---
title: " പൈത്യക്കാരേ..നിങ്ങള്‍ വന്ന് മരിച്ചോളൂ, കുട്ടികളെ കൊണ്ടുവരുന്നതെന്തിന് ? ; കണ്ണീരും നടുക്കവും വിടാത്ത കണ്ണുകളോടെ കരൂരിലെ നാട്ടുകാർ "
english_title: "karur people on tvk rally stampede tragedy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317479/karur-people-on-tvk-rally-stampede-tragedy"
published_at: "2025-09-28T09:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8ad3701979_karur.jpg"
keywords: []
---

#  പൈത്യക്കാരേ..നിങ്ങള്‍ വന്ന് മരിച്ചോളൂ, കുട്ടികളെ കൊണ്ടുവരുന്നതെന്തിന് ? ; കണ്ണീരും നടുക്കവും വിടാത്ത കണ്ണുകളോടെ കരൂരിലെ നാട്ടുകാർ 

> **Lead Summary:** ** എ**ങ്ങും മനുഷ്യരുടെ നിലവിളികളും കണ്ണീരും മാത്രം അവശേഷിപ്പിച്ച് കരൂരില്‍ ടിവികെ റാലി ഒടുങ്ങുമ്പോള്‍ നാട്ടുകാര്‍ക്ക് പറയാനുള്ളത് വീഴ്ചകളുടെ നീണ്ട ലിസ്റ്റാണ്. മനസുമരവിച്ച ജനങ്ങളുടെ ക്ഷോഭം ടിവികെയ്ക്കും വിജയ്ക്കും എതിരെ മാത്രമല്ല, പതിനായിരം പേര്‍ക്ക് പോലും അനുമതി നല്‍കിയ പൊലീസിനും സര്‍ക്കാരിനും കുഞ്ഞുങ്ങളുമായി റാലിക്കെത്തിയ വിജയ് ആരാധകര്‍ക്കുമെല്ലാം എതിരെയാണ്.

## Article Content

** എ**ങ്ങും മനുഷ്യരുടെ നിലവിളികളും കണ്ണീരും മാത്രം അവശേഷിപ്പിച്ച് കരൂരില്‍ ടിവികെ റാലി ഒടുങ്ങുമ്പോള്‍ നാട്ടുകാര്‍ക്ക് പറയാനുള്ളത് വീഴ്ചകളുടെ നീണ്ട ലിസ്റ്റാണ്. മനസുമരവിച്ച ജനങ്ങളുടെ ക്ഷോഭം ടിവികെയ്ക്കും വിജയ്ക്കും എതിരെ മാത്രമല്ല, പതിനായിരം പേര്‍ക്ക് പോലും അനുമതി നല്‍കിയ പൊലീസിനും സര്‍ക്കാരിനും കുഞ്ഞുങ്ങളുമായി റാലിക്കെത്തിയ വിജയ് ആരാധകര്‍ക്കുമെല്ലാം എതിരെയാണ്.

വന്‍ ജനാവലിക്ക് നടുവിലേക്ക് സ്വന്തം പിഞ്ചുകുട്ടികളെ കൊണ്ടുവന്ന ആരാധകരുടെ ബുദ്ധിക്ക് സ്ഥിരത നഷ്ടപ്പെട്ടോ എന്നുള്‍പ്പെടെ ചോദിക്കുകയാണ് കരൂര്‍ ജനത. കണ്ണീരും നടുക്കവും വിടാത്ത കണ്ണുകളോടെയാണ് നാട്ടുകാര്‍ ഈ മഹാദുരന്തത്തെക്കുറിച്ച് വിവരിക്കുന്നത്. 

ഒരു റാലി നടത്താന്‍ കുഞ്ഞ് വഴിയില്‍ എവിടെ സ്ഥലമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പതിനായിരം പേര്‍ക്ക് റാലിയില്‍ പങ്കെടുക്കാന്‍ പൊലീസ് അനുമതി നല്‍കിയെന്ന് കേട്ടു. ഈ വഴിയില്‍ പതിനായിരം പേര്‍ക്ക് പോലും അനുമതി നല്‍കുന്നത് അശാസ്ത്രീയമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സമയത്താണ് ലക്ഷക്കണക്കിന് പേര്‍ വന്നത്.

വിജയ്‌ക്കോ പൊലീസിനോ വിചാരിച്ചാലും ഈ ഇട്ടാവട്ട സ്ഥലത്ത് ഇത്രയധികം പേരെ നിയന്ത്രിക്കുന്നത് പ്രയാസമായിരിക്കും. ഇത് ചിന്തിക്കാന്‍ ടിവികെ ശ്രമിക്കേണ്ടതായിരുന്നു. സ്വന്തം ജീവനും കുടുംബത്തേയും മറന്ന് വന്ന ആളുകള്‍ക്കെതിരെയും നാട്ടുകാര്‍ക്ക് വിമര്‍ശനമുണ്ട്. പൈത്യക്കാരേ, നിങ്ങള്‍ വന്ന് മരിച്ചോളൂ, കുട്ടികളെ കൊണ്ടുവരുന്നതെന്തിനെന്ന് നാട്ടുകാര്‍ ചോദിച്ചു. മരിച്ചവരില്‍ ഒന്നര വയസുള്ള കുഞ്ഞ് കൂടി ഉള്‍പ്പെടുന്ന പശ്ചാത്തലത്തിലാണ് നാട്ടുകാരുടെ വിമര്‍ശനം.

നടന്‍ വിജയ്‌യുടെ രാഷ്ട്രീയപ്പാര്‍ട്ടി തമിഴക വെട്രിക് കഴകം സംഘടിപ്പിച്ച സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂര്‍ വേലുചാമിപുരത്ത് നടന്ന സമ്മേളനത്തിലാണ് തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഞെങ്ങി ഞെരുങ്ങി ജീവനില്ലാതെയോ പാതി ജീവനുമായോ നിരവധിപേരെ കരൂരിലെ ആശുപത്രികളില്‍ എത്തിച്ചു. ആവശ്യത്തിന് ഡോക്ടര്‍മാരോ മെഡിക്കല്‍ സൗകര്യങ്ങളോ ഇല്ലത്തതിനാല്‍ ആദ്യ മണിക്കൂറുകളില്‍ ഏറെ ബുദ്ധിമുട്ടി.

മുഖ്യമന്ത്രി എംകെ സ്റ്റാലിനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സംഭവം അറിഞ്ഞപ്പോള്‍ തന്നെ കരൂരിലേക്കെത്തി. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപവച്ചും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപവച്ചും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവം അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജ് അരുണ ജഗതീശന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിച്ചു.

അറുപതിനായിരം ആളുകളെ മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മൈതാനത്താണ് ഒരുലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചത്. കൂടുതല്‍ തുറന്ന സ്ഥലത്തേക്ക് പരിപാടി മാറ്റണം എന്ന പൊലീസിന്റെ ആവശ്യം മാനിക്കാതെ പരിപാടി നടത്തുകയായിരുന്നു എന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. എന്റെ ഹൃദയം തകര്‍ന്നു. അസഹനീയമായ വേദനയാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്നാണ് വിജയ് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്. വിജയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317479/karur-people-on-tvk-rally-stampede-tragedy)