---
title: "തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുക ഹരിതചട്ടം പാലിച്ച് - സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ"
english_title: "Conduct local government elections following green norms - State Election Commission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315445/conduct-local-government-elections-following-green-norms-state-election-commission"
published_at: "2025-09-17T21:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cad85c54e2b_1.jpg"
keywords: []
---

# തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുക ഹരിതചട്ടം പാലിച്ച് - സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

> **Lead Summary:** **കോഴിക്കോട് : ** വരുന്ന തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു.

## Article Content

**കോഴിക്കോട് : ** വരുന്ന തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച കർമ്മപരിപാടിക്ക് രൂപം നൽകി. പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശമുണ്ടെങ്കിൽ ഒക്ടോബർ 10 വരെ നൽകാൻ അവസരമുണ്ടാകും.

തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ, ക്ളീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തും.

ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും നിരീക്ഷണ സമിതികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രങ്ങൾ, ഓഫീസുകൾ, തെരഞ്ഞെടുപ്പ് സാമഗ്രി വിതരണകേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഹരിതചട്ടം കർശനമായി പാലിക്കണം. ഇവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യാനായി ഹരിതകർമസേനയുടെയും ക്ളീൻകേരള കമ്പനിയുടെയും സേവനം പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഭക്ഷണവിതരണം നടത്താനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും.

സ്ഥാനാർത്ഥികൾ, രാഷ്ട്രീയപാർട്ടികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന് ഒരു പോലെ ഉത്തരവാദിത്തമുണ്ട്. ഇതിനായി പ്രത്യേക നിർദ്ദേശങ്ങൾ നൽകും. പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും ഉറപ്പാക്കണം. നിരോധിത വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് ഒക്ടോബർ 10ന് മുമ്പ് [cru.sec@kerala.gov.in](mailto://cru.sec@kerala.gov.in) എന്ന ഇ-മെയിൽ വിലാസത്തിലും, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ, ജനഹിതം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമർപ്പിക്കാം.

തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി ജോസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ് പ്രകാശ്, മറ്റു ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315445/conduct-local-government-elections-following-green-norms-state-election-commission)