---
title: "ജോലിക്ക് പോകുന്നതിനിടെ ലോറി ഇടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക്   ദാരുണാന്ത്യം"
english_title: "A young woman riding a scooter met with a tragic end after being hit by a lorry in Irumbanam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317148/a-young-woman-riding-a-scooter-met-with-a-tragic-end-after-being-hit-by-a-lorry-in-irumbanam"
published_at: "2025-09-26T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d62da78d626_dead.jpg"
keywords: []
---

# ജോലിക്ക് പോകുന്നതിനിടെ ലോറി ഇടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക്   ദാരുണാന്ത്യം

> **Lead Summary:** ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി ആണ് മരിച്ചത്.

## Article Content

ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വടക്കേ ഇരുമ്പനം എച്ച്.പി.സി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്.

അതേസമയം കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ച് രണ്ട് തട്ടുകടകള്‍ തകര്‍ന്നു. അടിവാരത്തിന് സമീപം 28-ാം മൈലിൽ ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം . സംഭവത്തില്‍ ലോറി ഡ്രൈവറായ പെരിന്തല്‍മണ്ണ സ്വദേശി ജുറൈസിന് പരിക്കേറ്റു.

മൈസൂരില്‍ നിന്നും കോട്ടയത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയാണ്, ചുരം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്. അടിവാരം പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്നും എസ്‌ഐ ശ്രീനിവാസന്റെ നേതൃത്യത്തില്‍ എത്തിയ പോലീസ് പരുക്കേറ്റ ജുറൈസിനെ ഔദ്യോഗിക വാഹനത്തില്‍ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതല്ല. ലോറിയിലുണ്ടായിരുന്ന ക്ലീനര്‍ ദിനേഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പകല്‍ സമയങ്ങളില്‍ കൂടുതല്‍ വാഹനങ്ങളും, ആള്‍കൂട്ടവും ഉണ്ടാവുന്ന ഭാഗത്താണ് അപകടമുണ്ടായത്. കടകള്‍ അടച്ച സമയമായതിനാൽ കടകളിൽ ആളുകളുണ്ടായിരുന്നില്ല. റോഡും വിജനമായിരുന്നു, ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറക്കാൻ കാരണമായത്. രണ്ടു തട്ടുകടകളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അടിവാരം സ്വദേശികളായ കാദര്‍, ഗഫൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് തകര്‍ന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317148/a-young-woman-riding-a-scooter-met-with-a-tragic-end-after-being-hit-by-a-lorry-in-irumbanam)