---
title: "ഋഷഭിന്റെ സ്വപ്നം, പ്രഗതിയുടെ കരവിരുത്: 'കാന്താര'യ്ക്ക് പിന്നിലെ ദാമ്പത്യ പങ്കാളിത്തം"
english_title: "Rishabh's dream, Pragati's handiwork: The marital partnership behind 'Kanthara'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319566/rishabhs-dream-pragatis-handiwork-the-marital-partnership-behind-kanthara"
published_at: "2025-10-09T12:58:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7641ab95ca_DFXVC_.jpg"
keywords: []
---

# ഋഷഭിന്റെ സ്വപ്നം, പ്രഗതിയുടെ കരവിരുത്: 'കാന്താര'യ്ക്ക് പിന്നിലെ ദാമ്പത്യ പങ്കാളിത്തം

> **Lead Summary:** **[** ബോക്‌സോഫീസിൽ വിജയം നേടിയ 'കാന്താര ചാപ്റ്റർ 1' ൻ്റെ വിജയത്തിൽ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയോടൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യയും വസ്ത്രാലങ്കാര വിദഗ്‌ദ്ധയുമായ പ്രഗതി ഷെട്ടിയും അതീവ സന്തോഷത്തിലാണ്. ഹോംബാലെ ഫിലിംസിന്റെ ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിലെ വസ്ത്രാലങ്കാരം നിർവ്വഹിച്ചത് പ്രഗതിയാണ്. വസ്ത്രധാരണം തന്റെ അഭിനിവേശമായി കാണുന്ന പ്രഗതി, ഈ പ്രൊജക്റ്റിനൊപ്പമുള്ള അഞ്ച് വർഷത്തിലേറെയുള്ള യാത്ര ശാരീരികമായും മാനസികമായും വൈകാരികമായും വെല്ലുവിളിയുയർത്തിയെങ്കിലും തന്നെ കൂടുതൽ ശക്തയാക്കിയെന്ന് പറയുന്നു.

## Article Content

**[** ബോക്‌സോഫീസിൽ വിജയം നേടിയ 'കാന്താര ചാപ്റ്റർ 1' ൻ്റെ വിജയത്തിൽ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയോടൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യയും വസ്ത്രാലങ്കാര വിദഗ്‌ദ്ധയുമായ പ്രഗതി ഷെട്ടിയും അതീവ സന്തോഷത്തിലാണ്. ഹോംബാലെ ഫിലിംസിന്റെ ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിലെ വസ്ത്രാലങ്കാരം നിർവ്വഹിച്ചത് പ്രഗതിയാണ്. വസ്ത്രധാരണം തന്റെ അഭിനിവേശമായി കാണുന്ന പ്രഗതി, ഈ പ്രൊജക്റ്റിനൊപ്പമുള്ള അഞ്ച് വർഷത്തിലേറെയുള്ള യാത്ര ശാരീരികമായും മാനസികമായും വൈകാരികമായും വെല്ലുവിളിയുയർത്തിയെങ്കിലും തന്നെ കൂടുതൽ ശക്തയാക്കിയെന്ന് പറയുന്നു.

'ബെൽ ബോട്ടം', '777 ചാർലി' തുടങ്ങിയ ചിത്രങ്ങളിലും പ്രഗതി വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ 'കാന്താര' യിൽ അമ്മയാകാനുള്ള ഒരുക്കത്തിലായിരുന്നതിനാൽ സെറ്റിലെ ഓൺ-ഗ്രൗണ്ട് അനുഭവം നഷ്ടപ്പെട്ടിരുന്നു. എന്നാൽ, 'കാന്താര ചാപ്റ്റർ 1' ൽ ആ കുറവ് നികത്തി. 250 ദിവസത്തെ ഷൂട്ടിംഗിലുടനീളം പ്രഗതി സെറ്റിൽ സജീവമായിരുന്നു. ഋഷഭിന്റെ കാഴ്ചപ്പാടുകൾ ഒരു പ്രേക്ഷകന്റെ കൗതുകത്തോടെയും വിമർശകന്റെ മനസ്സോടെയും മനസ്സിലാക്കിയാണ് ഓരോ വസ്ത്രവും പിറവിയെടുത്തതെന്ന് അവർ കൂട്ടിച്ചേർത്തു.

ചിത്രം സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കാലഘട്ടത്തിലെ കഥ പറയുന്നതുകൊണ്ട് വസ്ത്രധാരണ രീതിക്ക് കൃത്യമായ മാതൃകയുണ്ടായിരുന്നില്ല. ഇത് വെല്ലുവിളിയായി. ആറു മാസത്തോളം നീണ്ട ഗവേഷണത്തിന് ശേഷമാണ് പെയിന്റിംഗുകൾ, ശിൽപങ്ങൾ, നൃത്തരൂപങ്ങൾ, ആഭരണ പാരമ്പര്യങ്ങൾ എന്നിവയെല്ലാം പഠനവിഷയമാക്കിയത്. ആധികാരികത ഉറപ്പാക്കാൻ ഓരോ ഷേഡും സൂക്ഷ്മതയോടെയാണ് സൃഷ്ടിച്ചത്. ഓരോ കഥാപാത്രത്തിനും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വസ്ത്രങ്ങളിൽ കൊണ്ടുവന്നു.

ചിത്രത്തിനായി 1,000-ലധികം വസ്ത്രങ്ങൾ സൃഷ്ടിക്കപ്പെട്ടു. തെക്കൻ ദേശങ്ങളിലെ സിൽക്കുകൾ, രാജസ്ഥാനിലെ തുകൽ, ബംഗാളിലെ ലോഹങ്ങൾ, ചായങ്ങൾ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ചത്. വസ്ത്രാലങ്കാര ജോലികൾ എളുപ്പമാക്കാൻ ബെംഗളൂരുവിൽ നിന്നും പ്രഗതി കുന്ദാപുരയിലേക്ക് താമസം മാറ്റി. എല്ലാ വസ്ത്രങ്ങളും റെഡിമെയ്‌ഡ് ആയിരുന്നില്ല, തുന്നൽ മുതൽ ഡ്രേപ്പിങ് വരെയുള്ള ഓരോ കാര്യത്തിലും പ്രഗതിയുടെ ശ്രദ്ധയുണ്ടായിരുന്നു. പ്രധാന കഥാപാത്രങ്ങൾ മുതൽ ജൂനിയർ ആർട്ടിസ്‌റ്റുകൾ വരെയുള്ളവരുടെ വസ്ത്രങ്ങളിൽ ഒരേ സൂക്ഷ്മത ഉറപ്പുവരുത്തി.

പ്രധാന കഥാപാത്രങ്ങളുടെ വസ്ത്രങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ എല്ലാവർക്കും പ്രാധാന്യം നൽകാൻ പ്രഗതി ശ്രമിച്ചു. ലോഹകവചങ്ങളും, തുകലുകളും കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. ഛായാഗ്രാഹകൻ അരവിന്ദ് കശ്യപ്, ആർട്ട് വിഭാഗം എന്നിവരുമായി നിരന്തര ചർച്ചകൾ നടത്തിയാണ് ഓരോ കാര്യവും തീരുമാനിച്ചത്. അഞ്ച് വർഷം മുൻപ് സിനിമയുടെ ആദ്യവരി എഴുതിയപ്പോൾ മുതൽ ഋഷഭിനൊപ്പം ഉണ്ടായിരുന്നു.

ഈ യാത്ര ഒരു പാൻ-ഇന്ത്യൻ അനുഭവം സമ്മാനിച്ചു എന്നും, വിവിധ കരകൗശല വിദഗ്ധരുമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു എന്നും പ്രഗതി പറയുന്നു. ഋഷഭ് ഷെട്ടിയാണ് തൻ്റെ ഏറ്റവും വലിയ പ്രചോദനം. വിവാഹത്തിനപ്പുറം തങ്ങളുടേത് ഒരു സൃഷ്ടിപരമായ പങ്കാളിത്തമാണ്. ഋഷഭ് എപ്പോഴും തന്റെ കാഴ്ചപ്പാടിനെ വിലമതിച്ചിരുന്നു. 'കാന്താര' (2022) മുതൽ 'കാന്താര ചാപ്റ്റർ 1' വരെയുള്ള ഈ യാത്രയിൽ അഭിമാനവും സന്തോഷവും മാത്രമേ ഉള്ളൂവെന്നും ഋഷഭിന്റെ സ്വപ്‌നത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണെന്നും പ്രഗതി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319566/rishabhs-dream-pragatis-handiwork-the-marital-partnership-behind-kanthara)