---
title: "'വീടിന് ദോഷമുണ്ടല്ലോ ...സ്വര്‍ണം സമര്‍പ്പിച്ച് പ്രാര്‍ഥിക്കണം'; വീട്ടമ്മയെ വിശ്വസിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തു, നാലംഗസംഘം പിടിയില്‍"
english_title: "idukki karimannur gold fraud"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317593/idukki-karimannur-gold-fraud"
published_at: "2025-09-28T20:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d953f9c75c2_IDUKKI.jpg"
keywords: []
---

# 'വീടിന് ദോഷമുണ്ടല്ലോ ...സ്വര്‍ണം സമര്‍പ്പിച്ച് പ്രാര്‍ഥിക്കണം'; വീട്ടമ്മയെ വിശ്വസിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തു, നാലംഗസംഘം പിടിയില്‍

> **Lead Summary:** **ഇടുക്കി: ** വിശ്വാസത്തിന്റെപേരില്‍ വീട്ടമ്മയുടെ സ്വര്‍ണം വില്‍പ്പന നടത്തി എട്ടരലക്ഷം രൂപ തട്ടിയ നാലുപേര്‍ അറസ്റ്റില്‍. തൊടുപുഴ ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് സര്‍ക്കാര്‍ ജീവനക്കാരനും മൂന്നു സ്ത്രീകളുമടങ്ങുന്ന സംഘത്തെ പിടികൂടിയത്.

## Article Content

**ഇടുക്കി: ** വിശ്വാസത്തിന്റെപേരില്‍ വീട്ടമ്മയുടെ സ്വര്‍ണം വില്‍പ്പന നടത്തി എട്ടരലക്ഷം രൂപ തട്ടിയ നാലുപേര്‍ അറസ്റ്റില്‍. തൊടുപുഴ ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് സര്‍ക്കാര്‍ ജീവനക്കാരനും മൂന്നു സ്ത്രീകളുമടങ്ങുന്ന സംഘത്തെ പിടികൂടിയത്.

കരിമണ്ണൂര്‍ പള്ളിക്കാമുറി പാഴൂക്കര സ്വദേശിനിയായ 66-കാരിയാണ് തട്ടിപ്പിനിരയായത്. പുറപ്പുഴ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ജീവനക്കാരനായ തൊടുപുഴ കോലാനി പാറക്കടവ് ലക്ഷംവീട് നഗര്‍ ചാരുവിള പുത്തന്‍വീട്ടില്‍ വിജീഷ് അജയകുമാര്‍(34), അത്തിവീട്ടില്‍ സുലോചന ബാബു(44), മകള്‍ അഞ്ജു ബാബു(29), അഞ്ചപ്ര വീട്ടില്‍ ഷാജിത(29) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുതവണയായി 11 പവന്‍ സ്വര്‍ണമാണ് തട്ടിയെടുത്തത്.

**പോലീസ് പറയുന്നത്: **ലോഷന്‍, പപ്പടം, കത്തി എന്നിവ വില്‍ക്കാനെന്ന പേരിലാണ് പ്രതികള്‍ വീടുകളിലെത്തുക. വീട്ടുകാരെ സമീപിച്ച് വിശ്വാസം നേടിയെടുത്തശേഷമാണ് തട്ടിപ്പ്. വീടിനുദോഷമുണ്ടെന്നും ഇതുമാറാന്‍ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ സ്വര്‍ണം സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ഥന നടത്തിയാല്‍ മതിയെന്നും വിശ്വസിപ്പിച്ച് വയോധികയില്‍നിന്ന് പലതവണയായി സ്വര്‍ണം കൈക്കലാക്കി. വയോധിക തനിച്ചാണ് താമസമെന്നും ഇവര്‍ക്ക് അറിയാമായിരുന്നു. പ്രധാന ആസൂത്രകനായ വിജീഷ് വീടുകള്‍ കണ്ടുവെച്ച് പ്രതികളായ മറ്റുസ്ത്രീകളെ കാറില്‍ ഇവിടെയെത്തിക്കും. വിജീഷ് വാഹനത്തില്‍ത്തന്നെ പരിസരത്ത് മാറി കാത്തിരിക്കും. തട്ടിപ്പിനുശേഷം വാഹനത്തില്‍ കടക്കും.

കഴിഞ്ഞദിവസം തട്ടിയെടുത്ത അഞ്ചുപവന്റെ സ്വര്‍ണമാല വിജീഷ് തൊടുപുഴയിലെ ജൂവലറിയില്‍ 3.80 ലക്ഷം രൂപയ്ക്ക് വിറ്റെന്നും പോലീസ് പറഞ്ഞു. അഞ്ജു ഒരുമോതിരം മറ്റൊരു ജൂവലറിയില്‍ വിറ്റു. രണ്ടിടങ്ങളിലും തെളിവെടുപ്പ് നടത്തി സ്വര്‍ണം കണ്ടെടുത്തു. വീട്ടമ്മയുടെ ബന്ധുക്കള്‍ സമീപത്താണ് താമസം. ഇവര്‍ക്കുതോന്നിയ സംശയമാണ് തട്ടിപ്പുവിവരം പുറത്തുവരാനിടയാക്കിയതെന്ന് ഡിവൈഎസ്പി പി.കെ. സാബു പറഞ്ഞു.

പ്രതികള്‍ ഇടയ്ക്കിടെ വീട്ടിലെത്തുന്നതും സ്വര്‍ണാഭരണങ്ങള്‍ കാണാതായതുമാണ് സംശയത്തിനിടയാക്കിയത്. ആദ്യം വീട്ടമ്മ വിവരം പറഞ്ഞില്ല. കൂടുതല്‍ സ്വര്‍ണം പോയതോടെയാണ് വിവരം പുറത്തുപറഞ്ഞത്. അന്വേഷണത്തിന് ഡിവൈഎസ്പി പ്രത്യേകസംഘത്തെ നിയോഗിച്ചു. സിസിടിവി കാമറകള്‍ പരിശോധിച്ച പോലീസിന് സ്ത്രീകള്‍ നടന്നു പോകുന്നതിന്റെയും ഇവരെത്തിയ കാറിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. ഈ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

കോലാനി ചേരിയ്ക്കുസമീപം കാറുള്ളതായി മനസ്സിലാക്കിയ പോലീസ് ഇവിടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചാരിറ്റി പ്രവര്‍ത്തനം നടത്തിയിരുന്ന ഒന്നാംപ്രതി വിജീഷ് മുന്‍പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയതായുള്ള സൂചനകള്‍ പോലീസിനു ലഭിച്ചു. പ്രതികളെ റിമാന്‍ഡു ചെയ്തു. സമാനരീതിയില്‍ തട്ടിപ്പുനടത്തിയതിന് കോട്ടയം ഈസ്റ്റ്, പാലാ പോലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരേ കേസുകളുണ്ട്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും. തട്ടിയെടുത്ത സ്വര്‍ണത്തിന്റെ ബാക്കിഭാഗം കണ്ടെത്താനുമുണ്ട്.

കരിമണ്ണൂര്‍ സിഐ വി.സി. വിഷ്ണുകുമാര്‍, എസ്‌ഐ ബിജു ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐ ഷംസുദ്ദീന്‍, എസ്സിപിഒമാരായ ഹരീഷ്, ഷാജഹാന്‍ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317593/idukki-karimannur-gold-fraud)