---
title: "പുതിയ കാൽവെപ്പ്; 'നാടിന്റെ ഭാവി വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് വികസന സദസ്സുകളുടെ ലക്ഷ്യം' - പിണറായി വിജയൻ"
english_title: "The aim of development meetings is to ensure public participation in the future development of the country Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316335/the-aim-of-development-meetings-is-to-ensure-public-participation-in-the-future-development-of-the-country-pinarayi-vijayan"
published_at: "2025-09-22T13:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1013da2209_gggggggggggg.jpg"
keywords: []
---

# പുതിയ കാൽവെപ്പ്; 'നാടിന്റെ ഭാവി വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് വികസന സദസ്സുകളുടെ ലക്ഷ്യം' - പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** നാടിന്റെ ഭാവി വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് വികസന സദസ്സുകളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** നാടിന്റെ ഭാവി വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് വികസന സദസ്സുകളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ സംസ്ഥാനം പുതിയ കാൽവെയ്പ്പാണ് നടത്തുന്നത്. കേരളത്തിൽ ഒരുപാട് വികസന നേട്ടങ്ങളുണ്ടായിട്ടുണ്ട്. നാടിന്റെ ഭാവി വികസനം എങ്ങനെ വേണമെന്ന് ജനങ്ങളെ ഉൾപ്പെടുത്തി തീരുമാനിക്കാനാണ് വികസന സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരോരുത്തരും എന്റെ നാട് എങ്ങനെ വികസിക്കണം എന്ന സങ്കൽപം മനസിലുള്ളവരായിരിക്കും. ഇത്തരം പരിപാടികളോട് സമൂഹം ആരോ​ഗ്യകരമായ സമീപനമാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് മുതൽ ഒരു മാസത്തേക്കാണ് വികസന സദസ്സും ചർച്ചകളും നടക്കുക. നാടിന്റെ ഭാവി വികസനത്തിന് ശക്തമായ അടിത്തറ പാകാൻ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. കേരളത്തിന്റെ വികസനത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക പ്രധാന പങ്കുണ്ട്. കേരള രൂപീകരണത്തിന് ശേഷം അധികാര വികേന്ദ്രീകരണത്തിൽ സംസ്ഥാനത്തിന് നമ്മുടേതായ ചരിത്രമുണ്ട്. കേരളം സംസ്ഥാനമായതിന് പിന്നാലെ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ഇഎംഎസ് സർക്കാരാണ് കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് അടിത്തറയിട്ടത്.

നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. രണ്ട് വർഷം മാത്രമാണ് സർക്കാർ അധികാരത്തിലുണ്ടായിരുന്നത്. എന്നാൽ കേരളം അന്ന് മുതൽ അധികാര വികേന്ദ്രീകരണം നടപ്പാക്കണെമന്നാണ് ചിന്തിച്ചുകൊണ്ടിരുന്നത്. സംസ്ഥാനത്ത് രാജ്യമാകെ ശ്രദ്ധിക്കുന്ന തരത്തിൽ ജനകീയാസൂത്രണം നടപ്പാക്കാൻ കഴിഞ്ഞു. ആസൂത്രണ പ്രക്രിയയിലെ വിപ്ലവകരമായ മാറ്റമാണ് അതുവഴി സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാദേശികതലത്തിൽ വികസന ആശയങ്ങൾ കണ്ടെത്താനും പൊതുജനാഭിപ്രായം ര‍ൂപപ്പെടുത്താനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഒക്‌ടോബർ 20വരെയാണ്‌ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻതല വികസന സദസ്സുകൾ. നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനൊപ്പം സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസനനേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളെ അറിയിക്കാനും ലക്ഷ്യമിടുന്നു. പഞ്ചായത്തുകളിൽ 250– 350 പേരും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 750– 1,000 പേരും പങ്കാളികളാകും.

ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും. തദ്ദേശസ്ഥാപനത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് സദസ്സിൽ പ്രകാശിപ്പിക്കും. അതിദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ പദ്ധതികൾ, തുടങ്ങിയവയിൽ പങ്കാളികളായവരെയും ഹരിതകർമ സേനാംഗങ്ങളെയും ആദരിക്കും. അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം തുടങ്ങിയവയുടെ നേട്ടങ്ങളും പ്രവർത്തനങ്ങളും സെക്രട്ടറിമാർ അവതരിപ്പിക്കും. പൊതുജനാഭിപ്രായം സ്വീകരിക്കാൻ ഓപ്പൺ ഫോറവുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316335/the-aim-of-development-meetings-is-to-ensure-public-participation-in-the-future-development-of-the-country-pinarayi-vijayan)