---
title: "മൂന്നാൾക്കും സന്തോഷമായില്ലേ? ഓട്ടോറിക്ഷയില്‍ 22 കിലോയോളം കഞ്ചാവ് കടത്ത്; പ്രതികള്‍ക്ക്  10 വർഷം കഠിനതടവും പിഴയും"
english_title: "Three accused were sentenced to 10 years in rigorous imprisonment and a fine of Rs 1 lakh in the case of the seizure of 22.5 kg of ganja being smuggled in an autorickshaw."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319770/three-accused-were-sentenced-to-10-years-in-rigorous-imprisonment-and-a-fine-of-rs-1-lakh-in-the-case-of-the-seizure-of-225-kg-of-ganja-being-smuggled-in-an-autorickshaw"
published_at: "2025-10-10T12:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8b4f3bd4d9_arrest.jpg"
keywords: []
---

# മൂന്നാൾക്കും സന്തോഷമായില്ലേ? ഓട്ടോറിക്ഷയില്‍ 22 കിലോയോളം കഞ്ചാവ് കടത്ത്; പ്രതികള്‍ക്ക്  10 വർഷം കഠിനതടവും പിഴയും

> **Lead Summary:** ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 22.5 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മൂന്നുപ്രതികൾക്ക് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണം.

## Article Content

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 22.5 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മൂന്നുപ്രതികൾക്ക് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണം.

നെല്ലിക്കട്ട ആമുസ്‌നഗറിലെ അബ്ദുൾ റഹ്‌മാൻ (55), പെരുമ്പളക്കടവ് കബീർ മൻസിലിൽ സി.എ. അഹമ്മദ് കബീർ (43), ആദൂർ കുണ്ടാറിൽ പോക്കറടുക്ക മൻസിലിൽ കെ.പി. മുഹമ്മദ് ഹാരിസ് (40) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്.

2022 ഫെബ്രുവരി നാല് രാത്രി 8.30-ന് ചൗക്കി പെട്രോൾപമ്പിന് സമീപം ദേശീയപാതയിൽ വെച്ചാണ് കാസർകോട് സബ് ഇൻസ്പെക്ടറായിരുന്ന പി. മധുസൂദനൻ, എസ്‌ഐ കൃഷ്ണൻ കൊട്ടിലക്കണ്ടി, എസ്‌സിപിഒമാരായ ഫിലിപ്പ് തോമസ്, സുരേഷ്, സനീഷ് ജോസഫ് എന്നിവർ ചേർന്ന് ഓട്ടോയിൽ കഞ്ചാവ് കടത്തവെ പ്രതികളെ വാഹനമടക്കം കസ്റ്റഡിയിലെടുത്തത്.

അന്നത്തെ വിദ്യാനഗർ ഇൻസ്പെക്ടറും ഇപ്പോൾ ബേക്കൽ ഡിവൈഎസ്‌പിയുമായ വി.വി. മനോജാണ് തുടരന്വേഷണം നടത്തിയത്. കാസർകോട് ഇൻസ്പെക്ടറായിരുന്ന പി. അജിത്കുമാറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, ചിത്രകല എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319770/three-accused-were-sentenced-to-10-years-in-rigorous-imprisonment-and-a-fine-of-rs-1-lakh-in-the-case-of-the-seizure-of-225-kg-of-ganja-being-smuggled-in-an-autorickshaw)