---
title: "നാവിലലിയും ഹൽവപോലൊരു  'കിണ്ണത്തപ്പം' തയാറാക്കിയല്ലോ ?"
english_title: "Malabar's Special Kinnathappam Recipe new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316614/malabars-special-kinnathappam-recipe-new"
published_at: "2025-09-23T16:35:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2810e09b2f_HGFHFCGHGF.jpg"
keywords: []
---

# നാവിലലിയും ഹൽവപോലൊരു  'കിണ്ണത്തപ്പം' തയാറാക്കിയല്ലോ ?

> **Lead Summary:** **[** മലബാറുകാരുടെ സ്പെഷ്യൽ കിണ്ണത്തപ്പം കഴിച്ചിട്ടുണ്ടോ ? നാവിലലിയും മധുരം നമ്മുടെ മനസും സന്തോഷിപ്പിക്കും , എങ്കിൽ വരൂ നമുക്ക് പെട്ടന്ന് തയ്യാറാക്കാം.

## Article Content

**[** മലബാറുകാരുടെ സ്പെഷ്യൽ കിണ്ണത്തപ്പം കഴിച്ചിട്ടുണ്ടോ ? നാവിലലിയും മധുരം നമ്മുടെ മനസും സന്തോഷിപ്പിക്കും , എങ്കിൽ വരൂ നമുക്ക് പെട്ടന്ന് തയ്യാറാക്കാം.

**ചേരുവകൾ**

*ശർക്കര - 400 ഗ്രാം*

*കടലപ്പരിപ്പ് - ⅓ കപ്പ് (പകുതി വേവിച്ചത്)*

*അരിപ്പൊടി (പത്തിരിപ്പൊടി) - 1 കപ്പ്*

*രണ്ടാം തേങ്ങാപ്പാൽ - 2½ കപ്പ്*

*ഏലക്കാപ്പൊടി*

*ഉപ്പ് - ¼ ടീസ്പൂൺ*

*ഒന്നാം തേങ്ങാപ്പാൽ (നല്ല കട്ടിയുള്ളത്) - ½ കപ്പ്*

*വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ*

*നെയ്യ് - 2 ടേബിൾസ്പൂൺ*

**തയ്യാറാക്കുന്ന വിധം**

400 ഗ്രാം ശർക്കര ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി ഉരുക്കി അലിയിച്ചെടുക്കുക. ഇത് തിളച്ചുവന്നാൽ തീ ഓഫ് ചെയ്ത് ഒരു അരിപ്പയിലൂടെ അരിച്ച് മാറ്റിവെക്കുക. മൂന്നോ നാലോ ടേബിൾസ്പൂൺ കടലപ്പരിപ്പ് രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം പകുതി വേവിച്ചെടുക്കുക. ഒരു പാനിലേക്ക് ഒരു കപ്പ് പത്തിരിപ്പൊടി എടുക്കുക. ഇതിലേക്ക് രണ്ടര കപ്പ് രണ്ടാം തേങ്ങാപ്പാൽ കുറേശ്ശെയായി ഒഴിച്ച് കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം തയ്യാറാക്കിവെച്ച ശർക്കരപ്പാനി ഇതിലേക്ക് ഒഴിച്ച് വീണ്ടും നന്നായി ഇളക്കുക. ഏലക്കാപ്പൊടിയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് യോജിപ്പിക്കുക. തയ്യാറാക്കിയ മിശ്രിതം അടുപ്പിൽ വെച്ച് ചെറിയ തീയിൽ (മീഡിയം-ലോ ഫ്ലെയ്മിൽ) ഇളക്കി കുറുക്കിയെടുക്കുക. കൈയെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. മിശ്രിതം കുറുകി വരുമ്പോൾ അര കപ്പ് ഒന്നാം തേങ്ങാപ്പാൽ ചേർത്ത് വീണ്ടും ഇളക്കുക.

വേവിച്ചുവെച്ച കടലപ്പരിപ്പ് ചേർക്കുക. മിശ്രിതം വീണ്ടും കുറുകി പാനിൽ നിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും രണ്ട് ടേബിൾസ്പൂൺ നെയ്യും ചേർത്ത് ഇളക്കുക. എണ്ണയും നെയ്യും പുറത്തേക്ക് തെളിഞ്ഞുവരുന്നതുവരെ ഇളക്കി വേവിക്കുക. നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ചൂടോടുകൂടിത്തന്നെ ഈ മിശ്രിതം ഒഴിച്ച് ഒരു സ്പാറ്റുല ഉപയോഗിച്ച് നന്നായി അമർത്തി നിരപ്പാക്കുക.

രണ്ട്-മൂന്ന് മണിക്കൂർ പുറത്ത് വെച്ച് ചൂടാറാൻ അനുവദിക്കുക. ചൂടാറിയ ശേഷം കിണ്ണത്തപ്പം പാത്രത്തിൽ നിന്ന് വിട്ടുപോരും, ഇത് മുറിച്ച് ഉപയോഗിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316614/malabars-special-kinnathappam-recipe-new)