---
title: "കാടിന്റെയും പുഴയുടെയും കളകളാരവങ്ങൾ കേട്ട് അലിയാനൊരു യാത്ര പോയല്ലോ.... എങ്കിൽ വേഗം പോവാം വനപർവ്വത്തിലേക്ക്"
english_title: "I went on a journey to Aliyan, listening to the sounds of the forest and the river.... Then I can quickly go to the forest mountain."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316397/i-went-on-a-journey-to-aliyan-listening-to-the-sounds-of-the-forest-and-the-river-then-i-can-quickly-go-to-the-forest-mountain"
published_at: "2025-09-22T16:59:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d133ab7e6a6_fhfhfjy.jpg"
keywords: []
---

# കാടിന്റെയും പുഴയുടെയും കളകളാരവങ്ങൾ കേട്ട് അലിയാനൊരു യാത്ര പോയല്ലോ.... എങ്കിൽ വേഗം പോവാം വനപർവ്വത്തിലേക്ക്

> **Lead Summary:** **[​ ]​)**പുഴയുടെ കളകളാരവം കേട്ട്, പാറക്കെട്ടുകളിലൂടെ ഒരു വെള്ളിനൂൽ പോലെ ഒഴുകി നീങ്ങുന്ന പാത്തിപ്പുഴ. അതിനു കുറുകെ പണിത പാലം കടന്ന്, 'വനപർവ്വം' എന്ന ബോർഡ് കാണുമ്പോൾ തന്നെ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മനസ്സ് അകന്നു തുടങ്ങും. പ്രധാന റോഡിൽ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളിലേക്ക് കാടു കയറി നിൽക്കുന്ന ഈ സ്ഥലം, വാഹനങ്ങളുടെ ബഹളങ്ങളില്ലാത്ത ഒരു സ്വച്ഛമായ ലോകമാണ്. ചുറ്റും കാടിന്റെ പച്ചപ്പും പക്ഷികളുടെ പ്രണയസല്ലാപങ്ങളും മാത്രം. അതെ, ഇത് പ്രകൃതിയിലേക്ക് അലിഞ്ഞു ചേരാനുള്ള ഒരു വാതിലാണ്, ശരിക്കും ഒരു വനപർവ്വത്തിലേക്കുള്ള പ്രവേശന കവാടം.

## Article Content

**[​ ]​)**പുഴയുടെ കളകളാരവം കേട്ട്, പാറക്കെട്ടുകളിലൂടെ ഒരു വെള്ളിനൂൽ പോലെ ഒഴുകി നീങ്ങുന്ന പാത്തിപ്പുഴ. അതിനു കുറുകെ പണിത പാലം കടന്ന്, 'വനപർവ്വം' എന്ന ബോർഡ് കാണുമ്പോൾ തന്നെ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മനസ്സ് അകന്നു തുടങ്ങും. പ്രധാന റോഡിൽ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളിലേക്ക് കാടു കയറി നിൽക്കുന്ന ഈ സ്ഥലം, വാഹനങ്ങളുടെ ബഹളങ്ങളില്ലാത്ത ഒരു സ്വച്ഛമായ ലോകമാണ്. ചുറ്റും കാടിന്റെ പച്ചപ്പും പക്ഷികളുടെ പ്രണയസല്ലാപങ്ങളും മാത്രം. അതെ, ഇത് പ്രകൃതിയിലേക്ക് അലിഞ്ഞു ചേരാനുള്ള ഒരു വാതിലാണ്, ശരിക്കും ഒരു വനപർവ്വത്തിലേക്കുള്ള പ്രവേശന കവാടം.

​കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിലാണ് വനംവകുപ്പ് ഈ പ്രകൃതി സൗന്ദര്യം ഒരു ജൈവവൈവിധ്യ പാർക്കായി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്. 2011-ൽ പ്രവർത്തനം ആരംഭിച്ച ഈ ഉദ്യാനം വെറും മരങ്ങൾ നിറഞ്ഞ ഒരു സ്ഥലം മാത്രമല്ല. പാറക്കെട്ടുകളിലൂടെ ഒഴുകി വരുന്ന കാട്ടാറും, വെള്ളച്ചാട്ടങ്ങളും, സാഹസികമായ ട്രെക്കിങ് പാതകളും, പൂമ്പാറ്റകളുടെയും ഔഷധസസ്യങ്ങളുടെയും വൈവിധ്യങ്ങളും എല്ലാം ഇവിടെ ഒരുമിക്കുന്നു. 125 ഏക്കർ വിസ്തൃതിയുള്ള ഈ വനഭൂമിയുടെ 36 ഏക്കറാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.

​ഔഷധസസ്യങ്ങൾ നിറഞ്ഞ വഴിയിലൂടെ മുകളിലേക്ക് നടന്നാൽ, വൻമരങ്ങൾ ഇടതിങ്ങി നിൽക്കുന്ന കാടിന്റെ ഉൾഭാഗത്തേക്കെത്തും. ഓരോ മരവും സ്വന്തം പേര് നെയിം പ്ലേറ്റുകളിലൂടെ പരിചയപ്പെടുത്തുന്നതു കാണാം. ഇരുളും മലഇലഞ്ഞിയും പുല്ലാനിയും വഴിയരികിൽ തണൽ വിരിച്ച് നിൽക്കുന്നു. അൽപ്പം മുന്നോട്ട് പോയാൽ നക്ഷത്രവനം ആരംഭിക്കുകയായി. അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങൾക്കായുള്ള വൃക്ഷങ്ങൾ ഇവിടെ ഒരു വരിയായി നട്ടുപിടിപ്പിച്ചിരിക്കുന്നു. അശ്വതിക്ക് കാഞ്ഞിരം, ഭരണിക്ക് നെല്ലി, കാർത്തികക്ക് അത്തി... അങ്ങനെ ഓരോന്നിനും ഓരോ മരം.

​വനപർവത്തിന്റെ ഏറ്റവും മനോഹരമായ, ഇടതൂർന്ന കാടിന്റെ ഭാഗമാണിത്. തലയ്ക്കു മുകളിൽ വള്ളിക്കുടിലുകൾ തീർത്ത് നിൽക്കുന്ന മരങ്ങളും, പാറക്കെട്ടുകളിലൂടെ ഒഴുകുന്ന വെള്ളച്ചാലുകളും, ദൂരെ നിന്ന് കേൾക്കുന്ന കാട്ടരുവിയുടെ ശബ്ദവും നമ്മെ ഒരു മായാലോകത്തേക്ക് എത്തിക്കുന്നു.

താഴ്ന്നു കിടക്കുന്ന വള്ളികളിൽ പിടിച്ചും മരക്കൊമ്പുകളിൽ തടഞ്ഞും പാറയിലിറങ്ങിയപ്പോൾ, ഇതാ പാത്തിപ്പുഴ വീണ്ടും മുന്നിൽ! സ്ഫടികം പോലെ തെളിഞ്ഞ അതിന്റെ ഒഴുക്ക്, ആരെയും കൂസാതെ ഒഴുകി നീങ്ങുന്നു. മുകളിലെവിടെ നിന്നോ കുതിച്ചും ചാടിയും വന്നതിന്റെ ക്ഷീണമകറ്റാൻ എന്ന പോലെ, പുഴ ഇവിടെ ഒരു ചെറിയ തടാകമായി ഒന്നു നിന്നു. പിന്നെ വീണ്ടും താഴേക്കൊഴുകി. വെള്ളത്തിൽ തെന്നി നീങ്ങുന്ന വെള്ളത്തിൽ പാറ്റകളും, ചെറിയ മീനുകളും കൗതുകത്തോടെ നമ്മളെ നോക്കി നിൽക്കുന്നത് കാണാം.

​സാഹസികരായ യാത്രികർക്ക് പാറക്കെട്ടുകളിലൂടെ കുറച്ചുകൂടി മുകളിലേക്ക് കയറി പാത്തിപ്പുഴയിലെ ഏറ്റവും താഴത്തെ ജലപാതം കാണാൻ കഴിയും. പുഴയുടെ തീരത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വൃക്ഷത്തലപ്പിനു കീഴിൽ, തങ്ങൾപ്പാറ എന്നറിയപ്പെടുന്ന ചതുരാകൃതിയിലുള്ള ഒരു കല്ലുണ്ട്. ഇസ്‌ലാമിക വിശ്വാസികൾ വർഷത്തിലൊരിക്കൽ ഇവിടെയെത്തി പ്രാർത്ഥനകൾ നടത്തുന്നു. എങ്കിലും, പാറകളിലൂടെയുള്ള മുകളിലേക്കുള്ള യാത്ര വനംവകുപ്പ് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. നിരന്തരമായ ഒഴുക്കിൽ വഴുക്കലുള്ള പാറകളും, ആഴമുള്ള ഗർത്തങ്ങളും അപകടകരമാണ്. മുൻപ് ഇവിടെ ഒരു അപകടം സംഭവിച്ചതിനെ തുടർന്ന് പ്രവേശനം പൂർണ്ണമായും നിരോധിച്ചു.

​കാൽപാദങ്ങളെ തഴുകി ഒഴുകി നീങ്ങുന്ന തണുത്ത വെള്ളത്തിലൂടെ മറുകര കടക്കാം. പാറക്കെട്ടുകൾ പാകിയ നടപ്പാതയും, പുഴയുടെ വശത്ത് സുരക്ഷക്കായി കെട്ടിയ വേലികളും മനോഹരമാണ്. മരം കയറുന്നതിന്റെ ക്ഷീണമകറ്റാൻ കാടിന്റെ തണുപ്പും പച്ചപ്പും നിങ്ങളെ സഹായിക്കും. കുറച്ചു മുന്നോട് നടന്നാൽ തന്നെ ഒരു വ്യൂ പോയിന്റിലെത്താം. അവിടെ നിന്ന് താഴേക്ക് നോക്കിയാൽ ഒരു വെള്ളിക്കെട്ടുപോലെ ഒഴുകി നീങ്ങുന്ന ജലപാതം കാണാം. വിശ്രമിക്കാൻ രണ്ട് ബഞ്ചുകളും ഇവിടെയുണ്ട്.

​ഈ നടപ്പാത പാത്തിപ്പാറ വരെ നീളുന്നു. അവിടെ നിന്നാൽ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാം. പാറകൾക്കും മരങ്ങൾക്കുമിടയിൽ വിടർന്നു നിൽക്കുന്ന കാട്ടുചെത്തിപ്പൂക്കളിൽ തേൻ കുടിക്കാൻ പലതരം ചിത്രശലഭങ്ങൾ പറന്നു നടക്കുന്നതും കാണാം.

​വേലിക്കെട്ടിനപ്പുറം പാറക്കെട്ടുകളിലൂടെ അൽപ്പം കൂടി മുകളിലേക്ക് കയറിയാൽ പാത്തിപ്പുഴയിലെ മറ്റൊരു വെള്ളച്ചാട്ടം കാണാം. ഇടതൂർന്ന കാടിനിടയിലൂടെ, ഒരു ഇടുക്കിലൂടെയാണ് ഇവിടെ പുഴ ഒഴുകി വരുന്നത്. അരക്കിലോമീറ്ററോളം നടന്നപ്പോൾ രണ്ടാമത്തെ വെള്ളച്ചാട്ടം കാണാം. ആദ്യത്തേത് പോലെതന്നെ സുന്ദരിയാണ് ഈ ജലപാതവും. പുല്ലുമൂടിയ പാറക്കെട്ടുകളും, വെള്ളം വന്നു വീഴുന്ന തടാകത്തിനോട് ചേർന്നുള്ള മരങ്ങളും ഈ കാഴ്ചക്ക് മാറ്റ് കൂട്ടുന്നു. കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ വലിയ ഉരുളൻ കല്ലുകൾ വെള്ളത്തിലും പരിസരത്തുമെല്ലാം കാണാം. വനപർവ്വത്തിൽ അധികം ആളുകൾക്ക് അറിയാത്ത ഒരു ഒളിഞ്ഞുകിടക്കുന്ന സൗന്ദര്യമാണിത്.

​പ്രകൃതിയുടെ മടിത്തട്ടിൽ ഒളിപ്പിച്ചുവെച്ച ഈ വശ്യസൗന്ദര്യത്തെ അടുത്തറിയാൻ നിങ്ങൾ കൊതിക്കുന്നില്ലേ? എങ്കിൽ യാത്ര തുടങ്ങിക്കോളൂ... വനപർവ്വത്തിൽ നിങ്ങളെയും കാത്തിരിക്കുന്നത് ഒരുപാട് വിസ്മയങ്ങളാണ്!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316397/i-went-on-a-journey-to-aliyan-listening-to-the-sounds-of-the-forest-and-the-river-then-i-can-quickly-go-to-the-forest-mountain)