---
title: "'ലഹരിക്കെതിരെ നടക്കുന്നത് കനത്ത പോരാട്ടം'; സംസ്ഥാനതൊട്ടാകെയുള്ള പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ"
english_title: "tough fight is being waged against alcoholism Minister M B Rajesh enumerates the activities across the state in the Assembly"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319421/tough-fight-is-being-waged-against-alcoholism-minister-m-b-rajesh-enumerates-the-activities-across-the-state-in-the-assembly"
published_at: "2025-10-08T14:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e62d7683edb_uyt.jpg"
keywords: []
---

# 'ലഹരിക്കെതിരെ നടക്കുന്നത് കനത്ത പോരാട്ടം'; സംസ്ഥാനതൊട്ടാകെയുള്ള പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സംസ്ഥാനതൊട്ടാകെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അവയുടെ വാർഡ് തലത്തിലും ജന ജാഗ്രത സമിതികൾ രൂപീകരിക്കുകയും ലഹരിക്കെതിരെ പ്രവർത്തിക്കുന്നതിന് ജനജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സംസ്ഥാനതൊട്ടാകെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അവയുടെ വാർഡ് തലത്തിലും ജന ജാഗ്രത സമിതികൾ രൂപീകരിക്കുകയും ലഹരിക്കെതിരെ പ്രവർത്തിക്കുന്നതിന് ജനജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ,തദ്ദേശസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ,ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം. വ്യാജമദ്യം മയക്കുമരുന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് എക്സൈസ് വകുപ്പിനെ സഹായിക്കുന്നതോടൊപ്പം ഈ സമിതികൾ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

> വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിയുടെ കടന്നുകയറ്റം തടയുക എന്ന ഉദ്ദേശത്തോടെ 'വിമുക്തി മിഷൻ' വ്യത്യസ്തങ്ങളായ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നുണ്ട്. സ്കൂൾതലത്തിൽ ലഹരി വിരുദ്ധ ക്ലബ്ബുകൾ, കോളേജ് ക്യാമ്പസുകളിൽ 'നേർക്കൂട്ടം', കോളേജ് ഹോസ്റ്റലുകളിൽ 'ശ്രദ്ധ" എന്നീ കമ്മിറ്റികൾ രൂപീകരിച്ച് ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളും കായിക ലഹരി എന്ന ആശയം മുൻനിർത്തി "ഉണർവ്', ടീം വിമുക്തി സ്പോർട്സ് ടീം എന്നീ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'പ്രൈമറി തലത്തിലെ കുട്ടികൾക്കായി ജീവിത നൈപുണികളെ അടിസ്ഥാനമാക്കി 'ബാല്യം അമൂല്യം' എന്ന പേരിൽ ഒരു പദ്ധതി തെരഞ്ഞെടുത്ത 140 സ്കൂളുകളിൽ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ലഹരിയുടെ ഉപയോഗം മൂലം വിദ്യാർത്ഥികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും പെരുമാറ്റ വൈകല്യങ്ങളും അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി അവ പരിഹരിച്ച് കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി 'നേർവഴി' എന്ന ഒരു പദ്ധതിയും നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

> ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും, അധ്യാപകർക്കും, അവബോധം നൽകുന്നതിനായി "കരുതൽ' എന്ന പേരിലും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനായി 'കവചം' എന്ന പേരിലും ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുന്നതിനായി എസ് സി ആർ ടി യുമായി സഹകരിച്ച് കുട്ടികൾക്കായി 'തെളിവാനം വരയ്ക്കുന്നവർ' എന്ന പേരിലും കൈപുസ്തകങ്ങൾ തയ്യാറാക്കി സ്കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജിമാരുടെ അധ്യക്ഷതയിൽ ചേർന്ന റീജണൽ ജുഡീഷ്യൽ കൊളോക്യം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ്, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, സാമൂഹ്യനീതി ,പോലീസ്, മെഡിക്കൽ വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസം ,സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ സ്കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ തയ്യാറാക്കിയിട്ടുണ്ട്.

കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തുകയും, ലഹരിയുടെ ഉപയോഗം ഇല്ലാതാക്കുകയും ചെയ്യുക, കുട്ടികൾക്കാവശ്യമായ ബോധവൽക്കരണം ചികിത്സ എന്നിവ നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊണ്ടിട്ടുള്ള നാടകം മറ്റു കലാരൂപങ്ങൾ എന്നിവ എക്സൈസ് വകുപ്പ് പ്രദർശിപ്പിച്ചു വരുന്നുണ്ടെന്നും മന്ത്രി രാജേഷ് നിയമസഭയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319421/tough-fight-is-being-waged-against-alcoholism-minister-m-b-rajesh-enumerates-the-activities-across-the-state-in-the-assembly)