കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീ പിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു. രാത്രി പാചകം ചെയ്ത ശേഷം ഗ്യാസ് അടുപ്പ് ഓഫാക്കാൻ മറന്നതാണ് അപകട കാരണം. ഇതറിയാതെ രാവിലെ ലൈറ്റർ കത്തിച്ചപ്പോൾ തീപടർന്ന് പിടിച്ച് പൊള്ളലേൽക്കുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുതിയങ്ങാടി കടപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒഡീഷ കുർദ് സ്വദേശികളായ ശിവ ബഹറ, നിഘം ബഹ്റ, സുഭാഷ് ബഹ്റ, ജിതേന്ദ്ര ബഹ്റ എന്നിവർക്കാണ് പൊള്ളലേറ്റത്. നാലുപേരെയും കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവ ബഹറ, നിഘം ബഹ്റ എന്നിവരുടെ നില ഗുരുതരമാണ്.
അതിനിടെ , അപ്രതീക്ഷിതമായി പട്ടാപ്പകൽ വന്ന തീയിൽ വെന്തുരുകിയത് തളിപ്പറമ്പിന്റെ വ്യാപാര ഹൃദയം. കച്ചവടത്തിരക്കിൽ നഗരം മുഴുകിയതിനിടെയാണ് വ്യാഴാഴ്ച വൈകീട്ടോടെ ഒരു കടമുറിയിൽ തീയുണ്ടായത്. വലിയ സംഭവമാകില്ലെന്ന് കരുതും മുമ്പേ അഗ്നി ആളിപ്പടർന്നിരുന്നു. ജോലി കഴിഞ്ഞിറങ്ങുന്നവരും മറ്റു യാത്രികരുമെല്ലാം പുക കണ്ടുതുടങ്ങിയതോടെതന്നെ പെട്ടെന്ന് നഗരഹൃദയം അഗ്നി വിഴുങ്ങാൻ തുടങ്ങി.
തൊട്ടുരുമ്മിയ കെട്ടിടങ്ങളായതിനാലാണ് കരുതിയതിനുമപ്പുറം തീപടർന്നത്. ദേശീയപാതയും തളിപ്പറമ്പും ജനസാഗരമായി. കടമുറികളിൽനിന്ന് ആളുകൾ ജീവനും കൊണ്ടോടുകയായിരുന്നു പിന്നീട്. കണ്ണൂർ ഭാഗത്തേക്കുള്ള വാഹനഗതാഗതം പൂർണമായും സ്തംഭിച്ചതോടെ യാത്രികരും പാതിയിലായി. അഗ്നിരക്ഷസേനകൾ ജില്ലയുടെ ഓരോ ഭാഗത്തുനിന്നും കുതിച്ചെത്തി വെള്ളം ചീറ്റിക്കൊണ്ടിരുന്നു.
ഉൾഭാഗത്തേക്ക് കടക്കാനാവാത്തതിനാൽ ദേശീയപാതയിൽ എല്ലാ ഗതാഗതവും തടഞ്ഞാണ് സേനയുടെ വണ്ടി നിർത്തിയത്. വെള്ളം തീർന്നതോടെ അടുത്ത വണ്ടി. അങ്ങനെ മണിക്കൂറുകൾ പുകയും ചൂടും ഭീതിയും തളിപ്പറമ്പിന്റെ സമാധാനം കെടുത്തി. ഒരു കടയിൽനിന്ന് മറ്റ് നിരവധി കടകളിലേക്ക് തീപടരുകയും ഭീകരാവസ്ഥയാവുകയും ചെയ്തു. അപ്പോഴും പൊലീസും അഗ്നിരക്ഷ സേനാംഗങ്ങളും ജനപ്രതിനിധികളുമെല്ലാം റോഡിൽനിന്ന് ആളുകളെ മാറ്റാൻ പാടുപെടുകയായിരുന്നു.
തളിപ്പറമ്പിലെ ഒരു കൂട്ടം വ്യാപാരികളും യുവാക്കളും റോഡിലിറങ്ങി പൊലീസിനൊപ്പം ചേർന്നു. കടകളിലെ സാധനങ്ങളും ബോർഡുകളുമെല്ലാം കത്തിയെരിഞ്ഞ് ദേശീയ പാതയോരത്ത് പതിച്ചുകൊണ്ടിരുന്നു. സമീപത്തെ കടകളിൽനിന്നെല്ലാം പാചക വാതക സിലിണ്ടറുകൾ പരമാവധി മാറ്റാനും അധികൃതർ ശ്രമിച്ചു. തൊട്ടുമുന്നിൽ ട്രാൻസ്ഫോർമറുള്ളതിനാൽ വൈദ്യുതി വേഗത്തിൽ ഓഫാക്കുകയായിരുന്നു. സ്ഥാപനങ്ങളിൽ ആളുകളുണ്ടായെങ്കിലും ഇറങ്ങിയോടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. 5.12ഓടെയുണ്ടായ തീപിടിത്തം രാത്രിയോളം കവർന്നത് ഒരു കൂട്ടം വ്യാപാരികളുടെ സ്വപ്നങ്ങളായിരുന്നു
Content Highlight: Four people were burnt after a cooking gas leak and fire broke out in Puthiyangadi, Kannur




































