---
title: "വല്ലാത്ത ചെയ്ത്ത് ആയിപ്പോയി; ‘ആദ്യരാത്രി ഒന്നിച്ചുകിടക്കരുത്’, അനുസരിച്ച് വരന്‍; പുലര്‍ച്ചെ ബ്രോക്കര്‍ക്കൊപ്പം ഒളിച്ചോടി നവവധു"
english_title: "bride elopes with broker fraud rajasthan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317875/bride-elopes-with-broker-fraud-rajasthan"
published_at: "2025-09-30T14:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db98a71d874_hhhhh.jpg"
keywords: []
---

# വല്ലാത്ത ചെയ്ത്ത് ആയിപ്പോയി; ‘ആദ്യരാത്രി ഒന്നിച്ചുകിടക്കരുത്’, അനുസരിച്ച് വരന്‍; പുലര്‍ച്ചെ ബ്രോക്കര്‍ക്കൊപ്പം ഒളിച്ചോടി നവവധു

> **Lead Summary:** **( **[www.truevisionnews.com]** )** കല്യാണം നടത്തിയ ബ്രോക്കര്‍ക്കൊപ്പം ആദ്യരാത്രിയില്‍ നവവധു ഒളിച്ചോടി. രാജസ്ഥാനിലെ കിഷന്‍ഗറിലാണ് സംഭവം. സിനിമാക്കഥകളെപ്പോലും വെല്ലുന്ന തരത്തിലുളള രംഗങ്ങളാണ് ഈ കല്യാണവീട്ടില്‍ നടന്നത്. രണ്ടു ലക്ഷം രൂപ വാങ്ങിയാണ് ബ്രോക്കര്‍ ജിതേന്ദ്ര കല്യാണം നടത്തിയത്.

## Article Content

**( **[www.truevisionnews.com]** )** കല്യാണം നടത്തിയ ബ്രോക്കര്‍ക്കൊപ്പം ആദ്യരാത്രിയില്‍ നവവധു ഒളിച്ചോടി. രാജസ്ഥാനിലെ കിഷന്‍ഗറിലാണ് സംഭവം. സിനിമാക്കഥകളെപ്പോലും വെല്ലുന്ന തരത്തിലുളള രംഗങ്ങളാണ് ഈ കല്യാണവീട്ടില്‍ നടന്നത്. രണ്ടു ലക്ഷം രൂപ വാങ്ങിയാണ് ബ്രോക്കര്‍ ജിതേന്ദ്ര കല്യാണം നടത്തിയത്.

ഒടുവില്‍ വധുവിനേയും കൊണ്ട് ഒളിച്ചോടിയ കല്യാണബ്രോക്കറെക്കുറിച്ചോര്‍ത്ത് മൂക്കത്ത് വിരല്‍ വച്ചിരിക്കുകയാണ് വരന്‍റെ കുടുംബം. ആഘോഷപൂര്‍വമാണ് പരമ്പരാഗതരീതിയില്‍ വിവാഹം നടത്തിയത്. പാട്ടും നൃത്തവും മധുരംവയ്പ്പുമെല്ലാം ചേര്‍ന്ന ആഡംബരവിവാഹം . പരമ്പരാഗത ആചാരത്തിന്‍റെ ഭാഗമായി അമ്മായിയമ്മ പുത്തന്‍ മരുമകള്‍ക്ക് സ്വര്‍ണം നല്‍കുന്ന ചടങ്ങും ‌നടത്തി.

ആദ്യരാത്രി പെണ്ണും ചെക്കനും ഉറങ്ങാനായി മുറിയിലെത്തിയതോടെ വധു ഒരു കാര്യം ആവശ്യപ്പെട്ടു, തങ്ങളുടെ കുടുംബാചാരപ്രകാരം ഇന്നുരാത്രി ഒന്നിച്ചുറങ്ങാന്‍ പാടില്ലെന്നു വരനോട് പറഞ്ഞു, ആചാരമല്ലേ, ലംഘിക്കേണ്ടെന്ന് കരുതി ആവശ്യം ശരിവച്ച് വരന്‍ മാറിക്കിടന്നു. പുലര്‍ച്ചെ മൂന്നുമണിയായപ്പോള്‍ ശുചിമുറിയില്‍ പോകാനായി എഴുന്നേറ്റപ്പോഴാണ് നവവധുവിനെ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്.

പിന്നാലെ കുടുംബാംഗങ്ങളെയെല്ലാം വിളിച്ച് കാര്യം പറഞ്ഞു. ചുമ്മാ ഒളിച്ചോടിയതല്ലെന്നും സ്വര്‍ണവും പണവുമെല്ലാമെടുത്ത് ബ്രോക്കര്‍ക്കൊപ്പമാണ് ഒളിച്ചോടിയതെന്നും അധികം താമസിയാതെ കുടുംബത്തിനു ബോധ്യപ്പെട്ടു. സമീപത്തെ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലുമുള്‍പ്പെടെ ഇവര്‍ വധുവിനെ തിരഞ്ഞു.

തുടര്‍ന്ന് മദന്‍ഗഞ്ച് പൊലീസില്‍ കുടുംബം പരാതി നല്‍കി. വിവാഹാലോചന മുതല്‍ ബ്രോക്കറും യുവതിയും ചേര്‍ന്നുനടത്തിയ നാടകമായിരുന്നു ഇതെല്ലാമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317875/bride-elopes-with-broker-fraud-rajasthan)