---
title: "സ്ത്രീകളെ കൊണ്ട് വരെ പറേപ്പിച്ചു, ഡ്രൈ ഡേ മുതലാക്കാനും പറ്റിയില്ല...; കച്ചവടത്തിനായി സൂക്ഷിച്ച 56 കുപ്പി വിദേശമദ്യവുമായി ശശി അറസ്റ്റിൽ "
english_title: "A man was arrested with 56 bottles of foreign liquor kept for sale during dry days kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318156/a-man-was-arrested-with-56-bottles-of-foreign-liquor-kept-for-sale-during-dry-days-kottayam"
published_at: "2025-10-01T19:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd2fa9c2772_arrest.jpg"
keywords: []
---

# സ്ത്രീകളെ കൊണ്ട് വരെ പറേപ്പിച്ചു, ഡ്രൈ ഡേ മുതലാക്കാനും പറ്റിയില്ല...; കച്ചവടത്തിനായി സൂക്ഷിച്ച 56 കുപ്പി വിദേശമദ്യവുമായി ശശി അറസ്റ്റിൽ 

> **Lead Summary:** ഡ്രൈ ഡേ ദിവസങ്ങളിൽ കച്ചവടത്തിനായി സൂക്ഷിച്ച 56 കുപ്പി വിദേശമദ്യവുമായി പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവലയിൽ ഒരാൾ അറസ്റ്റിൽ. പാറാംതോട് തള്ളക്കയം ഭാഗത്ത് താന്നിമൂട്ടിൽ വീട്ടിൽ ടി.എൻ. ശശിയെയാണ് പൊൻകുന്നം എക്‌സൈസ് അറസ്റ്റ് ചെയ്തത്.

## Article Content

ഡ്രൈ ഡേ ദിവസങ്ങളിൽ കച്ചവടത്തിനായി സൂക്ഷിച്ച 56 കുപ്പി വിദേശമദ്യവുമായി പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവലയിൽ ഒരാൾ അറസ്റ്റിൽ. പാറാംതോട് തള്ളക്കയം ഭാഗത്ത് താന്നിമൂട്ടിൽ വീട്ടിൽ ടി.എൻ. ശശിയെയാണ് പൊൻകുന്നം എക്‌സൈസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീടിന്റെ കിടപ്പുമുറിയിൽ അഞ്ചു സഞ്ചികളിലായി സൂക്ഷിച്ച 56 കുപ്പി മദ്യമാണ് കണ്ടെടുത്തത്. രണ്ടുദിവസത്തെ ഡ്രൈ ഡേയിലെ മദ്യ വിൽപ്പന ലക്ഷ്യമാക്കി സൂക്ഷിച്ചു വെച്ച 56 അരലിറ്റർ കുപ്പി (28 ലിറ്റർ) മദ്യം പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ബി. ബിനുവും സംഘവും ചേർന്നാണ് പിടികൂടിയത്.

ഈ ഭാഗത്ത് അനധികൃത മദ്യ വില്പന നടക്കുന്നതായി സ്ത്രീകൾ അടക്കമുള്ളവരുടെ പരാതി നേരത്തെ പൊൻകുന്നം എക്‌സൈസിന് ലഭിച്ചിരുന്നു. ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കേസ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ബി.ബിനു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.ടി.അഭിലാഷ്, പ്രിവന്റീവ് ഓഫീസർ എസ്.വികാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എസ്.നിമേഷ്, കെ.എ.നവാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ മോഹൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318156/a-man-was-arrested-with-56-bottles-of-foreign-liquor-kept-for-sale-during-dry-days-kottayam)