---
title: "ആശങ്ക ഒഴിയാതെ, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ, ഒന്നരമാസത്തിനിടെ മരിച്ചത് ഏഴ് പേർ"
english_title: "Nine people are being treated for amoebic encephalitis, seven of whom have died in the past month and a half"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316071/nine-people-are-being-treated-for-amoebic-encephalitis-seven-of-whom-have-died-in-the-past-month-and-a-half"
published_at: "2025-09-21T06:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf54ff74291_kozhikkode.jpg"
keywords: []
---

# ആശങ്ക ഒഴിയാതെ, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ, ഒന്നരമാസത്തിനിടെ മരിച്ചത് ഏഴ് പേർ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു. മലപ്പുറം സ്വദേശിയായ പതിമൂന്ന്കാരനാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു. മലപ്പുറം സ്വദേശിയായ പതിമൂന്ന്കാരനാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്. ഒന്നരമാസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഏഴ് പേരാണ് അമീബിക് മസ്തിഷ്ക ജ്വരംബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശിയുടെ രോഗ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു.

**രോഗം ഉണ്ടാകുന്നതെങ്ങനെ?**

മലിനമായതോ, കെട്ടിക്കിടക്കുന്നതോ ആയ ശുദ്ധജലത്തിലൂടെയാണ് ഈ അമീബ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. അഴുക്ക് നിറഞ്ഞ കുളങ്ങൾ, തടാകങ്ങൾ, നദികൾ, ചൂടുള്ള നീരുറവകൾ, ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്യാത്ത സ്വിമ്മിംഗ് പൂളുകൾ എന്നിവയിൽ ഈ അമീബ കാണപ്പെടാം. മൂക്കിലൂടെയാണ് ഇത് പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. മൂക്കിലെ നേർത്ത പാളിയിലൂടെ തലച്ചോറിലെത്തുന്ന ഈ അമീബ, നാഡീവ്യൂഹത്തെയും മസ്തിഷ്ക കോശങ്ങളെയും നശിപ്പിക്കുന്നു. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316071/nine-people-are-being-treated-for-amoebic-encephalitis-seven-of-whom-have-died-in-the-past-month-and-a-half)