---
title: "അടിവസ്ത്രം മാത്രം ധരിച്ച് കോടതിയുടെ വെര്‍ച്വല്‍ നടപടിയിലേക്ക് അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റില്‍"
english_title: "Man arrested for barging into virtual court proceedings wearing only underwear"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318784/man-arrested-for-barging-into-virtual-court-proceedings-wearing-only-underwear"
published_at: "2025-10-04T22:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e14fcc20ffc_arrest.jpg"
keywords: []
---

# അടിവസ്ത്രം മാത്രം ധരിച്ച് കോടതിയുടെ വെര്‍ച്വല്‍ നടപടിയിലേക്ക് അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റില്‍

> **Lead Summary:** **ന്യൂഡല്‍ഹി: **വെര്‍ച്വല്‍ കോടതി നടപടിക്രമങ്ങള്‍ക്കിടയിലേക്ക് ‘അതിക്രമിച്ച് കടന്നതിന്’ നിരവധികേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. മോഷണം, മാലപൊട്ടിക്കല്‍ തുടങ്ങി അന്‍പതിലേറെ കേസുകളില്‍ പ്രതിയായ മുഹമ്മദ് ഇമ്രാന്‍ എന്നയാളെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്.

## Article Content

**ന്യൂഡല്‍ഹി: **വെര്‍ച്വല്‍ കോടതി നടപടിക്രമങ്ങള്‍ക്കിടയിലേക്ക് ‘അതിക്രമിച്ച് കടന്നതിന്’ നിരവധികേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. മോഷണം, മാലപൊട്ടിക്കല്‍ തുടങ്ങി അന്‍പതിലേറെ കേസുകളില്‍ പ്രതിയായ മുഹമ്മദ് ഇമ്രാന്‍ എന്നയാളെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്.

ഡല്‍ഹിയിലെ ഗോകുല്‍പുരി സ്വദേശിയാണ് ഇയാള്‍. അടിവസ്ത്രങ്ങള്‍ ധരിച്ച് മദ്യപിച്ചും പുകവലിച്ചുമായിരുന്നു ഇയാള്‍ കോടതി നടപടിക്രമങ്ങളുടെ ഇടയിലേക്ക് അനധികൃതമായി പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 16,17 തീയതികളിലായിരുന്നു സംഭവം. തുടര്‍ന്ന് തിസ് ഹസാരി കോടതിയിലെ ജീവനക്കാരന്‍ അന്‍ഷുല്‍ സിംഘാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 22-നാണ് കേസ് രജിസ്റ്റർ ചെയ്തത്.

കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സെഷന്റെ ഇടയിലേക്ക് അജ്ഞാതനായ ഒരു വ്യക്തി, അകിബ് അഖ്‌ലാഖ് എന്ന പേരില്‍ പ്രവേശിക്കുകയായിരുന്നെന്ന് ഡല്‍ഹി നോര്‍ത്ത് ഡിഎസ്പി പറഞ്ഞു. സെഷനില്‍നിന്ന് പുറത്തുപോകാന്‍ ഇമ്രാനോട് പലവട്ടം നിര്‍ദേശിച്ചുവെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. പകരം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. തുടർന്നാണ് കോടതി ജീവനക്കാരൻ പരാതി നൽകിയത്.

കോടതിയിൽ ഉപയോഗിക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പരിചയക്കാരില്‍ ഒരാളില്‍നിന്നാണ് അറിഞ്ഞതെന്നും ആകാംക്ഷ കൊണ്ടാണ് കോടതി നടപടികളിലേക്ക് അനധികൃതമായി പ്രവേശിച്ചതെന്നും ഇമ്രാന്‍ പോലീസിനോടു പറഞ്ഞു. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചാണ് വെര്‍ച്വല്‍ ഹിയറിങ് കണ്ടിരുന്നതെന്നും ഈ സമയം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തിരുന്നെന്നും ഇമ്രാന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇമ്രാന്‍ കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, റൂട്ടര്‍ എന്നിവ പോലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318784/man-arrested-for-barging-into-virtual-court-proceedings-wearing-only-underwear)