---
title: "കൊല്ലുമെന്ന് ഭീഷണി, കമ്പിവടിയും മരക്കട്ടയും കൊണ്ട് മർദ്ദനം; പയ്യന്നൂരിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്"
english_title: "Case filed against seven SFI activists in Payyannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316051/case-filed-against-seven-sfi-activists-in-payyannur"
published_at: "2025-09-20T20:54:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68cec7ee0b6b9_payyannur.jpg"
keywords: []
---

# കൊല്ലുമെന്ന് ഭീഷണി, കമ്പിവടിയും മരക്കട്ടയും കൊണ്ട് മർദ്ദനം; പയ്യന്നൂരിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** **പയ്യന്നൂർ ( കണ്ണൂർ ):** പയ്യന്നൂർ കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‌യു നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും രണ്ടാം വർഷ മലയാളം ബിരുദ വിദ്യാർഥിയുമായ ചാൾസ് സണ്ണിയുടെ പരാതിയിലാണ് കേസെടുത്തത്. എസ്എഫ്ഐ നേതാവ് ഹഫാം ഫൈസൽ, ആകാശ് പലിയേരി, സൂരജ്, നീരജ്, അഭിരാം കോറോം, ആഷിഷ്, അശ്വിൻ എന്നിവർക്കെതിരെയാണ് കേസ്.

## Article Content

**പയ്യന്നൂർ ( കണ്ണൂർ ):** പയ്യന്നൂർ കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‌യു നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും രണ്ടാം വർഷ മലയാളം ബിരുദ വിദ്യാർഥിയുമായ ചാൾസ് സണ്ണിയുടെ പരാതിയിലാണ് കേസെടുത്തത്. എസ്എഫ്ഐ നേതാവ് ഹഫാം ഫൈസൽ, ആകാശ് പലിയേരി, സൂരജ്, നീരജ്, അഭിരാം കോറോം, ആഷിഷ്, അശ്വിൻ എന്നിവർക്കെതിരെയാണ് കേസ്.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഘർഷമുണ്ടായത്. കോളജ് കന്റീനു സമീപത്തെ റോഡിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അടിച്ചും ചവിട്ടിയും കമ്പിവടികൊണ്ടും മരക്കട്ടകൊണ്ടും മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ചാൾസിന് ആന്തരിക രക്തസ്രാവമുണ്ടായി. വിദഗ്ധ ചികിത്സയ്ക്കായി തലശ്ശേരിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ മാസം മാതമംഗലത്തും കെഎസ്‌‌യു –എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. അന്ന് പരുക്കേറ്റ ചാൾസ് സണ്ണി ആഴ്ചകളോളം ആയുർവേദ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് കോളജിലെത്തിയപ്പോഴാണ് വീണ്ടും ആക്രമിച്ചത്.

അതേ സമയം, സംഘർഷത്തിൽ പരുക്കേറ്റ രണ്ടാം വർഷ ചരിത്ര വിദ്യാർഥിയും എസ്എഫ്ഐ പയ്യന്നൂർ യൂണിറ്റ് പ്രസിഡന്റുമായ എം. ഹഫാം ഫൈസൽ (19) പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തെത്തുടർന്ന് കോളജ് അടച്ചിരുന്നു. തിങ്കളാഴ്ച മുതൽ കോളജിൽ കെഎസ്‌യു അനിശ്ചിത കാല പഠിപ്പുമുടക്കും പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316051/case-filed-against-seven-sfi-activists-in-payyannur)