---
title: "'പ്രതീക്ഷിച്ച ജീവിതമല്ല കിട്ടിയത്';  യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;  ഭർത്താവ് അറസ്റ്റിൽ"
english_title: "Husband arrested in connection with woman found hanging in Puthupariyaram Poochira"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315280/husband-arrested-in-connection-with-woman-found-hanging-in-puthupariyaram-poochira"
published_at: "2025-09-17T08:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca21b137db7_arrest.jpg"
keywords: []
---

# 'പ്രതീക്ഷിച്ച ജീവിതമല്ല കിട്ടിയത്';  യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;  ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** പുതുപ്പരിയാരം പൂച്ചിറയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പൂച്ചിറ സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നടപടി.

## Article Content

പുതുപ്പരിയാരം പൂച്ചിറയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പൂച്ചിറ സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നടപടി.

മാട്ടുമന്ത ചോളോട് സിഎൻ പുരം സ്വദേശിനി മീരയാണ്‌ (32) ബുധനാഴ്ച രാവിലെ അനൂപിന്റെ വീട്ടിൽ മരിച്ചത്. അനൂപിന്റെയും മീരയുടെയും രണ്ടാം വിവാഹമാണ്. ഒരു വർഷം മുമ്പാണ് വിവാഹം നടന്നത്. ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മീരയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മരണത്തിന്റെ തലേന്ന് ഭർത്താവുമായി പിണങ്ങി മീര മാട്ടുമന്തയിലെ വീട്ടിലെത്തിയിരുന്നു. അന്ന് രാത്രിതന്നെ അനൂപ് മീരയുടെ വീട്ടിലെത്തി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിറ്റേന്ന് രാവിലെയാണ് അടുക്കളഭാഗത്തെ വർക്ക് ഏരിയയിലെ സീലിങ്ങിൽ മീരയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ അനൂപിന്റെ വീട്ടിൽനിന്ന് മീരയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. അനൂപിന് തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞെന്നും പരിഗണിക്കുന്നില്ലെന്നും പ്രതീക്ഷിച്ച ജീവിതമല്ല കിട്ടിയതെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ഗുരുതര ആരോപണങ്ങൾ കുറിപ്പിലില്ലെന്നായിരുന്നു പോലീസിന്റെ ആദ്യനിലപാടെങ്കിലും പിന്നീട് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അനൂപിനെ റിമാൻഡ് ചെയ്തു. ഫുഡ്ഡ് ഡെലിവറിയാണ് അനൂപിന്റെ ജോലി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315280/husband-arrested-in-connection-with-woman-found-hanging-in-puthupariyaram-poochira)