---
title: "വീടിനായി കരുതിവെച്ചതെല്ലാം കവർന്നു...! ഒറ്റപ്പാലത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് രണ്ടുപവൻ മാലയും 42,000രൂപയും കവർന്നു, അന്വേഷണം"
english_title: "A house in Ottapalam was broken into in broad daylight and two gold necklaces and Rs 42,000 were stolen investigation underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316485/a-house-in-ottapalam-was-broken-into-in-broad-daylight-and-two-gold-necklaces-and-rs-42000-were-stolen-investigation-underway"
published_at: "2025-09-23T10:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d22a5089ac1_WhatsApp_Image_2025-09-21_at_4.06.29_PM_(1).jpeg"
keywords: []
---

# വീടിനായി കരുതിവെച്ചതെല്ലാം കവർന്നു...! ഒറ്റപ്പാലത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് രണ്ടുപവൻ മാലയും 42,000രൂപയും കവർന്നു, അന്വേഷണം

> **Lead Summary:** **ഒറ്റപ്പാലം: ( **[www.truevisionnews.com]** ) ** പട്ടാപ്പകൽ റെയിൽപ്പാളത്തിനരികിലെ വീട് കുത്തിത്തുറന്ന് രണ്ടുപവൻ മാലയും 42,000രൂപയും കവർന്നു. തമിഴ്‌നാട് പൊള്ളാച്ചിസ്വദേശി നാലകത്ത് ആനന്ദിയുടെ ഒറ്റപ്പാലം മായന്നൂർ പാലത്തിനുസമീപത്തെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്.

## Article Content

**ഒറ്റപ്പാലം: ( **[www.truevisionnews.com]** ) ** പട്ടാപ്പകൽ റെയിൽപ്പാളത്തിനരികിലെ വീട് കുത്തിത്തുറന്ന് രണ്ടുപവൻ മാലയും 42,000രൂപയും കവർന്നു. തമിഴ്‌നാട് പൊള്ളാച്ചിസ്വദേശി നാലകത്ത് ആനന്ദിയുടെ ഒറ്റപ്പാലം മായന്നൂർ പാലത്തിനുസമീപത്തെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്.

പുതിയവീട് നിർമിക്കാനായി കരുതിവെച്ചിരുന്ന പണവും സ്വർണവുമാണ് മോഷണം പോയതെന്ന് ആനന്ദി പറഞ്ഞു. മുറിയിലെ അലമാരയിലെ ലോക്കർ മടവാൾകൊണ്ട് കുത്തിത്തുറന്ന നിലയിലാണുള്ളത്. ഇതിൽനിന്നാണ് സ്വർണവും പണവും മോഷ്ടിച്ചത്. സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

രാവിലെ എട്ടരയോടെ കുളിക്കാൻപോയതായിരുന്നു ആനന്ദി. ഒൻപതരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണംനടന്നവിവരം അറിയുന്നത്. ഈ വീട്ടിലെ മടവാളുപയോഗിച്ചാണ് അലമാര കുത്തിത്തുറന്നതെന്നാണു കരുതുന്നത്. ഇത് അലമാരയിൽനിന്ന് കണ്ടെടുത്തു.

കഴിഞ്ഞ 40 വർഷത്തോളമായി ആനന്ദി ഇവിടെ തനിച്ചാണ് താമസിക്കുന്നത്. മകൾ പൊള്ളാച്ചിയിലും മകൻ കോഴിക്കോട്ടുമാണുള്ളത്. വീടുനിർമാണത്തിനായി മകളുടെ ആഭരണമാണ് ഇവിടെ കൊണ്ടുവന്നതെന്ന് ആനന്ദി പറയുന്നു. ഇത് ബാങ്കിൽ പണയംവെച്ച് നിർമാണം തുടങ്ങാമെന്നായിരുന്നു കരുതിയതെന്നും പറയുന്നു.

സംഭവത്തിൽ ഒറ്റപ്പാലംപോലീസ് അന്വേഷണം തുടങ്ങി. റെയിൽപ്പാളത്തിൽ ക്ലിപ്പുകൾ കയറ്റിവെക്കുന്നതും തീവണ്ടിക്കുനേരേ കല്ലെറിയുന്നതും കണ്ടെത്താൻ സ്ഥാപിച്ച ക്യാമറകൾക്കുസമീപമാണ് മോഷണംനടന്ന വീട്. ഈ ക്യാമറകളിലെ ദൃശ്യങ്ങളുൾപ്പെടെ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316485/a-house-in-ottapalam-was-broken-into-in-broad-daylight-and-two-gold-necklaces-and-rs-42000-were-stolen-investigation-underway)