---
title: "വല്ലാത്തൊരു പൊല്ലാപ്പ് ....;  ചിക്കന്റെ ചെസ്റ്റ് പീസിന് പകരം വിങ്സ് പീസ്; ചിക്കൻ ഫ്രൈയെ ചൊല്ലി ഹോട്ടലിൽ മർദ്ദനം, ഒരാൾക്ക് പരിക്ക്"
english_title: "Chicken breast piece replaced with wing piece; Attack at hotel over chicken fries, one injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317627/chicken-breast-piece-replaced-with-wing-piece-attack-at-hotel-over-chicken-fries-one-injured"
published_at: "2025-09-29T08:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d9f51688e9a_chkn.jpg"
keywords: []
---

# വല്ലാത്തൊരു പൊല്ലാപ്പ് ....;  ചിക്കന്റെ ചെസ്റ്റ് പീസിന് പകരം വിങ്സ് പീസ്; ചിക്കൻ ഫ്രൈയെ ചൊല്ലി ഹോട്ടലിൽ മർദ്ദനം, ഒരാൾക്ക് പരിക്ക്

> **Lead Summary:** ചിക്കൻ ഫ്രൈയെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. ഭക്ഷണം കഴിക്കാനെത്തിയ ആൾക്ക് ഹോട്ടൽ ജീവനക്കാരന്റെ മർദ്ദനത്തിൽ പരുക്ക്. ഏറ്റുമാനൂർ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് കയ്യാങ്കളി നടന്നത്. ഭക്ഷണം കഴിക്കാനെത്തിയ തിരുവഞ്ചൂർ സ്വദേശിയും ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജീവനക്കാരനുമായ നിധിൻ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

ചിക്കൻ ഫ്രൈയെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. ഭക്ഷണം കഴിക്കാനെത്തിയ ആൾക്ക് ഹോട്ടൽ ജീവനക്കാരന്റെ മർദ്ദനത്തിൽ പരുക്ക്. ഏറ്റുമാനൂർ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് കയ്യാങ്കളി നടന്നത്. ഭക്ഷണം കഴിക്കാനെത്തിയ തിരുവഞ്ചൂർ സ്വദേശിയും ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജീവനക്കാരനുമായ നിധിൻ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.

ഹോട്ടലിൽ എത്തിയ നിധിൻ പൊറോട്ടയും ചിക്കൻ ഫ്രൈയുമാണ് ആവശ്യപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ഓ‍ർഡർ എടുത്തത്. ചിക്കന്റെ ചെസ്റ്റ് പീസ് വേണമെന്ന് നിധിൻ ജീവനക്കാരനോട് പ്രത്യേകം പറയുകയും ചെയ്തു. എന്നാൽ കൊണ്ടുവന്നത് വിങ്സ് പീസ് ആയിരുന്നു.

ഇത് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട തന്നോട് വേണമെങ്കിൽ കഴിച്ചാൽ മതിയെന്നായിരുന്നു ജീവനക്കാരന്റെ മറുപടിയെന്നും ഇയാളുടെ സംസാരരീതി ചോദ്യം ചെയ്ത തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും നിധിൻ പറയുന്നു. നിധിന്റെ നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം ജീവനക്കാരൻ കടന്നുകളഞ്ഞെന്നും നിധിൻ പറയുന്നു. പരാതി ലഭിച്ചിട്ടില്ലെന്നും പരാതി വരുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317627/chicken-breast-piece-replaced-with-wing-piece-attack-at-hotel-over-chicken-fries-one-injured)