---
title: "'വലിയ ബോംബ്‌ വരാൻ പോകുന്നെന്ന് സതീശൻ പറഞ്ഞു, ഇതുപോലെ ആകുമെന്ന് കരുതിയില്ല'; നിയമപരമായി നേരിടുമെന്ന് എം.വി.ഗോവിന്ദൻ"
english_title: "Satheesan said a big bomb was coming I didn't think it would be like this M V Govindan says he will face legal action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315815/satheesan-said-a-big-bomb-was-coming-i-didnt-think-it-would-be-like-this-m-v-govindan-says-he-will-face-legal-action"
published_at: "2025-09-19T17:46:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd49ad573ea_jkhjkyu.jpg"
keywords: []
---

# 'വലിയ ബോംബ്‌ വരാൻ പോകുന്നെന്ന് സതീശൻ പറഞ്ഞു, ഇതുപോലെ ആകുമെന്ന് കരുതിയില്ല'; നിയമപരമായി നേരിടുമെന്ന് എം.വി.ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** സിപിഐ എം നേതാക്കളായ കെ ജെ ഷൈനിനും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്കും എതിരെ നടത്തുന്ന സൈബർ ആക്രമണം കോൺ​ഗ്രസ് എത്തിച്ചേർന്ന ജീർണത തെളിയിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** സിപിഐ എം നേതാക്കളായ കെ ജെ ഷൈനിനും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്കും എതിരെ നടത്തുന്ന സൈബർ ആക്രമണം കോൺ​ഗ്രസ് എത്തിച്ചേർന്ന ജീർണത തെളിയിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ അറിവില്ലാതെ കോൺ​ഗ്രസ് സൈബർ വിഭാ​ഗം ഇത്തരം പ്രചാരണം നടത്തുമെന്ന് കരുതാനാകില്ല. സ്ത്രീകളെ തേജോവധം ചെയ്യാനായി സൈബർ ഇടങ്ങളെ ഉപയോ​ഗിക്കുന്ന പരിശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കുനേരെ ​ഗുരുതര ​ലൈം​ഗികാരോപണങ്ങൾ ഉയർന്നപ്പോൾ വലിയ ബോംബ് വരാൻ പോകുന്നുവെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചിരുന്നു. ഏത് ബോംബ് വന്നാലും അത് യുഡിഎഫിന്റെ തലയിലേ വീഴു എന്ന് അന്ന് സിപിഐ എം പറഞ്ഞു. പക്ഷേ, സതീശൻ പറഞ്ഞ ബോംബ് ഇതുപോലെ ഒന്നാണെന്ന് ആരും പ്രതീക്ഷിച്ചില്ല. പറവൂർ കേന്ദ്രീകരിച്ചാണ് ഈ ബോംബ് രൂപപ്പെട്ടത്.

കെ ജെ ഷൈനിനെയും എംഎൽഎയെയും ചേർത്തുകൊണ്ട് കേട്ടാലറയ്ക്കുന്ന തരത്തിലുള്ള കള്ളപ്രചാരവേലയാണ് യുഡിഎഫ് നടത്തിയത്. വലതുപക്ഷ രാഷ്ട്രീയം എത്രമാത്രം ജീർണമായിരിക്കുന്നു എന്നതിന്റെ തെളിവാണിത്. കേരളത്തിലെ വലതുപക്ഷശക്തികൾ സ്ത്രീകൾക്കെതിരായി നടത്തിക്കൊണ്ടിരിക്കുന്നത് ആധുനിക സമൂഹത്തിന് യോജിച്ച രീതിയതല്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കെ കെ ശൈലജയ്ക്കെതിരെയും പിന്നീട് മന്ത്രി വീണാ ജോർജിനെതിരെയും തിരുവനന്തപുരം മേയർക്കെതിരെയും എല്ലാം ഇതുപോലെ സൈബർ ആക്രമണം നടന്നിട്ടുണ്ട്. തെറ്റായ ഒന്നിനെയും അം​ഗീകരിക്കാൻ സാധിക്കില്ല. സൈബർ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നിലപാട് പൊതുസമൂഹം സ്വീകരിക്കണമെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315815/satheesan-said-a-big-bomb-was-coming-i-didnt-think-it-would-be-like-this-m-v-govindan-says-he-will-face-legal-action)