---
title: "കരൂർ ദുരന്തം; ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയും കേസ്, ഉദയനിധി സ്റ്റാലിൻ ആശുപത്രിയിൽ "
english_title: "The police have registered a case against more people in connection with the tragedy that occurred during TVK president Vijay's rally in Karur, Tamil Nadu."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317496/the-police-have-registered-a-case-against-more-people-in-connection-with-the-tragedy-that-occurred-during-tvk-president-vijays-rally-in-karur-tamil-nadu"
published_at: "2025-09-28T10:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d9057032290_karoor_disater.jpg"
keywords: []
---

# കരൂർ ദുരന്തം; ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയും കേസ്, ഉദയനിധി സ്റ്റാലിൻ ആശുപത്രിയിൽ 

> **Lead Summary:** തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പൊലീസ് കേസെടുത്തിരിക്കുന്നത്.

## Article Content

തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പൊലീസ് കേസെടുത്തിരിക്കുന്നത്.

നേരത്തെ ടിവികെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്. അതേസമയം, കരൂര്‍ ദുരന്തത്തിൽ പരിക്കേറ്റവരെ കരൂര്‍ മെഡിക്കൽ കോളേജിലെത്തി തമിഴ്നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദര്‍ശിച്ചു. തുടര്‍ന്ന് മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു.

എങ്ങും മനുഷ്യരുടെ നിലവിളികളും കണ്ണീരും മാത്രം അവശേഷിപ്പിച്ച് കരൂരില്‍ ടിവികെ റാലി ഒടുങ്ങുമ്പോള്‍ നാട്ടുകാര്‍ക്ക് പറയാനുള്ളത് വീഴ്ചകളുടെ നീണ്ട ലിസ്റ്റാണ്. മനസുമരവിച്ച ജനങ്ങളുടെ ക്ഷോഭം ടിവികെയ്ക്കും വിജയ്ക്കും എതിരെ മാത്രമല്ല, പതിനായിരം പേര്‍ക്ക് പോലും അനുമതി നല്‍കിയ പൊലീസിനും സര്‍ക്കാരിനും കുഞ്ഞുങ്ങളുമായി റാലിക്കെത്തിയ വിജയ് ആരാധകര്‍ക്കുമെല്ലാം എതിരെയാണ്.

വന്‍ ജനാവലിക്ക് നടുവിലേക്ക് സ്വന്തം പിഞ്ചുകുട്ടികളെ കൊണ്ടുവന്ന ആരാധകരുടെ ബുദ്ധിക്ക് സ്ഥിരത നഷ്ടപ്പെട്ടോ എന്നുള്‍പ്പെടെ ചോദിക്കുകയാണ് കരൂര്‍ ജനത. കണ്ണീരും നടുക്കവും വിടാത്ത കണ്ണുകളോടെയാണ് നാട്ടുകാര്‍ ഈ മഹാദുരന്തത്തെക്കുറിച്ച് വിവരിക്കുന്നത്.

ഒരു റാലി നടത്താന്‍ കുഞ്ഞ് വഴിയില്‍ എവിടെ സ്ഥലമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പതിനായിരം പേര്‍ക്ക് റാലിയില്‍ പങ്കെടുക്കാന്‍ പൊലീസ് അനുമതി നല്‍കിയെന്ന് കേട്ടു. ഈ വഴിയില്‍ പതിനായിരം പേര്‍ക്ക് പോലും അനുമതി നല്‍കുന്നത് അശാസ്ത്രീയമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സമയത്താണ് ലക്ഷക്കണക്കിന് പേര്‍ വന്നത്.

വിജയ്‌ക്കോ പൊലീസിനോ വിചാരിച്ചാലും ഈ ഇട്ടാവട്ട സ്ഥലത്ത് ഇത്രയധികം പേരെ നിയന്ത്രിക്കുന്നത് പ്രയാസമായിരിക്കും. ഇത് ചിന്തിക്കാന്‍ ടിവികെ ശ്രമിക്കേണ്ടതായിരുന്നു. സ്വന്തം ജീവനും കുടുംബത്തേയും മറന്ന് വന്ന ആളുകള്‍ക്കെതിരെയും നാട്ടുകാര്‍ക്ക് വിമര്‍ശനമുണ്ട്. പൈത്യക്കാരേ, നിങ്ങള്‍ വന്ന് മരിച്ചോളൂ, കുട്ടികളെ കൊണ്ടുവരുന്നതെന്തിനെന്ന് നാട്ടുകാര്‍ ചോദിച്ചു. മരിച്ചവരില്‍ ഒന്നര വയസുള്ള കുഞ്ഞ് കൂടി ഉള്‍പ്പെടുന്ന പശ്ചാത്തലത്തിലാണ് നാട്ടുകാരുടെ വിമര്‍ശനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317496/the-police-have-registered-a-case-against-more-people-in-connection-with-the-tragedy-that-occurred-during-tvk-president-vijays-rally-in-karur-tamil-nadu)