---
title: "'നീ നിന്നാ മതി, നിങ്ങൾ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ...'; മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ ക്ഷോഭിച്ച് രാജീവ് ചന്ദ്രശേഖർ"
english_title: "Rajeev Chandrasekhar gets angry over media questions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316191/rajeev-chandrasekhar-gets-angry-over-media-questions"
published_at: "2025-09-21T18:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cff2a256d5a_rajeev.jpg"
keywords: []
---

# 'നീ നിന്നാ മതി, നിങ്ങൾ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ...'; മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ ക്ഷോഭിച്ച് രാജീവ് ചന്ദ്രശേഖർ

> **Lead Summary:** **തിരുവനന്തപുരം: **മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ച വനിത മാധ്യമപ്രവർത്തകയോടാണ് അദ്ദേഹം ക്ഷുഭിതനായി സംസാരിച്ചത്.

## Article Content

**തിരുവനന്തപുരം: **മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ച വനിത മാധ്യമപ്രവർത്തകയോടാണ് അദ്ദേഹം ക്ഷുഭിതനായി സംസാരിച്ചത്.

‘നിങ്ങളോട് ആരാ പറഞ്ഞത്, പറയൂ അത്, നിങ്ങൾ ഏതു ചാനലാ ? എന്നാ മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങൾ‌ ചോദിക്കരുത്. ഞാൻ മറുപടി തരില്ല. ആത്മഹത്യ ചെയ്ത കൗൺസിലറാണ്. നിങ്ങൾ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ. മരിച്ച ഒരു ആളെ കുറിച്ച് ഇങ്ങനെ പറയുന്നതിൽ നാണമില്ലേ നിങ്ങൾക്ക്’ -എന്നായിരുന്നു രാജീവ് ചന്ദ്രേശഖർ പറഞ്ഞത്.

ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പും അനിലിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായി രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് ബിജെപി അധ്യക്ഷനെ ചൊടിപ്പിച്ചത്. മരിച്ച ആളെ കുറിച്ച് ഇങ്ങനെ പറയാൻ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു രാജീവ് ചന്ദ്രശേഖർ കയർത്തത്. സത്യം എന്താണെന്ന് വരും ദിവസങ്ങളിൽ പുറത്തുവരും. സി.പി.എമ്മിന്‍റെ തന്ത്രമാണിത്. അനിലിന് നീതി ലഭ്യമാക്കും. അനിലിനെ പ്രതിസന്ധി സമയത്ത് ബി.ജെ.പി സംരക്ഷിച്ചില്ലെന്ന് ആര് പറഞ്ഞെന്നും വേണ്ടാത്ത കാര്യങ്ങൾ പറയരുതെന്നും അദ്ദേഹം പ്രതികരിച്ചു.

ശനിയാഴ്ച വലിയശാല ഫാം ടൂർ സൊസൈറ്റി ഓഫിസിലാണ് അനിൽ കുമാർ ആത്മഹത്യ ചെയ്തത്. രാവിലെ എട്ടു മണിക്ക് ഓഫിസിലെത്തിയ അനിൽ തൂങ്ങി മരിക്കുകയായിരുന്നു. അനിൽകുമാറിന്‍റേതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അനിൽ കുമാർ പ്രസിഡന്‍റായ വലിയശാല ഫാം ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നങ്ങളിൽ താൻ തനിച്ചായെന്നും ആരും സഹായിച്ചില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സൊസൈറ്റിയിൽ പ്രശ്നമുണ്ടായപ്പോൾ താൻ ഒറ്റപ്പെട്ടു. മറ്റാരും സഹായിച്ചില്ല. ഒറ്റ പൈസ പോലും എടുത്തില്ല. എല്ലാ കുറ്റങ്ങളും തന്‍റെ നേർക്കായി. അതിനാൽ ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നത്.

ടൂർ സൊസൈറ്റി ആറു കോടി രൂപലധികം വായ്പ നൽകിയിട്ടുണ്ട്. സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നം വന്നതോടെ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ, പണം നൽകാൻ സാധിച്ചില്ല. ഇതേതുടർന്ന് തമ്പാനൂർ പൊലീസിൽ പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റി ഭാരവാഹിയായ അനിൽ കുമാറിനോടാണ് പൊലീസ് വിവരങ്ങൾ തേടിയത്.

ആത്മഹത്യ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പാർട്ടി പ്രവർത്തകർ കൈയേറ്റം ചെയ്തിരുന്നു. സൊസൈറ്റി ഓഫിസിൽ എത്തിയ പത്രം, ചാനൽ ലേഖകരെയാണ് പ്രവർത്തകർ കൈയേറ്റം ചെയ്തത്. മാധ്യമപ്രവർത്തകരെ കെട്ടിടത്തിന്‍റെ നടയിൽ നിന്ന് താഴേക്ക് തള്ളിയിടുകയും കാമറകൾ നശിപ്പിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തത് പാർട്ടിയുടെ അറിവോടെയല്ലെന്നും പരിശോധിക്കാമെന്നും ജില്ല പ്രസിഡന്‍റ് കരമന ജയൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316191/rajeev-chandrasekhar-gets-angry-over-media-questions)