---
title: "മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു"
english_title: "Veteran journalist and writer TJSGeorge passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318568/veteran-journalist-and-writer-tjsgeorge-passes-away"
published_at: "2025-10-03T19:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfd3bb638e3_RTDYR.jpg"
keywords: []
---

# മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു

> **Lead Summary:** **ബെംഗളൂരു: ( **[www.truevisionnews.com]** ) ** മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. 2011-ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു. പത്തനംതിട്ടയിലെ തുമ്പമൺ ആണ് സ്വദേശം. മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928-ൽ ആയിരുന്നു ജനനം. എഴുത്തുകാരൻ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ സുപ്രധാനമായ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

## Article Content

**ബെംഗളൂരു: ( **[www.truevisionnews.com]** ) ** മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. 2011-ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു. പത്തനംതിട്ടയിലെ തുമ്പമൺ ആണ് സ്വദേശം. മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928-ൽ ആയിരുന്നു ജനനം. എഴുത്തുകാരൻ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ സുപ്രധാനമായ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

കാല്‍നൂറ്റാണ്ടോളം 'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍ എഴുതിയിരുന്ന 'പോയന്റ് ഓഫ് വ്യൂ' എന്ന കോളം ടി.ജെ.എസ് ജോര്‍ജിനെ വായനക്കാരുടെ പ്രിയങ്കരനാക്കി. ‘നൗ ഈസ് ദ ടൈം ടു സെ ഗുഡ്ബൈ' എന്ന തലക്കെട്ടിലാണ് കോളത്തിന്റെ അവസാന ലക്കം എഴുതി മൂന്ന് വര്‍ഷം മുമ്പ് സജീവ പത്രപ്രവര്‍ത്തനത്തില്‍നിന്ന് അദ്ദേഹം വിടവാങ്ങിയത്.

ഇംഗ്ലീഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം, 1950-ൽ ബോംബൈയിലെ ഫ്രീ പ്രസ് ജേണലിലാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. പിന്നീട് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ തുടങ്ങിയവയിൽ ജോലിചെയ്തു. ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപർ കൂടിയാണ് ടിജെഎസ് ജോർജ്.

1965-ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ.ബി. സഹായിയെ ധിക്കരിച്ച് പട്ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിന് ടി.ജെ.എസ്. ജോര്‍ജിനെ സര്‍ക്കാര്‍ ജയിലില്‍ അടയ്ക്കുകയുണ്ടായി. 37-ാം വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട ടി.ജെ.എസ്. ജോർജ് സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രപ്രവർത്തകനായി.

തന്റെ പത്രപ്രവര്‍ത്തക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ 'ഘോഷയാത്ര' എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു. ഭാര്യ: പരേതയായ അമ്മു. മക്കള്‍: എഴുത്തുകാരനായ ജീത് തയ്യില്‍, ഷെബ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318568/veteran-journalist-and-writer-tjsgeorge-passes-away)