---
title: "യമ്മി ക്രീമി 'ചിക്കൻ സ്റ്റൂ' റെസിപി ഇതാ.....!"
english_title: "Chicken Stew Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317927/chicken-stew-recipe"
published_at: "2025-09-30T16:24:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbb6f07e945_bfvng_.jpg"
keywords: []
---

# യമ്മി ക്രീമി 'ചിക്കൻ സ്റ്റൂ' റെസിപി ഇതാ.....!

> **Lead Summary:** **[** അപ്പം, ഇടിയപ്പം, ചപ്പാത്തി, അല്ലെങ്കിൽ ബ്രെഡ് ഇതിന്റെയൊക്കെ കൂടെ സെർവ് ചെയ്യാൻ പറ്റുന്ന നല്ലൊരു ചിക്കൻ റെസിപ്പിയാണ് , 'ചിക്കൻ സ്റ്റൂ'. അധികം മസാലകൾ ചേർക്കാത്ത ക്രീമി സ്റ്റൂ നെയ്‌ച്ചോറിനൊപ്പവും നല്ല കോമ്പിനേഷൻ ആണ്

## Article Content

**[** അപ്പം, ഇടിയപ്പം, ചപ്പാത്തി, അല്ലെങ്കിൽ ബ്രെഡ് ഇതിന്റെയൊക്കെ കൂടെ സെർവ് ചെയ്യാൻ പറ്റുന്ന നല്ലൊരു ചിക്കൻ റെസിപ്പിയാണ് , 'ചിക്കൻ സ്റ്റൂ'. അധികം മസാലകൾ ചേർക്കാത്ത ക്രീമി സ്റ്റൂ നെയ്‌ച്ചോറിനൊപ്പവും നല്ല കോമ്പിനേഷൻ ആണ്

**ആവിശ്യമായ ചേരുവകൾ :**

*ചിക്കൻ - ½ കിലോ (ചെറിയ കഷണങ്ങളാക്കിയത്)*

*വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ*

*സവാള - 1 എണ്ണം (ചെറുതായി അരിഞ്ഞത്)*

*ഉരുളക്കിഴങ്ങ് - 1 എണ്ണം (കഷണങ്ങളാക്കിയത്)*

*ക്യാരറ്റ് - 1 ചെറുത് (കഷണങ്ങളാക്കിയത്)*

*ഇഞ്ചി - 1 ഇഞ്ച് കഷണം (ചെറുതായി അരിഞ്ഞത്)*

*വെളുത്തുള്ളി - 6 അല്ലി (ചെറുതായി അരിഞ്ഞത്)*

*പച്ചമുളക് - 5 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)*

* തേങ്ങാപ്പാൽ-(രണ്ടാം പാൽ) - 2 കപ്പ്*

* തേങ്ങാപ്പാൽ -(ഒന്നാം പാൽ) - ¾ കപ്പ്*

*ചെറിയുള്ളി - 6-7 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)*

*കറിവേപ്പില - 3 തണ്ട്*

*നാരങ്ങാനീര് - ½ ടേബിൾസ്പൂൺ*

*കുരുമുളക് ചതച്ചത് - ½ ടീസ്പൂൺ*

*ഗരം മസാല - ½ ടീസ്പൂൺ*

*കറുവപ്പട്ട - 3 ഇഞ്ച് കഷണം*

*ഏലയ്ക്ക - 5 എണ്ണം*

*ഗ്രാമ്പൂ - 6 എണ്ണം*

*അണ്ടിപ്പരിപ്പ് - ആവശ്യത്തിന് (ഓപ്ഷണൽ)*

*ഉപ്പ് - 1¼ ടീസ്പൂൺ (അല്ലെങ്കിൽ ആവശ്യത്തിന്*

**തയ്യാറാകുന്ന വിധം :**

ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ഒരുപാട് ചൂടാകുന്നതിന് മുൻപ് കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ ചേർത്ത് ചെറുതായി വഴറ്റുക. ഏലയ്ക്കയുടെ ഫ്ലേവർ നന്നായി ലഭിക്കാൻ അത് ചെറുതായി പൊട്ടിച്ചിടുന്നത് നല്ലതാണ്. എണ്ണ ചൂടായി വരുമ്പോൾ തീ മീഡിയം ഫ്ലേമിൽ വെച്ച ശേഷം ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് പത്ത് മുതൽ പതിനഞ്ച് സെക്കൻഡ് വഴറ്റുക.

ഇതിലേക്ക് അരിഞ്ഞുവെച്ച സവാളയും അര ടീസ്പൂൺ ഉപ്പും ചേർത്ത് സവാളയുടെ നിറം മാറി മൃദുവായി വരുന്നതുവരെ വഴറ്റുക. സവാള ഗോൾഡൻ നിറമാകേണ്ട ആവശ്യമില്ല. സവാള വെന്തു കഴിഞ്ഞാൽ അതിലേക്ക് ചിക്കൻ കഷണങ്ങൾ, അരടേബിൾസ്പൂൺ നാരങ്ങാനീര്, ബാക്കിയുള്ള മുക്കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കുക. തീ കൂട്ടി വെച്ച്മിനാല് മുതൽ അഞ്ച് മിനിറ്റ് നേരം ചിക്കന്റെ പുറംഭാഗം വെളുത്ത നിറമാകുന്നതുവരെ ഇളക്കുക.

ഇനി ഉരുളക്കിഴങ്ങ്, ക്യാരറ്റ്, കറിവേപ്പില എന്നിവ ചേർക്കുക. ഇതിലേക്ക് രണ്ട് കപ്പ് കട്ടി കുറഞ്ഞ തേങ്ങാപ്പാൽ (രണ്ടാം പാൽ) ഒഴിച്ച് നന്നായി ഇളക്കുക. കറി തിളക്കാൻ തുടങ്ങുമ്പോൾ തീ മീഡിയം ഫ്ലേമിലേക്ക് കുറച്ച്, പാത്രം അടച്ചുവെച്ച് പത്ത് മുതൽ പന്ത്രണ്ട് മിനിറ്റ് വേവിക്കുക. ചിക്കനും ഉരുളക്കിഴങ്ങും വേവുന്നതുവരെ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. ചിക്കൻ വെന്തു കഴിഞ്ഞാൽ ഗ്രേവിക്ക് കൊഴുപ്പ് കിട്ടാനായി കറിയിലുള്ള രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് കഷണങ്ങൾ ഒരു തവി ഉപയോഗിച്ച് ഉടച്ച് ഗ്രേവിയിൽ യോജിപ്പിക്കുക.

ഇതിലേക്ക് ചതച്ച കുരുമുളകും ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി ഒരു മിനിറ്റ് കൂടി തിളപ്പിക്കുക. അതിനുശേഷം മുക്കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ (ഒന്നാം പാൽ) ചേർത്ത് ഇളക്കുക. കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച ശേഷം കറി തിളക്കാൻ പാടില്ല. ചെറുതായി ആവി വന്നു തുടങ്ങുമ്പോൾ തന്നെ തീ ഓഫ് ചെയ്യുക. മറ്റൊരു ചെറിയ പാനിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി, വേണമെങ്കിൽ അല്പം അണ്ടിപ്പരിപ്പ് വറുത്ത് കറിയിലേക്ക് ചേർക്കാം. അതേ എണ്ണയിൽ അരിഞ്ഞുവെച്ച ചെറിയുള്ളിയും കറിവേപ്പിലയും ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.

വറുത്തുവെച്ച ഈ മിശ്രിതം കറിക്ക് മുകളിലായി ഒഴിക്കുക. ഉടൻ തന്നെ ഇളക്കാതെ പത്ത് മിനിറ്റ് നേരം അടച്ചുവെക്കുക. ഇത് കറിക്ക് നല്ല മണം കിട്ടാൻ സഹായിക്കും. പത്ത് മിനിറ്റിന് ശേഷം എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് ചെറുചൂടോടെ അപ്പം, ഇടിയപ്പം, അല്ലെങ്കിൽ ചപ്പാത്തിയുടെ കൂടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317927/chicken-stew-recipe)