ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ കുഞ്ഞുമരിക്കില്ലായിരുന്നു. മരണ സർട്ടിഫിക്കറ്റിനായി ആശുപത്രി കയറിയിറങ്ങിയെന്നും രംബീസ മാധ്യമങ്ങളോട് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319866/the-district-medical-officers-report-states-that-the-death-of-a-nine-year-old-girl-in-thamarassery-was-due-to-amoebic-encephalitis-new)