---
title: "മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ടു; മരണം വിഷവാതകം ശ്വസിച്ച്"
english_title: "Sanitation worker killed while cleaning a garbage pit death due to inhaling toxic gas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315351/sanitation-worker-killed-while-cleaning-a-garbage-pit-death-due-to-inhaling-toxic-gas"
published_at: "2025-09-17T13:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca7152cc3f1_jkjk.jpg"
keywords: []
---

# മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ടു; മരണം വിഷവാതകം ശ്വസിച്ച്

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** ) **ഡൽഹിയിൽ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ കാശ്​ഗഞ്ച് സ്വദേശി അരവിന്ദാണ് മരിച്ചത്. മൂന്ന് പേരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെ ഡൽഹി അശോക് വിഹാറിലാണ് അപകടം.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** ) **ഡൽഹിയിൽ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ കാശ്​ഗഞ്ച് സ്വദേശി അരവിന്ദാണ് മരിച്ചത്. മൂന്ന് പേരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെ ഡൽഹി അശോക് വിഹാറിലാണ് അപകടം.

അശോക് വിഹാറിലുള്ള അപ്പാർട്ട്മെന്റിന് സമീപത്തെ മാലിന്യക്കുഴി രാത്രിയോടെ തൊഴിലാളികൾ വൃത്തിയാക്കുകയായിരുന്നു. മാലിന്യക്കുഴി തുറന്നപ്പോൾ പുറന്തള്ളിയ വിഷവാതകം ശ്വസിച്ചതോടെ തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അരവിന്ദിനെ ദീൻ ദയാൽ ഉപാധ്യായ (ഡിഡിയു) ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കാശ്​ഗഞ്ച് സ്വദേശികളായ സോനു, നാരായണ, എന്നിവരും ബിഹാർ സ്വദേശിയായ നരേഷുമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മൂന്ന് പേരുടേയും ആരോ​ഗ്യ നില ​ഗുരുതരമാണെന്നും തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

കുറച്ച് ദിവസങ്ങളായി ഒരു നിർമാണ കമ്പനിക്കായി പ്രദേശത്തെ മാലിന്യ ക്കുഴികൾ തൊഴിലാളികൾ വൃത്തിയാക്കുകയായിരുന്നു. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ബിഎൻഎസ് സെക്ഷൻ 106(1) (അശ്രദ്ധ മൂലമുള്ള മരണം), 289 (മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ച് അശ്രദ്ധമായി പ്രവർത്തിക്കുക), 337 (വ്യാജ രേഖകൾ അല്ലെങ്കിൽ ഇലക്ട്രോണിക് രേഖകൾ നിർമിക്കുക), 2013 ലെ തോട്ടിപ്പണി നിരോധന, പുനരധിവാസ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിർമാണ കമ്പനിയുടെ മാനേജരെ പൊലീസ് ചേദ്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315351/sanitation-worker-killed-while-cleaning-a-garbage-pit-death-due-to-inhaling-toxic-gas)