---
title: "45 വർഷം മുമ്പത്തെ 'അയല്‍പ്പക'; കോഴിക്കോട് താമരശ്ശേരിയിൽ തൊഴിലുറപ്പിന് പോയ വയോധികന് ക്രൂരമർദ്ദനം"
english_title: "Elderly man brutally tortured in Kozhikode Thamarassery for job security"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316599/elderly-man-brutally-tortured-in-kozhikode-thamarassery-for-job-security"
published_at: "2025-09-23T15:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d26fe9d0522_fgdg.jpg"
keywords: []
---

# 45 വർഷം മുമ്പത്തെ 'അയല്‍പ്പക'; കോഴിക്കോട് താമരശ്ശേരിയിൽ തൊഴിലുറപ്പിന് പോയ വയോധികന് ക്രൂരമർദ്ദനം

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** താമരശ്ശേരി തച്ചംപൊയിലില്‍ തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന വയോധികന് മര്‍ദ്ദനം. പുളിയാറ ചാലില്‍ മൊയ്തീന്‍കോയയ്ക്കാണ് മര്‍ദ്ദനമേറ്റത്. നേരത്തേ ഇദ്ദേഹത്തിന്റെ അയല്‍വാസിയായിരുന്ന അസീസ് ഹാജിയാണ് മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** താമരശ്ശേരി തച്ചംപൊയിലില്‍ തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന വയോധികന് മര്‍ദ്ദനം. പുളിയാറ ചാലില്‍ മൊയ്തീന്‍കോയയ്ക്കാണ് മര്‍ദ്ദനമേറ്റത്. നേരത്തേ ഇദ്ദേഹത്തിന്റെ അയല്‍വാസിയായിരുന്ന അസീസ് ഹാജിയാണ് മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം.

45 വര്‍ഷം മുമ്പ് മൊയ്തീന്‍കോയയും അന്ന് അയല്‍പക്കത്ത് താമസിച്ച അസീസ് ഹാജിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. അന്ന് നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. പിന്നീട്, അസീസ് ഹാജി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തു. തിങ്കളാഴ്ച മറ്റു തൊഴിലാളികള്‍ക്കൊപ്പം മൊയ്തീന്‍ കോയ അസീസ് ഹാജിയുടെ പറമ്പില്‍ തൊഴിലുറപ്പിന് പോയിരുന്നു. തൊഴിലാളികള്‍ ജോലി ചെയ്യുന്ന സമയത്ത് അസീസ് ഹാജി സ്ഥലത്ത് വന്നിട്ടുണ്ടായിരുന്നില്ല.

എന്നാല്‍, ജോലിക്കാരുടെ കൂടെ മൊയ്തീന്‍കോയ ഉണ്ടെന്ന് അറിഞ്ഞ അസീസ് ഹാജി തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള സുഹറയെ വിളിച്ച് മൊയ്തീന്‍കോയയെ തന്റെ പറമ്പില്‍ കയറ്റരുത് എന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച അസീസ് ഹാജിയുടെ പറമ്പില്‍ പോകാതെ മറ്റൊരു സ്ഥലത്തേക്കാണ് മൊയ്തീന്‍ കോയയെ ജോലിക്ക് നിയോഗിച്ചത്.

ഇവിടേക്ക് പോകുന്ന അവസരത്തില്‍ റോഡില്‍ കാത്തിരിക്കുകയായിരുന്ന അസീസ് ഹാജി മൊയ്തീന്‍ കോയയെ വിളിച്ചു വരുത്തി റോഡില്‍ വെച്ച് മര്‍ദിക്കുകയായിരുന്നു. നിലത്തുവീണ മൊയ്തീന്‍കോയയെ വടി ഉപയോഗിച്ച് ക്രൂരമായും മര്‍ദ്ദിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സ്ത്രീകള്‍ അടക്കമുള്ള മറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇടപെട്ടാണ് അസീസ് ഹാജിയെ പിടിച്ചു മാറ്റിയത്. പിന്നീട് വീട്ടുകാര്‍ എത്തി മൊയ്തീന്‍കോയയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316599/elderly-man-brutally-tortured-in-kozhikode-thamarassery-for-job-security)