---
title: "ഓഫീസിലെ ചോര്‍ച്ച പരിഹരിക്കാന്‍ കയറിയ കെഎസ്ഇബി തൊഴിലാളിക്ക് താഴെവീണ് പരിക്ക്   "
english_title: "A contract worker who went up to fix a leak above the KSEB office was injured after falling from a ladder."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317283/a-contract-worker-who-went-up-to-fix-a-leak-above-the-kseb-office-was-injured-after-falling-from-a-ladder"
published_at: "2025-09-27T07:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7471881c6d_injred.jpg"
keywords: []
---

# ഓഫീസിലെ ചോര്‍ച്ച പരിഹരിക്കാന്‍ കയറിയ കെഎസ്ഇബി തൊഴിലാളിക്ക് താഴെവീണ് പരിക്ക്   

> **Lead Summary:** കെഎസ്ഇബി ഓഫീസിന് മുകളിലെ ചോര്‍ച്ച പരിഹരിക്കാന്‍ കയറിയ കരാര്‍ തൊഴിലാളിക്ക് ഏണിയില്‍നിന്ന് താഴെ വീണ് പരിക്ക്. കുറുപ്പന്തറ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസിലെ തൊഴിലാളി വെള്ളൂര്‍ സ്വദേശി കെ.കെ. കുഞ്ഞുമോനാണ് പരിക്കേറ്റത്.

## Article Content

കെഎസ്ഇബി ഓഫീസിന് മുകളിലെ ചോര്‍ച്ച പരിഹരിക്കാന്‍ കയറിയ കരാര്‍ തൊഴിലാളിക്ക് ഏണിയില്‍നിന്ന് താഴെ വീണ് പരിക്ക്. കുറുപ്പന്തറ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസിലെ തൊഴിലാളി വെള്ളൂര്‍ സ്വദേശി കെ.കെ. കുഞ്ഞുമോനാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. സീലിങ്ങിന് മുകളിലെ ഷീറ്റിട്ട മേല്‍ക്കൂരയില്‍നിന്ന് മഴവെള്ളം താഴേക്ക് വീഴുന്നുണ്ടായിരുന്നു. കുഞ്ഞുമോന്‍ ഏണിയില്‍ കയറിനിന്ന് സീലിങ്ങ് മാറ്റി ചോര്‍ച്ച പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്നി താഴെ വീഴുകയായിരുന്നു. തലയ്ക്കും മുഖത്തിനും കൈക്കും സാരമായി പരിക്കേറ്റ കുഞ്ഞുമോനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാളുകളായി കെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ന്ന് ഒലിക്കുന്ന സ്ഥിതിയിലാണ്. വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയില്‍ ഓഫീസിനുള്ളില്‍ വെള്ളം നിറഞ്ഞു. കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനായി മാഞ്ഞൂര്‍ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. നിര്‍മാണം ആരംഭിക്കാന്‍ ഇരിക്കെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317283/a-contract-worker-who-went-up-to-fix-a-leak-above-the-kseb-office-was-injured-after-falling-from-a-ladder)