---
title: "'തനിക്കൊരു വ്യക്തിത്വമുണ്ട്, തകർക്കാവുന്നതിന്റെ പരമാവധി തകർത്തു, ഇനി പറയാനുള്ളത് കോടതിയിൽ പറയും' -  ഉണ്ണികൃഷ്ണൻ പോറ്റി"
english_title: "Sponsor UnnikrishnanPotti said he would appear if summoned for questioning by Vigilance in the Sabarimala gold amulet controversy."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318319/sponsor-unnikrishnanpotti-said-he-would-appear-if-summoned-for-questioning-by-vigilance-in-the-sabarimala-gold-amulet-controversy"
published_at: "2025-10-02T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de4f7ca094b_poty.jpg"
keywords: []
---

# 'തനിക്കൊരു വ്യക്തിത്വമുണ്ട്, തകർക്കാവുന്നതിന്റെ പരമാവധി തകർത്തു, ഇനി പറയാനുള്ളത് കോടതിയിൽ പറയും' -  ഉണ്ണികൃഷ്ണൻ പോറ്റി

> **Lead Summary:** ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണ്ണപ്പാളി, താങ്ങുപീഠം വിഷയങ്ങള്‍ വിവാദമായിരിക്കെ പ്രതികരിച്ച് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി . ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ വിജിലൻസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്ന് സ്പോൺസര്‍ ഉണ്ണികൃഷ്ണൻ പോറ്റി. 

## Article Content

ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണ്ണപ്പാളി, താങ്ങുപീഠം വിഷയങ്ങള്‍ വിവാദമായിരിക്കെ പ്രതികരിച്ച് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി . ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ വിജിലൻസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്ന് സ്പോൺസര്‍ ഉണ്ണികൃഷ്ണൻ പോറ്റി. 

മാധ്യമങ്ങൾ തന്നെ ക്രൂശിക്കുകയാണ്. തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊരു വ്യക്തിത്വമുണ്ട്. തകർക്കാവുന്നതിന്റെ പരമാവധി തകർത്തെന്നും ഇനി പറയാനുള്ളത് കോടതിയിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയെ മുൻനിർത്തി സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപകമായ പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. ഭക്തിയുടെ മറവിലായിരുന്നു പണപ്പിരിവ്. ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയും പോറ്റിക്കുണ്ടായിരുന്നു. മേൽശാന്തിയുടെ സഹായിയായി വന്ന് വർഷങ്ങൾക്കുള്ളിൽ സ്പോണ്‍സറായി മാറിയ ചരിത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ളത്.

കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ശബരിമലയില്‍ സ്വർണം പൂശുന്നതിനും അന്നദാനത്തിനുമൊക്കെയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പോറ്റി വ്യാപകമായി പരിവ് നടത്തിയതിന്‍റെ വിവരങ്ങള്‍ ദേവസ്വം വിജിലൻസിന് ലഭിച്ചു.

ശബരിമലയിൽ സർവ്വ സ്വാതന്ത്ര്യമുണ്ടായിരുന്ന ഉണ്ണികൃഷണൻ പോറ്റിക്ക് ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടായിരുന്നു. ചട്ടങ്ങള്‍ മറികടന്ന് സ്വർണപാളികള്‍ ബംഗളൂരുവിലെത്തിയതും പിണപ്പിരിവിന് വേണ്ടിയാണോയെന്ന് സംശയിക്കുന്നുണ്ട്. ഭക്തി മറയാക്കി പണപ്പിരിവ് നടത്താൻ ഉന്നതരുമായുള്ള ചിത്രങ്ങള്‍ വരെ ദുരൂപയോഗം ചെയ്തുവെന്നാണ് സംശയം.

'മീഡിയയോട് പ്രതികരിക്കാന്‍ താത്പര്യമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം. തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ?. ഒരാളെ മാത്രം ഫോക്കസ് ചെയ്യുകയാണ്. പറയാനുള്ളത് കോടതിയില്‍ പറയും. മാധ്യമങ്ങള്‍ ഇനി ക്രൂശിക്കാന്‍ ഒന്നുമില്ല. ഇപ്പോള്‍ എനിക്ക് 52 വയസായി. ഈ നാട്ടില്‍ ഒരു ഐഡന്റിറ്റി ഉണ്ട്. നിങ്ങള്‍ക്ക് തകര്‍ക്കാന്‍ പറ്റുന്നത് മുഴുവന്‍ തകര്‍ക്കൂ. ഇനി അവരെ തകര്‍ക്കണം. ഞാന്‍ ചതിയില്‍പ്പെടണം. ഒരു പരിധിയില്‍ കൂടുതല്‍ കടന്നുകയറിയാല്‍ ബുദ്ധിമുട്ടാകും', ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. ഒരു മനുഷ്യന്റെ സ്വകാര്യതയെ ചോദ്യം ചെയ്യരുത്. തന്നെ കോടതി ശിക്ഷിച്ചിട്ടില്ല. ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്യലിന് ഹാജരാകരണം എന്നാവശ്യപ്പെട്ട് വിജിലൻസിന്റെ നോട്ടീസ് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318319/sponsor-unnikrishnanpotti-said-he-would-appear-if-summoned-for-questioning-by-vigilance-in-the-sabarimala-gold-amulet-controversy)