---
title: "കണ്ണീരായി കരൂർ; വിജയ്‌യുടെ റാലികൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപകടത്തിന് ഇരയായ ആളുടെ ഹർജി"
english_title: "Accident victim files petition seeking ban on Vijay's rallies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317559/accident-victim-files-petition-seeking-ban-on-vijays-rallies"
published_at: "2025-09-28T16:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d914de32ea5_vijay.jpg"
keywords: []
---

# കണ്ണീരായി കരൂർ; വിജയ്‌യുടെ റാലികൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപകടത്തിന് ഇരയായ ആളുടെ ഹർജി

> **Lead Summary:** **ചെന്നൈ: **തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ കരൂരിലെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാകുംവരെ പാർട്ടിയുടെ പൊതുസമ്മേളനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. കരൂരിലെ അപകടത്തിൽ പരിക്കേറ്റ സെന്തിൽ കണ്ണൻ എന്നയാളാണ് ഹർജി നൽകിയിരിക്കുന്നത്.

## Article Content

**ചെന്നൈ: **തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ കരൂരിലെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാകുംവരെ പാർട്ടിയുടെ പൊതുസമ്മേളനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. കരൂരിലെ അപകടത്തിൽ പരിക്കേറ്റ സെന്തിൽ കണ്ണൻ എന്നയാളാണ് ഹർജി നൽകിയിരിക്കുന്നത്.

കരൂരിലുണ്ടായത് സാധാരണ അപകടമല്ലെന്നും ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്ഥതയും പൊതുജനങ്ങളുടെ സുരക്ഷയിലുള്ള അനാസ്ഥയുമാണ് ദുരന്തത്തിന് വഴിവെച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഉത്തരവാദിത്തം ഉറപ്പാക്കിയ ശേഷം മാത്രമേ ടിവികെ റാലികൾക്ക് വീണ്ടും അനുമതി നൽകാവൂ എന്നും പൊതുസുരക്ഷ അപകടത്തിലാകുമ്പോൾ ജീവിക്കാനുള്ള അവകാശത്തിന് (ഭരണഘടനയുടെ ആർട്ടിക്കിൾ 21) സംഘം ചേരാനുള്ള അവകാശത്തേക്കാൾ മുൻഗണന നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടം എത്തിയിട്ടും വെറും 500 പോലീസുകാരെ മാത്രമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നതെന്ന് തമിഴ്‌നാട് ഡിജിപി ജി. വെങ്കട്ടരാമൻ സമ്മതിച്ചിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് കരൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ, ഭാരതീയ ന്യായ സംഹിതയിലെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഹർജയിൽ പറയുന്നു.

ദുരന്തം രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയതോടെ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജസ്റ്റിസ് അരുണ ജഗദീശൻ്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കെതിരെ സംസ്ഥാന പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, അപകടത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും, ഇതിന് തങ്ങളുടെ പക്കൽ തെളിവുകളുണ്ടെന്നും ടിവികെ അവകാശപ്പെട്ടു. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച രാത്രി ഏഴുമണിയോടെ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് ദുരന്തമുണ്ടായത്. റോഡിനോടുചേർന്നുള്ള ചെറു മൈതാനത്ത് 15,000 പേർക്ക് ഇരിക്കാവുന്ന സ്ഥലത്ത് 50,000 പേർ തടിച്ചുകൂടിയിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 95-ഓളം പേരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളതെന്നാണ് വിവരം. ഇതില്‍ 51 പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് ടിവികെ നേതാവും നടനുമായ വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ സാമ്പത്തികസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. കരൂരില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തികസഹായം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317559/accident-victim-files-petition-seeking-ban-on-vijays-rallies)