---
title: "നഖങ്ങൾ പറിച്ചെടുത്ത് വിരലുകൾ മുറിച്ചുമാറ്റി; യുവതികളെ ക്രൂരമായി കൊലപ്പെടുത്തി ലഹരിസംഘം, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ ലൈവ്"
english_title: "argentina drug mafia women murder instagram live"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317570/argentina-drug-mafia-women-murder-instagram-live"
published_at: "2025-09-28T17:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d928d745540_2.jpg"
keywords: []
---

# നഖങ്ങൾ പറിച്ചെടുത്ത് വിരലുകൾ മുറിച്ചുമാറ്റി; യുവതികളെ ക്രൂരമായി കൊലപ്പെടുത്തി ലഹരിസംഘം, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ ലൈവ്

> **Lead Summary:** **ബ്യൂനസ് ഐറിസ്: ** അർജന്റീനയെ ഞെട്ടിച്ച് മൂന്നു യുവതികളെ അതിക്രൂരമായി കൊലപ്പെടുത്തുന്നത് ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീമിങ് നടത്തി ലഹരിസംഘം. 20 വയസ്സുകാരായ ബന്ധുക്കളായ മൊറീന വെർഡി, ബ്രെൻഡ ഡെൽ കാസ്റ്റിലോ എന്നിവരും 15 വയസ്സുകാരി ലാറ ഗുട്ടെറസുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബ്യൂനസ് ഐറിസിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് കാണാതായി അഞ്ചു ദിവസത്തിനു ശേഷം മൃതദേഹങ്ങൾ കണ്ടെത്തിയത്.

## Article Content

**ബ്യൂനസ് ഐറിസ്: ** അർജന്റീനയെ ഞെട്ടിച്ച് മൂന്നു യുവതികളെ അതിക്രൂരമായി കൊലപ്പെടുത്തുന്നത് ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീമിങ് നടത്തി ലഹരിസംഘം. 20 വയസ്സുകാരായ ബന്ധുക്കളായ മൊറീന വെർഡി, ബ്രെൻഡ ഡെൽ കാസ്റ്റിലോ എന്നിവരും 15 വയസ്സുകാരി ലാറ ഗുട്ടെറസുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബ്യൂനസ് ഐറിസിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് കാണാതായി അഞ്ചു ദിവസത്തിനു ശേഷം മൃതദേഹങ്ങൾ കണ്ടെത്തിയത്.

കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ ബ്യൂനസ് ഐറിസിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇരകളുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തി ബന്ധുക്കളടക്കമുള്ളവർ പാർലമെന്റിലേക്ക് മാർച്ച് നടത്തി. കൊലപാതകം ഇൻസ്റ്റഗ്രാമിൽ തത്സമയം സംപ്രേഷണം നടത്തിയത്, ഒരു സ്വകാര്യ അക്കൗണ്ടിലെ 45 അംഗങ്ങൾ കണ്ടുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

മകളുടെ മൃതദേഹം അതിക്രൂര പീഡനങ്ങൾക്കൊടുവിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നെന്ന് ബ്രെൻ‌ഡയുടെ പിതാവ് പറഞ്ഞു. ഒരു മൃഗത്തോട് ചെയ്യാവുന്നതിലും അപ്പുറം ക്രൂരതയാണ് പ്രതികൾ അവരോടു ചെയ്തത് എന്നായിരുന്നു ഇരകളുടെ മുത്തച്ഛന്റെ പ്രതികരണം. കേസിൽ ഇതുവരെ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തതായി ദേശീയ സുരക്ഷ മന്ത്രി പട്രീഷ്യ ബുൾറിച്ച് പറഞ്ഞു. അറസ്റ്റിലായവരിൽ മൂന്നു പേർ പുരുഷന്മാരും രണ്ടു പേർ സ്ത്രീകളുമാണ്.

കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന 20 വയസ്സുള്ള പെറു സ്വദേശിയുടെ ഫോട്ടോ അധികൃതർ പുറത്തുവിട്ടു. ഇയാൾ‌ ഇപ്പോഴും ഒളിവിലാണ്. പ്രതികൾ യുവതികളുടെ വിരലുകൾ മുറിച്ചുമാറ്റുകയും നഖങ്ങൾ പറിച്ചെടുക്കുകയും തല്ലുകയും ശ്വാസംമുട്ടിക്കുകയും ചെയ്തതായി അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതികൾ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും കുടുംബത്തിന്റെ അറിവില്ലാതെ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരുന്നു എന്നുമാണ് വിവരം. എന്നാൽ, ബന്ധുക്കൾ ഇക്കാര്യം നിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317570/argentina-drug-mafia-women-murder-instagram-live)