---
title: "'കു​റ്റ്യാ​ടിയിലെ അ​രി​ക്ക​ടു​ക്ക'; ചിക്കനും ബീഫും മാറി നില്‍ക്കും, കല്ലുമ്മക്കായ പൊരിച്ചതുണ്ടെങ്കില്‍ നാളത്തെ ഊണ് കെങ്കേമം"
english_title: "how to make kuttiyadi arikkadukka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317970/how-to-make-kuttiyadi-arikkadukka"
published_at: "2025-09-30T21:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbfb02a7c38_hghj.jpg"
keywords: []
---

# 'കു​റ്റ്യാ​ടിയിലെ അ​രി​ക്ക​ടു​ക്ക'; ചിക്കനും ബീഫും മാറി നില്‍ക്കും, കല്ലുമ്മക്കായ പൊരിച്ചതുണ്ടെങ്കില്‍ നാളത്തെ ഊണ് കെങ്കേമം

> **Lead Summary:** **( **[www.truevisionnews.com]** ) **നാട്ടിൻ പുറങ്ങളിൽ പറഞ്ഞു കേൾക്കാറുള്ള ഞവുണിക്ക അല്ലെങ്കിൽ കടുക്ക നിങ്ങൾ എപ്പോഴെങ്കിലും വറുത്ത് കഴിച്ചിട്ടുണ്ടോ? പൊതുവെ മലബാർ മേഖലയിലാണ് ഇത് പ്രചാരത്തിലുള്ളത്. കക്കയുടെ വർഗത്തിൽപ്പെടുന്ന കട്ടി പുറംതോടുള്ള മത്സ്യമാണ് കല്ലുമ്മക്കായ എന്ന ഞവുണിക്ക. മലബാർ തീരത്താണ് അധികമായി ഇതു കണ്ടുവരുന്നത്.

## Article Content

**( **[www.truevisionnews.com]** ) **നാട്ടിൻ പുറങ്ങളിൽ പറഞ്ഞു കേൾക്കാറുള്ള ഞവുണിക്ക അല്ലെങ്കിൽ കടുക്ക നിങ്ങൾ എപ്പോഴെങ്കിലും വറുത്ത് കഴിച്ചിട്ടുണ്ടോ? പൊതുവെ മലബാർ മേഖലയിലാണ് ഇത് പ്രചാരത്തിലുള്ളത്. കക്കയുടെ വർഗത്തിൽപ്പെടുന്ന കട്ടി പുറംതോടുള്ള മത്സ്യമാണ് കല്ലുമ്മക്കായ എന്ന ഞവുണിക്ക. മലബാർ തീരത്താണ് അധികമായി ഇതു കണ്ടുവരുന്നത്.

എന്നാൽ ഇന്ന് ഒട്ടുമിക്ക തീരപ്രദേശങ്ങളിലും കല്ലുമ്മക്കായ കൃഷി വ്യാപകമാണ്. ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ ഗുണം. കല്ലുമ്മക്കായ വൃത്തിയാക്കുന്നതിനാണ് അൽപ്പം ബുദ്ധിമുട്ട് നേരിടുന്നത്. തോടോടു കൂടിയ കല്ലുമ്മക്കായ ആണെങ്കിൽ വൃത്തിയായി കഴുകിയതിനു ശേഷം ആവിയിൽ വേവിച്ചെടുത്താൽ മതിയാകും.

കട്ടിയുള്ള തോട് സ്വഭാവികമായി അടർന്നു പോകും. ശേഷം വിരലുകളുടെ ഇടയ്ക്ക വച്ച് ചെറുതായി അമർത്തി വൃത്തിയാക്കിയെടുക്കാം. കടകളിൽ വൃത്തിയാക്കി പായ്ക്ക് ചെയ്തവയും ലഭ്യമാണ്. അവ ഉപയോഗപ്പെടുത്തുന്നത് സമയം ലാഭിക്കാൻ സഹായിക്കും. മലബാറിൽ ഏറെ പ്രചാരത്തിലുള്ള ഒരടിപൊളി ഐറ്റമാണ് അരിക്കടുക്ക എന്ന കല്ലുമ്മക്കായ നിറച്ചത്. ഒരു തവണ ട്രൈ ചെയ്താൽ വീണ്ടും കഴിക്കാൻ കൊതിപ്പിക്കുന്ന റെസിപ്പിയാണ് ഇതിൻ്റെത്. മലബാറിലെ കടകളിൽ ചൂടു ചായയ്ക്കൊപ്പം കിട്ടുന്ന കല്ലുമ്മക്കായ് നിറച്ചത് കഴിച്ചവർ അതിന്റെ രുചിയൊരിക്കലും മറക്കില്ല. നാളത്തെ ഊണിനൊപ്പം ഒന്ന് തയ്യാറാക്കിയാലോ...?

കല്ലുമ്മക്കായ- 10

ചോറ്- 2 കപ്പ്

ചുവന്നുള്ളി- 15

പച്ചമുളക്- 2

ജീരകം- 1 ടേബിൾസ്പൂൺ

ഉപ്പ്- ആവശ്യത്തിന്

തേങ്ങ- 1/2 കപ്പ്

മുളുകുപൊടി- 3 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ

എണ്ണ- ആവശ്യത്തിന്

പച്ചരി വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. വെള്ളത്തില്‍ കുതിര്‍ത്ത അരിയും ഉള്ളിയും ജീരകവും തേങ്ങയും അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റി നന്നായി യോജിപ്പിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും കുറച്ചു കുറച്ചായി അരിപ്പൊടി ചേര്‍ത്ത് ടൈറ്റാക്കി എടുക്കുക.

ഓരോ കല്ലുമ്മക്കായയുടെ ഉള്ളിലും ഈ അരിയുടെ കൂട്ട് ഇട്ട് ഫില്‍ ചെയ്തു കൊടുക്കുക. ഇതിനെ 20 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം തോട് കളഞ്ഞു അതിലേക്ക് മസാല ചേര്‍ത്തു പിടിപ്പിക്കണം. അതിനായി ബൗളിലേക്ക് കാശ്മീരി ചില്ലി പൗഡറും മഞ്ഞള്‍പ്പൊടിയും ഉപ്പും ഗരം മസാലയും കറിവേപ്പിലയും വെള്ളവും ഒഴിച്ച് മസാല ഉണ്ടാക്കുക.

അതിലേക്ക് ഓരോ കല്ലുമ്മക്കായയും മുക്കി എടുക്കുക. നല്ല ചൂടുള്ള വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ചൂടോടെ കഴിച്ചു നോക്കൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317970/how-to-make-kuttiyadi-arikkadukka)