---
title: "മനമുരുകാതിരിക്കാൻ; വളർത്തിയ തലമുടി വെട്ടി നൽകി വിഷ്ണു പ്രിയയുടെ നന്മ മനസ്"
english_title: "To avoid feeling sad; Vishnu Priya's good heart showed by cutting off her long hair"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315410/to-avoid-feeling-sad-vishnu-priyas-good-heart-showed-by-cutting-off-her-long-hair"
published_at: "2025-09-17T17:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caa77ef1cfc_vishnupriya.jpg"
keywords: []
---

# മനമുരുകാതിരിക്കാൻ; വളർത്തിയ തലമുടി വെട്ടി നൽകി വിഷ്ണു പ്രിയയുടെ നന്മ മനസ്

> **Lead Summary:** ശരീരം കാർന്ന് തിന്നുന്ന രോഗത്തിൽ മനമുരുകാതിരിക്കാൻ വളർത്തിയ തലമുടി വെട്ടി നൽകി വിഷ്ണു പ്രിയയുടെ നന്മ മനസ് നാടിന് മാതൃക. കാൻസർ രോഗികളായ സ്ത്രീകൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായാണ് വിഷ്ണു പ്രിയ ബി.കെ എന്ന വിദ്യാർത്ഥിനി മുടി മുറിച്ച് നൽകിയത് .

## Article Content

ശരീരം കാർന്ന് തിന്നുന്ന രോഗത്തിൽ മനമുരുകാതിരിക്കാൻ വളർത്തിയ തലമുടി വെട്ടി നൽകി വിഷ്ണു പ്രിയയുടെ നന്മ മനസ് നാടിന് മാതൃക. കാൻസർ രോഗികളായ സ്ത്രീകൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായാണ് വിഷ്ണു പ്രിയ ബി.കെ എന്ന വിദ്യാർത്ഥിനി മുടി മുറിച്ച് നൽകിയത് .

കച്ചേരിയിലെ കക്കാട്ട് നവനീതത്തിൽ വി കെ വിശ്വനാഥന്റെയും, ബിനു വിശ്വനാഥന്റെയും മകളായ വിഷ്ണു പ്രിയ ബി.കെ യാണ് തന്റെ മുടി കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി മുറിച്ച് നൽകിയത്. ബിഎഡ് കോഴ്സ് കഴിഞ്ഞ് റിസൾട്ട് കാത്ത്നിൽക്കുകയാണ് വിഷ്ണുപ്രിയ.

കച്ചേരി പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ ബ്ലഡ് ഡോണേർസ് കേരള കോർഡിനേറ്റർ വത്സരാജ് മണലാട്ട് വിഷ്ണുപ്രിയയിൽ നിന്നും മുടി ഏറ്റുവാങ്ങി. ടി.കെ രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. കാൻസർ രോഗികൾ കീമോതെറാപ്പിയെ തുടർന്ന് മുടി കൊഴിയുമ്പോൾ സ്വാഭാവിക മുടി കൊണ്ട് വിഗ്ഗ് തയ്യാറാക്കി സൗജന്യമായി രോഗികളായ സ്ത്രീകൾക്ക് നൽകി ആത്മധൈര്യം നൽകുന്ന അമല മെഡിക്കൽ കോളജ് ആശുപത്രി ബ്ലഡ് ഡോണേർസ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് കേശദാനം സ്നേഹദാനം.

30 സെന്റിമീറ്റർ നീളത്തിൽ എണ്ണമയമില്ലാത്ത കഴുകി ഉണക്കിയ ഡൈ ചെയ്യാത്ത മുടിയാണ് ഇതിന് നൽകേണ്ടത്. രക്തദാനം, അവയവ ദാനം പോലെ മഹത്തായ സന്ദേശമാണ് കേശദാനം സ്നേഹദാനം എന്ന ഈ പദ്ധതിയും നൽകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315410/to-avoid-feeling-sad-vishnu-priyas-good-heart-showed-by-cutting-off-her-long-hair)