---
title: "അസ്ഥി ദ്രവിക്കുന്ന ആസിഡില്‍ ചവിട്ടി, അവയവങ്ങള്‍ സ്തംഭിച്ചു; സ്ത്രീയ്ക്ക് ദാരുണാന്ത്യം"
english_title: "Woman dies after stepping on bone destroying acid organs paralyzed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316931/woman-dies-after-stepping-on-bone-destroying-acid-organs-paralyzed"
published_at: "2025-09-25T10:31:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4cd9d8e7ad_JJJJ.jpg"
keywords: []
---

# അസ്ഥി ദ്രവിക്കുന്ന ആസിഡില്‍ ചവിട്ടി, അവയവങ്ങള്‍ സ്തംഭിച്ചു; സ്ത്രീയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **( **[www.truevisionnews.com]** ) **ആസിഡില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് ചൈനക്കാരിയായ സ്ത്രീയ്ക്ക് ദാരുണാന്ത്യം. ‘അസ്ഥി ദ്രവിക്കുന്ന ജലം’എന്ന് വിളിപ്പേരുള്ള ആസിഡില്‍ ചവിട്ടിയതിനെത്തുടര്‍ന്നാണ് ചൈനീസ് സ്വദേശിക്ക് അന്ത്യം സംഭവിച്ചത്. അതിവേഗമുള്ള നീര്‍വീക്കം, ഒന്നിലധികം അവയവസ്തംഭനം, ഗുരുതരമായ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ എന്നിവ സംഭവിച്ചതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

## Article Content

**( **[www.truevisionnews.com]** ) **ആസിഡില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് ചൈനക്കാരിയായ സ്ത്രീയ്ക്ക് ദാരുണാന്ത്യം. ‘അസ്ഥി ദ്രവിക്കുന്ന ജലം’എന്ന് വിളിപ്പേരുള്ള ആസിഡില്‍ ചവിട്ടിയതിനെത്തുടര്‍ന്നാണ് ചൈനീസ് സ്വദേശിക്ക് അന്ത്യം സംഭവിച്ചത്. അതിവേഗമുള്ള നീര്‍വീക്കം, ഒന്നിലധികം അവയവസ്തംഭനം, ഗുരുതരമായ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ എന്നിവ സംഭവിച്ചതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

അതീവനാശകാരിയായ ഹൈഡ്രോഫ്ലൂറിക് ആസിഡില്‍ ചവിട്ടിയാണ് അന്ത്യം സംഭവിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്യു എന്ന 52വയസുകാരിയാണ് ഹാങ്ഷു മേഖലയിലെ മലഞ്ചെരിവില്‍ നടക്കുന്നതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന ആസിഡ് കണ്ടെയ്നറില്‍ ചവിട്ടിയത്. അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നില്‍ കൂടുതല്‍ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി മരണം സംഭവിച്ചു.

അപകടം നടന്നതിനു പിന്നാലെ ട്യൂവിന് ഉടനടി ചികിത്സ നല്‍കിയെങ്കിലും അതിജീവിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയുമുള്‍പ്പെടെ പ്രവര്‍ത്തനം തകരാറിലാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ രക്ഷപ്പെടാനുള്ള സാധ്യത വിരളമായിരുന്നെന്ന് മനസിലാക്കിയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

അന്വേഷണത്തിനിടെ സ്ഥലത്തുനിന്നും രണ്ട് ആസിഡ് കുപ്പികള്‍ കൂടി കണ്ടെത്തി. ഇവ നീക്കം ചെയ്ത് മേഖലയില്‍ ശുചീകരണം നടത്തിയതായും അധികൃതര്‍ പറയുന്നു. ചുമരുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കുന്ന തൊഴിലാളി ഉപേക്ഷിച്ചുപോയ കുപ്പികളാണിവയെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തു. അപകടകരമായ വസ്തുക്കൾ അശ്രദ്ധമായി ഉപേക്ഷിച്ചതിന് ഇയാള്‍ക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നാണ് പുറത്തുവരുന്ന വിവരം.

നിറമില്ലാത്ത ലായനിയായ ഹൈഡ്രോഫ്ലൂറിക് ആസിഡിന് ലോഹങ്ങൾ, ഗ്ലാസ്, സിലിക്കൺ എന്നിവയെ ലയിപ്പിക്കാനുള്ള കഴിവുണ്ട്. ഗുരുതരമായ പൊള്ളലേല്‍പ്പിക്കാനും കോശനാശം സംഭവിക്കാനും ഈ ആസിഡിന്റെ സമ്പര്‍ക്കത്തിലൂെട ഇടയാക്കും. സെമികണ്ടക്ടർ, ഗ്ലാസ് നിർമ്മാണം പോലുള്ള വ്യവസായങ്ങളിൽ ഈ രാസവസ്തു വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ ഇവ ഓൺലൈനിൽ ലഭ്യമാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. ഇത്തരത്തിലുള്ള അതീവ നാശകാരിയായ രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത വേണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316931/woman-dies-after-stepping-on-bone-destroying-acid-organs-paralyzed)