---
title: "'അച്ചപ്പം വേണോ മോളെ ബോണ്ട വേണോ' ..... 'അച്ചപ്പം' മതിയെ .... അച്ചപ്പം ഈസി റെസിപി"
english_title: "Achappam Easy Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317734/achappam-easy-recipe"
published_at: "2025-09-29T16:41:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da6982601a1_gfdfg.jpg"
keywords: []
---

# 'അച്ചപ്പം വേണോ മോളെ ബോണ്ട വേണോ' ..... 'അച്ചപ്പം' മതിയെ .... അച്ചപ്പം ഈസി റെസിപി

> **Lead Summary:** **[** കടയിൽ ഇന്ന് വാങ്ങിമാത്രമല്ലേ 'അച്ചപ്പം' കഴിച്ചിട്ടുള്ളു .കടയിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ തയാറാക്കി നോക്കിയാലോ ....? എങ്കിൽ വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന അച്ചപ്പക്കൂട്ട് ഇതാ പിടിച്ചൊള്ളു ...!

## Article Content

**[** കടയിൽ ഇന്ന് വാങ്ങിമാത്രമല്ലേ 'അച്ചപ്പം' കഴിച്ചിട്ടുള്ളു .കടയിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ തയാറാക്കി നോക്കിയാലോ ....? എങ്കിൽ വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന അച്ചപ്പക്കൂട്ട് ഇതാ പിടിച്ചൊള്ളു ...!

**ആവശ്യമായ ചേരുവകൾ :**

*മുട്ട - 1 എണ്ണം*

*പഞ്ചസാര - ¼ കപ്പ് (4 ടേബിൾസ്പൂൺ)*

*ഉപ്പ് - 1 നുള്ള്*

*ഒന്നാം തേങ്ങാപ്പാൽ (കട്ടിയുള്ളത്) - 1 കപ്പ് (250 മില്ലി)*

*വെള്ളം അല്ലെങ്കിൽ രണ്ടാം തേങ്ങാപ്പാൽ - ¼ കപ്പ് (60 മില്ലി)*

*വറുത്ത അരിപ്പൊടി (അപ്പം/ഇടിയപ്പം/പത്തിരിപ്പൊടി) - 1½ കപ്പ് (250 ഗ്രാം)*

*കറുത്ത എള്ള് - ¾ ടീസ്പൂൺ*

**തയ്യാറാക്കുന്ന വിധം:**

ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട, കാൽ കപ്പ് പഞ്ചസാര, ഒരു നുള്ള് ഉപ്പ്, ഒരു കപ്പ് ഒന്നാം തേങ്ങാപ്പാൽ, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് അര മിനിറ്റ് നേരം നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത കൂട്ടിലേക്ക് ഒന്നര കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് ചെറുതായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം വീണ്ടും മിക്സിയിൽ ഒരു മിനിറ്റ് നേരം കൂടി അടിച്ചെടുക്കുക.

തയ്യാറാക്കിയ മാവ് ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് മുക്കാൽ ടീസ്പൂൺ കറുത്ത എള്ള് ചേർത്ത് നന്നായി ഇളക്കുക. ഈ മാവ് പതിനഞ്ച് മുതൽ ഇരുപത് മിനിറ്റ് നേരം മാറ്റിവെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അച്ചപ്പത്തിന്റെ അച്ച് എണ്ണയിൽ മുക്കി നന്നായി ചൂടാക്കണം. ചൂടായ അച്ച്, തയ്യാറാക്കിയ മാവിൽ മുക്കാൽ ഭാഗത്തോളം മുക്കുക. അച്ച് പൂർണ്ണമായും മാവിൽ മുങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

മാവിൽ മുക്കിയ അച്ച് ചൂടായ എണ്ണയിലേക്ക് വെക്കുക. ഏകദേശം ആർ മുതൽ ഏഴു സെക്കൻഡിനു ശേഷം അച്ച് ചെറുതായി കുലുക്കി അച്ചപ്പം എണ്ണയിലേക്ക് ഇടുക. ഒരു വശം ലൈറ്റ് ഗോൾഡൻ നിറമാകുമ്പോൾ മറിച്ചിട്ട് മറ്റേ വശവും ഏകദേശം ഒരു മിനിറ്റോളം വറുക്കുക. രണ്ടു വശവും പാകമായാൽ എണ്ണയിൽ നിന്ന് കോരിയെടുക്കാം. ഈ മാവ് ഉപയോഗിച്ച് ഏകദേശം ഇരുപത്തിയെട്ട് അച്ചപ്പം വരെ ഉണ്ടാക്കാൻ സാധിക്കും.

**പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:**

*മാവിന്റെ അയവ് ദോശമാവിനേക്കാൾ അല്പം കൂടി ലൂസ് ആയിരിക്കണം. വെള്ളം കൂടിയാൽ അല്പം അരിപ്പൊടി ചേർത്തും, വെള്ളം കുറഞ്ഞാൽ അല്പം വെള്ളം ചേർത്തും പാകമാക്കാം.*

*ഓരോ തവണയും അച്ച് മാവിൽ മുക്കുന്നതിന് മുമ്പ് എണ്ണയിൽ മുക്കി നന്നായി ചൂടായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.*

*അച്ചപ്പം ഉണ്ടാക്കുന്നതിനിടയിൽ ഇടയ്ക്കിടെ മാവ് ഇളക്കിക്കൊടുക്കണം.*

*അച്ചപ്പം എണ്ണയിൽ നിന്ന് കോരുമ്പോൾ ഒരുപാട് നിറം മാറാൻ കാത്തുനിൽക്കരുത്. ഇളം ഗോൾഡൻ നിറമാകുമ്പോൾ കോരിയെടുക്കുക. പുറത്തെടുത്ത് അല്പസമയം കഴിയുമ്പോൾ നിറം കുറച്ചുകൂടി ഇരുണ്ടതാകും.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317734/achappam-easy-recipe)