---
title: "'ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമം ഉണ്ടാക്കും' - ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി"
english_title: "'Not seeing empty chairs will make some people feel uncomfortable' - CM responds to global Ayyappa Sangam controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316429/not-seeing-empty-chairs-will-make-some-people-feel-uncomfortable-cm-responds-to-global-ayyappa-sangam-controversy"
published_at: "2025-09-22T20:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d15e24edb50_cm.jpg"
keywords: []
---

# 'ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമം ഉണ്ടാക്കും' - ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമം ഉണ്ടാക്കും.** **ആഗോള അയ്യപ്പ സംഗമത്തിലെ പങ്കാളിത്തത്തെ ചൊല്ലിയുള്ള വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക ആരോഗ്യ ഇൻഷുറൻസ് ഉദ്ഘാടനത്തിനിടെയാണ് പ്രതികരണം. നോർക്ക കെയറിന്റെ വിജയമാണ് സദസിലെ നിറഞ്ഞ കസേരകൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമം ഉണ്ടാക്കും.** **ആഗോള അയ്യപ്പ സംഗമത്തിലെ പങ്കാളിത്തത്തെ ചൊല്ലിയുള്ള വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക ആരോഗ്യ ഇൻഷുറൻസ് ഉദ്ഘാടനത്തിനിടെയാണ് പ്രതികരണം. നോർക്ക കെയറിന്റെ വിജയമാണ് സദസിലെ നിറഞ്ഞ കസേരകൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അയ്യപ്പ സംഗമവേദിയിൽ ആളില്ലാത്തത് വലിയ വിവാദമായിരുന്നു. 4245 പേർ രജിസ്റ്റർ ചെയ്ത പരിപാടിയിൽ ആയിരമാളുകൾ പോലുമെത്തിയില്ലന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒഴിഞ്ഞ കസേരകളുടെ ചിത്രം എഐ ആകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. 3000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച സംഗമത്തിൽ 4600 പേർ പങ്കെടുത്തെന്നും മറിച്ചുള്ള പ്രചരണങ്ങൾ വ്യാജമാണെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

അതേസമയം പമ്പാ തീരത്ത് നടന്ന ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു . വിശ്വാസികളെ എതിർക്കുന്ന നിലപാട് സി.പി.ഐക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. അയ്യപ്പ സംഗമത്തെ എതിർക്കുന്നില്ല. വിശ്വാസത്തെ രാഷ്ട്രീയത്തിന് കരുവാക്കാൻ പാടില്ലെന്നും അങ്ങനെ കരുവാക്കാൻ സാധിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

സി.പി.ഐയിൽ പ്രായപരിധി കർശനമായി നടപ്പാക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജനറൽ സെക്രട്ടറിക്കും പ്രായപരിധി ബാധകമാണ്. 75 വയസ് എന്ന പ്രായപരിധി പാർട്ടി കോൺഗ്രസിന്‍റെ തീരുമാനമാണ്. അത് വ്യക്തികൾക്ക് വേണ്ടി മാറ്റാൻ സാധിക്കില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

പാർട്ടി കോൺഗ്രസിന്‍റെ തീരുമാനത്തിൽ മാറ്റം വരുത്തനുള്ള കാരണമില്ല. പാർട്ടിയിൽ യുവത്വം വേണ്ടത് കൊണ്ടാണ് പ്രായപരിധി ചർച്ച വന്നത്. ജനറൽ സെക്രട്ടറി പദം അടക്കം എല്ലാ കാര്യത്തിലും വ്യക്തിക്കല്ല, പാർട്ടിക്കാണ് ഒന്നാം സ്ഥാനമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316429/not-seeing-empty-chairs-will-make-some-people-feel-uncomfortable-cm-responds-to-global-ayyappa-sangam-controversy)