---
title: "ഛത്തീസ്ഗഡില്‍ സ്റ്റീല്‍ പ്ലാന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് ആറുപേര്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക് "
english_title: "Six workers died after the roof of a building at a private steel plant collapsed in Chhattisgarh."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317251/six-workers-died-after-the-roof-of-a-building-at-a-private-steel-plant-collapsed-in-chhattisgarh"
published_at: "2025-09-26T20:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6a96745fa0_ambulance.jpg"
keywords: []
---

# ഛത്തീസ്ഗഡില്‍ സ്റ്റീല്‍ പ്ലാന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് ആറുപേര്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക് 

> **Lead Summary:** ഛത്തീസ്ഗഡില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

## Article Content

ഛത്തീസ്ഗഡില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശമായ സില്‍ത്താര മേഖലയിലെ ഗോദാവരി പവര്‍ ആന്‍ഡ് ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് അപകടം നടന്നതെന്ന് റായ്പുര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ലാല്‍ ഉമേദ് സിങ് പിടിഐയോട് പറഞ്ഞു.

ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് തൊഴിലാളികള്‍ അതിനടിയില്‍ കുടുങ്ങി. വിവരമറിഞ്ഞയുടന്‍ ഒരു പോലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയയ്ക്കുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അപകടത്തില്‍ ആറ് തൊഴിലാളികള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,' എസ്എസ്പി പറഞ്ഞു.

പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317251/six-workers-died-after-the-roof-of-a-building-at-a-private-steel-plant-collapsed-in-chhattisgarh)