---
title: "'പ്രിന്റു മഹാദേവിന്റെ നിലപാടിനോട് യോജിപ്പില്ല; വ്യക്തിവൈരാഗ്യം സൂക്ഷിക്കുന്ന പാർട്ടിയല്ല ബി.ജെ.പി' -രാജീവ് ചന്ദ്രശേഖർ"
english_title: "rajeevchandrashekhar reacts on printumahadev death threat on rahulgandhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318070/rajeevchandrashekhar-reacts-on-printumahadev-death-threat-on-rahulgandhi"
published_at: "2025-10-01T12:27:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcd17c26920_tyrt.jpg"
keywords: []
---

# 'പ്രിന്റു മഹാദേവിന്റെ നിലപാടിനോട് യോജിപ്പില്ല; വ്യക്തിവൈരാഗ്യം സൂക്ഷിക്കുന്ന പാർട്ടിയല്ല ബി.ജെ.പി' -രാജീവ് ചന്ദ്രശേഖർ

> **Lead Summary:** **ദില്ലി: ( **[www.truevisionnews.com]** ) **പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ കൊലവിളി പ്രസം​ഗം നടത്തിയ ബിജെപി വക്താവ് പ്രിൻ്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രിൻ്റുവിൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

## Article Content

**ദില്ലി: ( **[www.truevisionnews.com]** ) **പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ കൊലവിളി പ്രസം​ഗം നടത്തിയ ബിജെപി വക്താവ് പ്രിൻ്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രിൻ്റുവിൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വക്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പാർട്ടി പിന്തുണ ഇല്ലെന്ന പ്രിൻ്റു മഹാദേവൻ്റെ പരാതിയെ കുറിച്ച് തനിക്ക് അറിയില്ല. പുറത്ത് വന്ന ചാറ്റുകളെ കുറിച്ച് അറിയില്ല. ചിലർ രസത്തിന് വേണ്ടി എന്തോ ചെയ്യുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെയാണ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്.

കേസില്‍ പ്രിന്റു മഹാദേവന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. കുന്നംകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രിന്റുവിന് ജാമ്യം അനുവദിച്ചത്. രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തി എന്ന പരാതിയിൽ കഴിഞ്ഞ ദിവസം പേരാമംഗലം പൊലീസ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിരുന്നു. പ്രിന്റുവിനെ കണ്ടെത്താൻ ബിജെപി നേതാക്കളുടെ വീട്ടിൽ പൊലീസ് റെയ്ഡും നടത്തിയിരുന്നു. താൻ ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്നായിരുന്നു പ്രിന്റു മാധ്യമങ്ങളോട് പ്രതികരിച്ചത്.

രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് പ്രിന്റു വിവാദ പരാമർശം നടത്തിയത്. വിവാദ പരാമർശത്തിൽ പ്രിൻ്റു മഹാദേവനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഡ്വ ബിപിൻ മാമൻ്റെ മൊഴിയാണ് തിരുവല്ല പൊലീസ് രേഖപ്പെടുത്തിയത്.

ഈ മാസം 27 നാണ് ഇമെയിൽ വഴി ബിപിൻ തിരുവല്ല എസ് എച്ച് ഒയ്ക്കാണ് പരാതി നൽകിയത്. എന്നാൽ പ്രിൻ്റു മഹാദേവനെതിരെ കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ നൽകിയ പരാതിയിലാണ് തൃശ്ശൂർ പേരാമംഗലം പൊലീസ് കേസെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ പേരാമംഗലം പൊലീസ് കേസെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318070/rajeevchandrashekhar-reacts-on-printumahadev-death-threat-on-rahulgandhi)