---
title: "എന്തും ആവാം  എന്നാണോ ....?; പഞ്ചായത്ത് പ്രസിഡന്റിന് വോട്ട് ചെയ്തില്ല; ബുൾഡോസർ ഉപയോഗിച്ച് വീട് തകർത്തു, കുടുംബത്തിന് ബഹിഷ്കരണം"
english_title: "A family was boycotted and their house was demolished for allegedly not voting for the Panchayat President."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316104/a-family-was-boycotted-and-their-house-was-demolished-for-allegedly-not-voting-for-the-panchayat-president"
published_at: "2025-09-21T10:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf8b6e05301_jcb.jpg"
keywords: []
---

# എന്തും ആവാം  എന്നാണോ ....?; പഞ്ചായത്ത് പ്രസിഡന്റിന് വോട്ട് ചെയ്തില്ല; ബുൾഡോസർ ഉപയോഗിച്ച് വീട് തകർത്തു, കുടുംബത്തിന് ബഹിഷ്കരണം

> **Lead Summary:** പഞ്ചായത്ത് പ്രസിഡന്റിന് വോട്ടുചെയ്തില്ലെന്ന് ആരോപിച്ച് ഒരു കുടുംബത്തെ ബഹിഷ്കരിക്കുകയും വീട് തകർക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ ബെമെതാര ജില്ലയിലാണ് സംഭവം .

## Article Content

പഞ്ചായത്ത് പ്രസിഡന്റിന് വോട്ടുചെയ്തില്ലെന്ന് ആരോപിച്ച് ഒരു കുടുംബത്തെ ബഹിഷ്കരിക്കുകയും വീട് തകർക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ ബെമെതാര ജില്ലയിലാണ് സംഭവം .

ഗദാമോദ് ഗ്രാമപ്പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റ് മഹാജൻ മൻഹാരെയുടെ നിർദ്ദേശപ്രകാരം കുടുംബത്തെ സാമൂഹികമായി ഒറ്റപ്പെടുത്തുകയും വീട് ബുൾഡോസർകൊണ്ട് തകർക്കുകയുമായിരുന്നു. പത്തുപേരടങ്ങുന്ന കുടുംബാംഗങ്ങൾ താമസിച്ചിരുന്ന വിജയ് ലക്ഷ്മി മൻഹാരെയുടെ വീടാണ് തകർത്തത്.

‘‘25 വർഷമായി താമസിച്ച വീടാണ് തഹസിൽദാരുടെയും ലോക്കൽ പോലീസ് സ്റ്റേഷൻ ഇൻചാർജിന്റെയും സാന്നിധ്യത്തിൽ ഇടിച്ചുനിരത്തിയത്’’ -വിജയ് ലക്ഷ്മി മൻഹാരെ പറഞ്ഞു. നീതിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് മേധാവി, തഹസിൽദാർ എന്നിവർക്ക് കുടുംബം പരാതി നൽകി.

അനധികൃതമായി കൈവശപ്പെടുത്തിയ സ്ഥലത്താണ് വീട് നിർമിച്ചതെന്നാരോപിച്ചാണ് നടപടി. ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കുടുംബം ഇത് കൈപ്പറ്റിയില്ല. ആരോപണം അടിസ്ഥാനരഹിതമായതിനാൽ ഉത്തരവിടാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കുടുംബം വാദിച്ചു. വിവരംകാണിച്ച് തഹസിൽദാർക്കും പോലീസിനും നൽകിയ പരാതി സ്വീകരിക്കപ്പെട്ടില്ല.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കുടുംബം ആരോപിക്കുന്നു. കുട്ടികൾക്കുള്ള ഉച്ചഭക്ഷണപദ്ധതിപ്രകാരമുള്ള ഭക്ഷണവും ഗ്രാമത്തിലെ മറ്റ് കുട്ടികളോടൊപ്പം കളിക്കാനുള്ള അവസരവും നിഷേധിക്കുന്നെന്നും കുടുംബം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316104/a-family-was-boycotted-and-their-house-was-demolished-for-allegedly-not-voting-for-the-panchayat-president)